KERALANEWSTop NewsUncategorized

നാർക്കോട്ടിക് ജിഹാദ് വിവാദം ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചർച്ച നടത്തണം; മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്ന് യാക്കോബായ സഭ നിരണം ‌ഭദ്രാസനാധിപൻ

പത്തനംതിട്ട: കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്‌ക്കെതിരെ മലങ്കര യാക്കോബായ സഭ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മത നേതാക്കളുമായി ചർച്ച നടത്തണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. തർക്കം തുടർന്നാൽ ഗുണഫലം അനുഭവിക്കുന്നത് ഫാസിസ്റ്റ് ശക്തികൾ ആയിരിക്കും. എന്നും ഭൂരിപക്ഷ വർഗീയതക്ക് മുന്നിൽ ന്യൂനപക്ഷങ്ങൾ ഇരകളാക്കപ്പെടുന്നു.

ന്യൂനപക്ഷങ്ങളെ വിഘടിപ്പിക്കുക എന്നതാണ് സവർണ ഫാസിസ്റ്റുകളുടെ നയമെന്നും അദ്ദേഹം പറഞ്ഞു. നാർക്കോട്ടിക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് ഉന്നയിക്കുന്നവർ പൊലീസിനെ അറിയിക്കാൻ തയ്യാറാവണമെന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. നാർക്കോട്ടിക് പ്രശ്‌നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം സ്വാഗതം ചെയ്തു.

മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് അഭിവാദ്യങ്ങളെന്നും കൂറിലോസ് പറഞ്ഞു. നാർക്കോട്ടിക് ജിഹാദ് ആദ്യമായി കേൾക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സമൂഹത്തിൽ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാക്കാതിരിക്കുക എന്നത് പ്രധാനമാണെന്നും അത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.‘നാർക്കോട്ടിക് ഏതെങ്കിലും ഒരു മതത്തെ ബാധിക്കുന്നതല്ല. സമൂഹത്തെയാകെ ബാധിക്കുന്നതാണ്.

അതിനെതിരെ സർക്കാർ ബോധവാൻമാരാണ്,’ അദ്ദേഹം പറഞ്ഞു. നാർക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറമില്ലെന്നും അതിന് സാമൂഹിക വിരുദ്ധതയുടെ നിറം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പാലാ ബിഷപ്പ് എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ക്രിസ്ത്യൻ യുവാക്കൾക്കെതിരെ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക്സ് ജിഹാദും നടക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.

ചെറിയ പ്രായത്തിൽ തന്നെ മറ്റു മതത്തിലെ കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് നാർകോട്ടിക്സ് ജിഹാദ് നടക്കുന്നതെന്നും ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിലുണ്ടെന്നുമായിരുന്നു ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം.മുസ്‌ലിങ്ങളല്ലാത്തവരെ നശിപ്പിക്കണമെന്നും മതവ്യാപനം നടത്തണമെന്നുമുള്ള ലക്ഷ്യത്തോടെയുള്ള ജിഹാദിന് കേരളത്തിൽ നിലവിൽ ഉപയോഗിക്കുന്ന പ്രധാന മാർഗങ്ങളാണ് ലവ് ജിഹാദും നാർകോട്ടിക്സ് ജിഹാദുമെന്നാണ് ജോസഫ് കല്ലറങ്ങോട്ട് പറയുന്നത്.

കേരളത്തിൽ ആയുധങ്ങൾ ഉപയോഗിച്ച് കാര്യങ്ങൾ നടക്കില്ലെന്ന് മനസിലായപ്പോഴാണ് ഇത്തരം മാർഗങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതെന്നും ബിഷപ്പ് പറഞ്ഞു. എട്ട് നോമ്പിനടുബന്ധിച്ച് കുറുവിലങ്ങാട് പള്ളിയിൽ വെച്ചു നടത്തിയ പ്രസംഗത്തിനിടയിലാണ് ബിഷപ്പിന്റെ വിവാദ പ്രസ്താവന. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ടെന്നാണ് ബിഷപ്പ് പറയുന്നത്. കോളേജുകളെയും സ്‌കൂളുകളെയും കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് മറ്റു താൽപര്യങ്ങളുണ്ടെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മുസ്ലിം ആശയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹലാൽ വിവാദം പോലുള്ള സംഭവങ്ങളെന്നും ഇത്തരത്തിൽ വിവിധ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ കേരളത്തിൽ ജിഹാദി സ്ലീപ്പർ സെല്ലുകളുണ്ടെന്ന പ്രസ്താവനയും കല്ലറങ്ങാട്ട് പരാമർശിക്കുന്നുണ്ട്. അതേസമയം പാലാ ബിഷപ്പിനെതിരെ മതസ്പർധ വളർത്താൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഡൽഹി സർവകലാശാലയിലെ നിയമവിദ്യാർത്ഥിയും എം.എസ്.എഫ് ദൽഹി വൈസ് പ്രസിഡന്റുമായ അഫ്‌സൽ യൂസഫാണ് പരാതിക്കാരൻ. തൃശ്ശൂർ പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close