EducationKERALANEWS

നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ പാസായാൽ പിന്നെ പഠനം സർക്കാർ ചിലവിൽ; പത്താം ക്ലാസുകാർക്ക് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ നടത്തുവാൻ എൻസിഇആർടിയുടെ നിർദേശം. സ്കൂൾ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്കോളർഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷയാണിത്. സ്റ്റേറ്റ് സിലബസ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രിയ വിദ്യാലയം, നവോദയ വിദ്യാലയം സ്കൂളുകളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരീക്ഷയ്ക്കായി അപേക്ഷിക്കാനാകുക. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് മുതൽ ഡോക്ടറേറ്റ് വരെയുള്ള പഠന സമയത്ത് സ്കോളർഷിപ്പ് ലഭിക്കും.

ഓപ്പൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒക്ടോബർ മാസം മുതൽ http://scertkerala.gov.in ൽ അപേക്ഷകൾ ഓൺലൈനായി ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾ എസ് സി ഇ ആർ ടി വെബ്സൈറ്റിൽ ലഭ്യമാണ്.

നാഷണൽ ടാലന്റ് സെർച്ച് എക്സാം സ്റ്റേജ് 2 പരീക്ഷ ജൂൺ 13 ന് നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡിന്റെ രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവെക്കേണ്ടി വന്നു. പുതിയ ഷെഡ്യൂൾ അനുസരിച്ച്, NTSE സ്റ്റേജ് 2 പരീക്ഷ 2021 ഒക്ടോബർ 24 ന് (ഞായറാഴ്ച) രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. അതാത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ശുപാർശ ചെയ്യുന്ന വിദ്യാർത്ഥികളെ മാത്രമേ സ്റ്റേജ് 2 പരീക്ഷയിൽ പങ്കെടുക്കാൻ അനുവദിക്കൂ.

പരീക്ഷ ജയിച്ചാൽ തുടർ പഠനം സ്കോളർഷിപ്പോടെ നടത്താം എന്നതാണ് ഇതിന്റെ പ്രത്യേകത. നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (NCERT) ആണ് പരീക്ഷ നടത്തുന്നത്. മുൻപ് എട്ടാം ക്‌ളാസ്സുകാർക്ക് പങ്കെടുക്കാമായിരുന്ന ഈ പരീക്ഷ 2012 മുതൽ പത്താം ക്‌ളാസ്സുകാർക്ക് മാത്രം പങ്കെടുക്കാവുന്ന രണ്ട് സ്റ്റേജുകളാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്.

പരീക്ഷാ രീതി

സ്റ്റേജ് 1, സ്റ്റേജ് 2 എന്നിങ്ങനെ രണ്ട് തരമുണ്ട്. സ്റ്റേജ് 1-ന്റെ നടത്തിപ്പ് ചുമതല അതാത് സംസ്ഥാനത്തിനും, സ്റ്റേജ് 2-ന്റെ നടത്തിപ്പ് എൻസിഇആർടി ക്കുമാണ്. സംസ്ഥാനത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ആർക്കും സ്റ്റേജ് 1-ന് അപേക്ഷിക്കാൻ അർഹതയുണ്ട്. സ്റ്റേജ് 1 വിജയിച്ചവർക്കാണ് സ്റ്റേജ് 2-ന് അപേക്ഷിക്കുവാൻ കഴിയുക.

മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT), ലാംഗ്വേജ് ടെസ്റ്റ് (LT) (ഇം​ഗ്ലീഷും ഹിന്ദിയും), സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT) എന്നിങ്ങനെ മൂന്ന് ടെസ്റ്റുകളാണുള്ളത്. MAT, LT എന്നിവക്ക് 50 മാർക്കിന്റേയും SAT ന് 100 മാർക്കിന്റേയും ചോദ്യങ്ങളാണുണ്ടാവുക. സ്റ്റേജ് 2-ന് 1/3 എന്ന കണക്കിൽ നെഗറ്റീവ് മാർക്കുണ്ടാകും. MAT, LT എന്നിവക്ക് 45 മിനിട്ട് സമയം വീതവും, SAT ന് 90 മിനിട്ട് സമയവുമാണുണ്ടാവുക.

MAT-ൽ സ്വന്തമായി ചിന്തിക്കുവാനും, വിശകലനം ചെയ്യുവാനും, വകതിരിക്കുവാനും ക്രമം മനസ്സിലാക്കുവാനും, ഗ്രാഫ്-ഡയഗ്രം എന്നിവ കണ്ടാൽ കാര്യം ഗ്രഹിക്കുവാനും, പ്രതിസന്ധികൾക്ക് പരിഹാരം കാണുവാനുള്ള കഴിവുകൾ അളക്കുവാനുള്ള ചോദ്യങ്ങളാണുണ്ടാവുക. ചിത്രങ്ങളുള്ള ചോദ്യങ്ങളുമുണ്ടാവും (Non Verbal). ചോദ്യങ്ങളുമായി പരിചയപ്പെടുവാനുള്ള പുസ്തകങ്ങൾ ലഭ്യമാണ്. ഈ പരിചയം തുടർന്ന് അഭിമുഖീകരിക്കേണ്ട മത്സര പരീക്ഷകൾക്ക് മുതൽക്കൂട്ടാവുകയും ചെയ്യും.

SAT-ൽ ക്ലാസ്സിൽ പഠിപ്പിക്കുന്ന വിഷയങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഓർമ്മ ശക്തിയളക്കുന്ന തരം ചോദ്യങ്ങളല്ല, മറിച്ച് പഠിച്ചവ സ്വന്തമായി പ്രയോഗിക്കുന്ന പാടവം കണ്ടെത്തുന്ന ചോദ്യങ്ങളായിരിക്കുമുള്ളത്. LT-ൽ പരീക്ഷക്ക് പാസായാൽ മതിയാകും. ഇതിന്റെ മാർക്ക് ഫൈനൽ മാർക്കിന്റെ കൂടെ കൂട്ടത്തില്ല. തുടർന്ന് അഭിമുഖവുമുണ്ടാകും. ചോദ്യങ്ങളുടെ മാതൃക NCERT യുടെ വെബസൈറ്റിലുണ്ട്. പരീക്ഷ ഒബ്ജക്ടീവ് മാതൃകയിലുള്ളതായിരിക്കും.

Tags
Show More

Related Articles

15 Comments

  1. Iam Fathima Hiba. Student of Concord English higher secondary school. I am studying in 10th standard

Leave a Reply

Your email address will not be published.

Back to top button
Close