INDIANEWSUncategorized

നവജ്യോത് സിം​​ഗ് സിദ്ധു നിരാഹാരം അവസാനിപ്പിച്ചു; അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചത് ആശിഷ് മിശ്ര ചോ​ദ്യം ചെയ്യലിന് ഹാജരായതിന് പിന്നാലെ

ലഖ്​നൗ: ലഖിംപുർ ഖേരി കേസിൽ നടപടി ആവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത്​ സിങ് സിദ്ദു നടത്തിയ ഉപവാസസമരം അവസാനിപ്പിച്ചു. കേന്ദ്ര മന്ത്രിയുടെ മകൻ ആശിഷ് മിശ്ര അന്വേഷണത്തിനായി ക്രൈംബ്രാഞ്ച്​ ഓഫീസിൽ ഹാജരായതിന് പിന്നാലെയാണ് സിദ്ദു ഉപവാസ സമരം അവസാനിപ്പിച്ചത്. വാഹനമിടിച്ച് മരിച്ച കർഷകരിലൊരാളായ രമൻ കശ്യപിന്‍റെ കുടുംബത്തോടൊപ്പം ഇന്ന് മുതലാണ് സിദ്ദു സമരം തുടങ്ങിയത്​.

‘ആശിഷ്​ മിശ്ര അന്വേഷണ സംഘത്തിന്‍റെ മുന്നിൽ ഹാജരായതിനാൽ രമൻ കശ്യപിന്‍റെ കുടുംബത്തിനോടൊപ്പം തുടങ്ങിയ നിരാഹാരം ഞാൻ അവസാനിപ്പിക്കുകയാണ്’ എന്ന്​ സിദ്ദു ട്വീറ്റ്​ ചെയ്​തു. ഇന്നലെയാണ് ലഖിംപൂരിൽ ആക്രമത്തിൽ മരിച്ച മാധ്യമപ്രവർത്തകന്റെ വീട്ടിലിരുന്ന് പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ദു അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആഷിഷ് മിശ്രയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരുമെന്ന് സിദ്ദു അറിയിച്ചിരുന്നത്.

അതേ സമയം മുഖ്യ പ്രതിയെന്ന് എഫ്ഐആറിൽ ചേർത്തിരിക്കുന്ന ആശിഷ് മിശ്ര ഇന്ന് ചോദ്യംചെയ്യലിന് ഹാജരായി. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പിൻവാതിൽ വഴിയാണ് കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. ഗുരുതരമായ എട്ട് കുറ്റങ്ങളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

തന്റെ മകൻ ഇന്ന് ഹാജരാകുമെന്ന് കേന്ദ്രമന്ത്രി അജയ് മിശ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്നലെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് ആശിഷ് മിശ്ര വിട്ടു നിന്നിരുന്നു. അജയ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് യുപി സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കൊലപാതകം അടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇന്നലെ ലഖിംപൂര്‍ കേസിൽ യുപി സർക്കാരിനെതിരെ സുപ്രീകോടതി രൂക്ഷ വിമർശനമാണ് നടത്തിയത്. കർഷകർ വാഹനം ഇടിച്ചുകയറി മരിച്ച സംഭവത്തിൽ സർക്കാർ ഇതുവരെ സ്വീകരിച്ച നിലപാടുകളിൽ തൃപ്തിയില്ലെന്ന് സുപ്രീം കോടതി അഭിപ്രായപെട്ടു. കേസിലെ തെളിവുകളെല്ലാം സംരക്ഷിക്കാനും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ഉത്തര്‍പ്രദേശ് ഡിജിപിക്ക് നിര്‍ദേശം നല്‍കി.

വാഹനമിടിച്ച് എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളണമെന്നും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്നും സുപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. വാഹനം ഓടിച്ച് കയറ്റിയെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയെ പിടിക്കൂടാത്തതെന്തെന്ന് കോടതി ചോദിച്ചു. മുഖ്യപ്രതിയെന്ന് എഫ്ഐആറിൽ പറയുന്ന ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നാണ് യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതിനെതിരെ കോടതി രൂക്ഷവിമര്‍ശനമുയർത്തുകയായിരുന്നു.

കൊലക്കേസ് പ്രതിക്ക് എന്ത് നോട്ടീസെന്നും കൊലപാതകക്കേസില്‍ പ്രതികളെയെല്ലാം പിടികൂടുന്നത് നോട്ടീസ് നല്‍കിയാണോയെന്നും കോടതി ചോദിച്ചു. ആശിഷ് മിശ്ര ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം തേടിയതായി യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ അറിയിച്ചു. ഇന്ന് രാവിലെ 11 മണി വരെ സമയം നല്‍കിയിട്ടുയുണ്ടെന്നും, എന്നിട്ടും ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാൽ ഈ വാദം കേട്ട കോടതി, മറ്റു കൊലക്കേസ് പ്രതികളോടും യുപി സർക്കാർ സമാനമായ നിലപാടാണോ സ്വീകരിക്കുകയെന്ന് ചോദിച്ചു. കൊലക്കുറ്റം ചുമത്തിയ കേസുകളിലെല്ലാം സാധാരണ ഇത്രയും ഉദാര സമീപം ഉണ്ടാകുമോ എന്നും എന്ത് സന്ദേശമാണ് യുപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും വിമർശിച്ചു.

എല്ലാ കൊലക്കേസ് പ്രതികളെയും പോലെ തന്നെ ഇതും പരിഗണിക്കണമെന്നും കേസില്‍ ഉള്‍പ്പെട്ടവര്‍ ഉന്നതരായതിനാല്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തിൽ കാര്യമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേസില്‍ എത്രയും വേഗം നടപടി ഉണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 20 നാണ് കേസ് പരിഗണിക്കുന്നത്. അന്ന് ആദ്യ കേസായിത്തന്നെ ലഖിംപൂര്‍ കേസ് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close