INDIANEWS

തന്റെ നീക്കങ്ങൾ നിരീക്ഷിക്കപ്പെടുന്നു; പരാതി നൽകി സമീർ വാങ്കഡെ

മുംബൈ: തന്റെ നീക്കങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുവെന്ന ആരോപണവുമായി ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസ് അന്വേഷിക്കുന്ന നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) യിലെ ഉന്നത ഉദ്യഗസ്ഥന്‍. എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡേ ആണ് മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുത്ത ജയിനും മഹാരാഷ്ട്ര പോലീസ് മേധാവിയുടെ ഓഫീസിലെത്തി പരാതി നല്‍കി. ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനാണ് സമീർ വാങ്കഡെ.

സമീര്‍ വാങ്കഡെയുടെ മാതാവിനെ അടക്കം ചെയ്തിരിക്കുന്നതും അദ്ദേഹം പതിവായി സന്ദര്‍ശിക്കുന്നതുമായ സെമിത്തേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെടുന്ന രണ്ടുപേര്‍ ശേഖരിച്ചതായി ഏജന്‍സി വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച വാങ്കഡെ വിഷയം ഗൗരവകരമാണെന്ന് പറഞ്ഞു. സംഭവത്തില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നും പറയാനുള്ളതെല്ലാം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മുത്ത ജയിനും പറഞ്ഞു.

ഔദ്യോഗികമായൊരു പ്രതികരണത്തിന് സമീർ വാങ്കഡേ ഇതുവരെ തയ്യാറായിട്ടില്ല. ആര്യൻ ഖാനടക്കം പ്രതിയായ ലഹരി മരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് ഉന്നയിച്ചിരുന്നു. മുംബൈ പൊലീസോ സർക്കാർ നിയോഗിക്കുന്ന പ്രത്യേക കമ്മീഷനോ കേസിൽ സമാന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതാണ്. നാർകോടിക്സ് ബ്യൂറോയ്ക്കെതിരായ എൻസിപി നിലപാടിനൊപ്പമാണ് കോൺഗ്രസും ശിവസേനയും. ഈ വിവാദത്തിനിടൊണ് സമീർ വാങ്കഡേയുടെ ഈ പരാതി.

എൻസിബി ഉദ്യോഗസ്ഥനെ പിന്തുടരാൻ ഉത്തരവുകളൊന്നുമില്ല എന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് പാട്ടീൽ ഇന്നലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേ സമയം ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയിലെ വാദം പ്രത്യേക കോടതിയില്‍ ബുധനാഴ്ച നടക്കും. മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രത്യേകകോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകര്‍ അമിത് ദേശായും സതീഷ് മാനെ ഷിന്ദേയുമാണ് നടന്‍ ഷാരൂഖ് ഖാന്റെ മകനായ ആര്യന്‍ ഖാന് വേണ്ടി പ്രത്യേക കോടതിയില്‍ ഹാജരായത്. ലഹരിവസ്തു പിടിച്ചെടുക്കാതെ ഇത്രയുംദിവസം കസ്റ്റഡിയില്‍ കിടക്കേണ്ടിവരുന്ന ആദ്യത്തെ ആളാണ് ആര്യന്‍ ഖാനെന്നും ജാമ്യാപേക്ഷയില്‍ അടുത്തദിവസം തന്നെ തീര്‍പ്പുകല്‍പ്പിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു.

കഴിഞ്ഞവര്‍ഷം നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് സമീര്‍ വാങ്കെഡെ എന്ന എന്‍.സി.ബി. ഉദ്യോഗസ്ഥന്‍ വാര്‍ത്തകളിലിടം നേടുന്നത്. നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിച്ച കേസില്‍ ഒട്ടേറെ പ്രമുഖരെയാണ് എന്‍.സി.ബി. സംഘം ചോദ്യംചെയ്തത്. മുംബൈ കേന്ദ്രീകരിച്ചുള്ള പല മയക്കുമരുന്ന് വില്‍പ്പനക്കാരും പിന്നീട് പിടിയിലാവുകയും ചെയ്തു. എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടാറയ സമീര്‍ വാങ്കെഡെയായിരുന്നു ഈ ഓപ്പറേഷനുകള്‍ക്കെല്ലാം നേതൃത്വം വഹിച്ചിരുന്നത്.

കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ക്ക് യാതൊരു ഇളവും നല്‍കാത്ത ഉദ്യോഗസ്ഥനായിരുന്നു സമീര്‍ വാങ്കെഡെ. വിദേശരാജ്യങ്ങളില്‍നിന്ന് കൊണ്ടുവരുന്ന വസ്തുക്കള്‍ കൃത്യമായ നികുതി ഈടാക്കാതെ വിട്ടുനല്‍കിയിരുന്നില്ല. മഹാരാഷ്ട്ര സര്‍വീസ് ടാക്സ് വിഭാഗത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ നികുതി അടയ്ക്കാത്തതിന് രണ്ടായിരത്തിലേറെ പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പല പ്രമുഖരും ഉള്‍പ്പെട്ടിരുന്നു. എന്‍.സി.ബി.യില്‍ ചുമതലയേറ്റെടുത്ത ശേഷം ഏകദേശം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് സമീര്‍ വാങ്കെഡെയുടെ നേതൃത്വത്തില്‍ നടന്നത്. കേസുകളുമായി ബന്ധപ്പെട്ട് പല പ്രമുഖരുടെയും വസതികളില്‍ യാതൊരു മടിയും കൂടാതെ അദ്ദേഹം പരിശോധന നടത്തി. ഉന്നതരാണെങ്കിലും അദ്ദേഹം വിട്ടുവീഴ്ച കാണിച്ചില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close