INDIANEWSTop News

പഞ്ചാബിന് ആദ്യ ദളിത് മുഖ്യമന്ത്രി; ചരൺജിത്ത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്തു; ക്യാപ്റ്റൻ വിട്ടുനിന്ന സത്യപ്രതിജ്ഞാചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു

പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത്ത് സിംഗ് ചന്നി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പഞ്ചാബിന്റെ ചരിത്രത്തിലെ ആദ്യ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് മാറി. ഉപമുഖ്യമന്ത്രിമാരായി എ എസ് രൺധാവ, ഓ പി സോണി എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ചടങ്ങിൽ നിന്ന് വിട്ടു നിന്നു. അതേസമയം രാഹുൽ ഗാന്ധി പങ്കെടുത്തു. സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് ശേഷം, ചരണ്‍ജിത് അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തും.

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോതി സിംഗുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് രാജി വെച്ചത്. ആദ്യം ഇപ്പോഴത്തെ ജയിൽ, സഹകരണ വകുപ്പ് മന്ത്രിയായിരുന്ന സുഖ്ജിന്ദർ സിംഗ് മുഖ്യമന്ത്രിയാകുമെന്ന് പറഞ്ഞിരുന്നു. എങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ല. ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്താണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

അമരീന്ദർ മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ചരൺജിത്ത് സിംഗ് ചന്നിക്കായിരുന്നു. അമരീന്ദറിനെതിരെ സിദ്ദുവിനൊപ്പം ഇദ്ദേഹവും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പഞ്ചാബിന്റെ ആദ്യ ദളിത് മുഖ്യമന്ത്രിയായി മാറി ചരൺജിത്ത് സിംഗ് ചന്നി.

അതേസമയം പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ചയാണ് പുതിയ പഞ്ചാബ് മുഖ്യമന്ത്രിയായി ചരണ്‍ ജീത് സിംഗിനെ പ്രഖ്യാപിച്ചത്. ‘പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി ചരണ്‍ജീത് സിംഗിന് അഭിനന്ദനങ്ങള്‍. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികളെ സുരക്ഷാ ഭീഷണികളില്‍ നിന്നൊക്കെ സംരക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ’. അമരീന്ദര്‍ സിംഗ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അമരീന്ദര്‍ സിംഗ് രാജി വച്ചത്. അമരീന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം.എല്‍.എ മാര്‍ ഹൈക്കമാന്‍റിന് കത്തയച്ചിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് പാർട്ടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന ആന്തരിക സംഘർഷങ്ങളാണ് അമരീന്ദര്‍ സിംഗിന്‍റെ രാജിയില്‍ കലാശിച്ചത്. 117 അംഗ നിയമസഭയിൽ കോൺഗ്രസിന് 89 എംഎൽഎമാരാണ് ഉള്ളത്. ഇതിൽ അമരീന്ദറിനോട് അതൃപ്തിയുള്ള 50 ലേറെ പേരാണ് സോണിയയ്ക്ക് കത്തയച്ചത് . കഴിഞ്ഞ മാസം രണ്ട് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അമരിന്ദറിനെതിരെ കലാപക്കൊടി ഉയർത്തിയെങ്കിലും ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close