INDIANEWSTop News

സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ചുമതലയേറ്റു; രാജ്യത്തെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി ബി. വി നാഗരത്‌ന; മലയാളിസാന്നിധ്യമായി സി. ടി രവികുമാർ സുപ്രീം കോടതി ജഡ്ജി

ന്യൂഡൽഹി: സുപ്രീം കോടതിയുടെ പുതിയ ഒൻപത് ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി. ടി രവികുമാര്‍ ഉള്‍പെടെ ഒൻപത് ജഡ്ജിമാരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി ചുമതലയ്ക്കുന്നത്. കോടതിയുടെ ചരിത്രത്തിലാദ്യമായി ഒരേസമയം മൂന്ന് വനിതാ ജഡ്ജിമാരും സത്യവാചകം ചൊല്ലി ചുമതലയേൽക്കുന്നു. രാവിലെ 10.30ന് നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എന്‍. വി രമണ സത്യവാചകം ചൊല്ലികൊടുത്തു.

കര്‍ണാടക ഹൈക്കോടതി ജഡ്ജി ബി. വി നാഗരത്‌ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോഹ്ലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേലാ ത്രിവേദി എന്നിവരാണ് വനിതാ ജഡ്ജിമാര്‍. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ഓക, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രം നാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ. കെ. മഹേശ്വരി, മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എം. എം സുന്ദരേഷ്‌ എന്നിവരും, അഭിഭാഷകരിൽ നിന്ന് മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ പി എസ് നരസിംഹയും ചുമതലയേറ്റു.

3 വനിതകൾ ഉൾപ്പെടെ 9 പുതിയ ജഡ്ജിമാർ ആണ് സുപ്രീം കോടതിയിൽ എത്തുന്നത്. പല പ്രത്യേകതകളും ഈ സത്യപ്രതിജ്ഞയ്ക്കുണ്ട്. അതിലൊന്ന് ഏറ്റവും അധികം ജഡ്ജിമാർ ഒരേ സമയം സത്യപ്രതിജ്ഞ ചെയ്യുന്നു എന്നുള്ളതാണ്. മറ്റൊന്ന്, സാധാരണ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങു ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ ആണ് നടത്തുന്നത്. എന്നാൽ കോടതി മുറിക്ക് പുറത്താണ് ഇത്തവണ സത്യപ്രതിജ്ഞ നടത്തുന്നത് എന്നതാണ്. സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായി തന്നെ ചടങ്ങു സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് സത്യപ്രതിജ്ഞ നടന്നത്.

ഇന്നത്തെ സത്യപ്രതിജ്ഞ ചടങ്ങിനെ ഇത്രയുമധികം ശ്രദ്ധേയമാക്കുന്നത് ജസ്റ്റിസ് ബി വി നാഗരത്‌നയുടെ ചുമതലയേൽക്കൽ ആണ്. 2008 മുതൽ 2021 വരെ ദീർഘ വർഷങ്ങളിൽ കർണാടക ഹൈകോടതിയിൽ ജഡ്‌ജിയായിരുന്നു. 1989 ജൂണ്‍ മുതല്‍ 1989 ഡിസംബര്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് നാഗരത്‌ന. രാജ്യത്തിന് ഒരു വനിതാ ചീഫ് ജസ്റ്റിസ് വേണമെന്നത് ഏറെക്കാലമായി ഉയരുന്ന ആവശ്യമാണ്. ഇന്ത്യയ്ക്ക് വനിതാ ചീഫ് ജസ്റ്റിസ് വരാനുള്ള കാലം സമാഗതമായെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ വിരമിക്കുന്ന ഘട്ടത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് എന്‍. വി രമണയും സമാനമായ നിലപാടാണു സ്വീകരിച്ചിരുന്നത്. ചുരുങ്ങിയ കാലയളവിലേക്ക് ആണെങ്കിലും രാജ്യത്തിന്റെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആയി ബി വി നാഗരത്‌ന സേവനമനുഷ്ടിക്കും.

മലയാളിയായ സി. ടി രവികുമാർ സുപ്രീം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് മറ്റൊരു ശ്രദ്ധേയമായ വിഷയമാണ്. മാവേലിക്കര സ്വദേശിയാണ് അദ്ദേഹം. 1986 ഇൽ പ്രാക്ടീസ് ചെയ്യാൻ ആരംഭിച്ചു. 2009 ഇൽ ഹൈക്കോടതി ജഡ്‌ജിയായി ചുമതലയേറ്റെടുത്തു. ഇപ്പോൾ ഒരു ബെഞ്ച് ക്ലർക്കിന്റെ മകൻ ആയിരുന്ന താൻ ആണ് സുപ്രീംകോടതി ജഡ്ജിയായി ആകാൻ പോകുന്നത് എന്ന് ഹൈക്കോടതിയിലെ വിടവാങ്ങൽ ചടങ്ങിൽ പറഞ്ഞിരുന്നു. സി. ടി രവികുമാർ ‘സി.ടി.ആർ’ എന്നാണ് നിയമ വൃത്തങ്ങളിൽ അറിയപ്പെടുന്നത്.

9 ജഡ്ജിമാർ കൂടെ സുപ്രീം കോടതിയിൽ എത്തുന്നതോടെ ആകെ ജഡ്ജിമാരുടെ എണ്ണം 33 ആകും. ഇതിൽ വനിതാ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 4 ആയി ഉയരും. 34 ജഡ്ജിമാർ ആണ് ആകെ വേണ്ടത്. അടുത്തകാലത്തു വിരമിച്ച ജസ്റ്റിസ് നവീൻ സിൻഹയുടെ ഒഴിവാണ് അവശേഷിക്കുന്നത്. ജഡ്ജിമാരുടെ ഒഴിവുകൾ കുറയുന്നതോടെ കോടതി നടപടികൾക്ക് വേഗം കൂടുമെന്നു പ്രതീക്ഷിക്കാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close