INDIANEWSTop News

പ്രളയം കവർന്ന വീട്ടിൽ നിന്ന് കഷ്ടപ്പെട്ട് പഠിച്ചത് നല്ലൊരു നാളെ സ്വപ്നം കണ്ട്; പ്രണയപകയിൽ പൊലിഞ്ഞത് പഠിച്ചും പണിയെടുത്തും വലിയ സ്വപ്നം കണ്ട് വളർന്നുവന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷ

വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരയ്ക്കൽ ബിന്ദുവിന്റെ ഏക മകളായിരുന്നു നിഥിന മോൾ. പ്രണയപകയ്ക്ക് ഇരയായി വീണ്ടും ഒരു കൊലപാതകം കൂടി കേരളത്തിൽ അരങ്ങേറിയപ്പോൾ ആ അമ്മയ്ക്ക് നഷ്ടപെട്ടത് കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ്. അമ്മയും മകളും മാത്രമാണ് അവരുടെ കൊച്ചു വീട്ടിൽ താമസിച്ചതിരുന്നത്. അച്ഛൻ ഏറെ നാളുകളായി ഇവരിൽ നിന്നും അകന്നുകഴിയുകയാണ്.

ഏഴ് വർഷം മുൻപാണ് വടയാർ വല്ലകം ഭാഗത്ത് നിന്ന് ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് ഇവർ താമസം മാറി വന്നത്. 2018 വെളളപൊക്കത്തി​ന്റെ സമയത്ത് ആകെ വെള്ളം കേറിയ വീട് വ്യവസായിയായ ജോയ് ആലുക്കാസ് സഹായത്തോടെ പുതുക്കി പണിതതാണ്. വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ബിന്ദുവിന്റെ തുച്ഛമായ ശമ്പളത്തിലൂടെയാണ് കുടുംബം മുൻപോട്ട് പോയിരുന്നത്. ശാരീരിക അവശതകൾ കാരണം ബിന്ദുവിന് ജോലിക്ക് പോകാൻ പലപ്പോഴും സാധിച്ചിരുന്നില്ല. അമ്മയുടെ ചികിത്സയ്ക്കായും കുടുംബം കഴിഞ്ഞുപോകാനുമായി നിതിനമോളും പാർട്ട് ടൈം ജോലിക്ക് പോയിരുന്നു.

നാട്ടിൽ എല്ലാവർക്കും നല്ല അഭിപ്രായം മാത്രമുള്ള മിടുക്കിയായ പെൺകുട്ടിയായിരുന്നു നിഥിനയെന്നും എല്ലാവരോടും നല്ല സ്നേഹത്തിലാണ് ഇടപെട്ടിരുന്നതെന്നും തലയോലപ്പറമ്പ് പഞ്ചായത് മെമ്പർ ജോസ് പറഞ്ഞു. പ്രണയപകയിൽ സഹപാഠിയുടെ കത്തിതുമ്പിൽ കുടുംബത്തിന്റെ ആകെയുള്ള പ്രതീക്ഷയാണ് ഇന്ന് ഇല്ലാതായത്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് പാല സെന്റ് തോമസ് കോളേജിൽ പരീക്ഷയ്‌ക്കെത്തിയ നിഥിനയെ സഹപാഠി പ്രണയപ്പകയിൽ കുത്തിക്കൊലപ്പെടുത്തിയത്.

അതേസമയം താൻ രണ്ടു വർഷമായി നിതിന മോളുമായി പ്രണയത്തിലായിരുന്നെന്ന് കൊലപാതകി അഭിഷേക് പറഞ്ഞു. എന്നാൽ അടുത്തിടെ പെൺകുട്ടി തന്നിൽ നിന്നും അകന്നിരുന്നെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. കൊലചെയ്യാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അഭിഷേക് വ്യക്തമാക്കി. എന്നാൽ, പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കഴുത്തറുക്കുകയായിരുന്നു എന്നുമാണ് അഭിഷേക് പറയുന്നത്. അതേസമയം, കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന അഭിഷേകിന്റെ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപ്പെടുത്താനല്ലങ്കിൽ പിന്നെന്തിന് മൂർച്ചയേറിയ ആയുധം കയ്യിൽ കരുതി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

തന്റെ പ്രണയം നിരസിച്ച പെൺകുട്ടിയെ കൊല്ലാനുറച്ച് എത്തിയ അഭിഷേക് സഹപാഠികളോട് പെരുമാറിയതും യാതൊരു സംശയത്തിനും ഇടനൽകാതെയായിരുന്നു. രാവിലെ കോളജിലെത്തിയ അഭിഷേക് ഹാൾടിക്കറ്റ് വാങ്ങി പരീക്ഷാ ഹാളിലേക്ക് എത്തുമ്പോഴും പ്രത്യേകിച്ച് യാതൊരു ഭാവവ്യത്യാസവും ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. അഭിഷേകും കൊല്ലപ്പെട്ട നിതിന മോളും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നാണ് ഇരുവരുടെയും സുഹൃത്തുക്കൾ പറയുന്നത്. അടുത്ത സൗഹൃദമാണ് ഇരുവർക്കുമിടയിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ, പ്രണയമായിരുന്നോ എന്ന് അറിയില്ലെന്നും ഇവർ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാലാ സെന്റ് തോമസ് കോളജിലെ മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥി കൂത്താട്ടുകുളം സ്വദേശി ആയ അഭിഷേക് ബൈജു ഇന്ന് വീട്ടിൽ നിന്നിറങ്ങിയത് നിതിനയെ കൊലപ്പെടുത്താൻ ഉറച്ചുതന്നെ എന്നാണ് റിപ്പോർട്ടുകൾ. കോളജിൽ പരീക്ഷ എഴുതാനെത്തിയ അഭിഷേക് കൈയ്യിൽ കരുതിയിരുന്ന കത്തി തന്നെ ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പോക്കറ്റിൽ കരുതാൻ പറ്റുന്ന ചെറുതും എന്നാൽ, മൂർച്ചയേറിയതുമായ ചെറിയ കത്തിയാണ് അഭിഷേകിന്റെ കയ്യിലുണ്ടായിരുന്നത്. പരീക്ഷ കഴിയുന്നതിന് മുമ്പു തന്നെ അഭിഷേക് പരീക്ഷാ ഹാൾ വിട്ട് പുറത്തെത്തി. കോളജ് റോഡിലെ മരച്ചുവട്ടിൽ ഇയാൾ പെൺകുട്ടിയെ കാത്തിരിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷവും യാതൊരു കൂസലുമില്ലെതെയാണ് കൊലയാളി പെരുമാറിയതെന്ന് സംഭവത്തിലെ ദൃക്സാക്ഷിയായ കോളജ് സെക്യൂരിറ്റിയും വ്യക്തമാക്കുന്നു. നിതിന മോളും കൊലയാളിയായ അഭിഷേക് ബൈജുവും തമ്മിൽ വളരെ നേരം മരച്ചുവട്ടിൽ നിന്ന് തർക്കിച്ചിരുന്നു. ഇതിനിടെ യുവാവ് പെൺകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കീഴ്പ്പെടുത്തി കഴുത്തറുക്കുകയായിരുന്നു. കഴുത്തിൽ നിന്നും രക്തം ചീറ്റിയതോടെ ഇരുകൈകളും തുടച്ച് മരച്ചുവട്ടിലെ തറയിൽ കാലിന്മേൽ കാൽ കയറ്റി ഇരിക്കുകയായിരുന്നു എന്നും സെക്യൂരിറ്റി പറയുന്നു.

പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായ നിതിന മോൾ പരീക്ഷ എഴുതാനായാണ് ഇന്ന് കോളജിൽ എത്തിയത്. പരീക്ഷ കഴിഞ്ഞ് പുറത്തേക്കിറങ്ങവേയാണ് അഭിഷേക് ആക്രമിച്ചത്. കോളജിലെ തന്നെ മറ്റ് രണ്ട് വിദ്യാർത്ഥിനികളാണ് സംഭവം കണ്ട് അധികൃതരെ വിവരം അറിയിച്ചത്. അഭിഷേക് നിരന്തരം പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു എന്നാണ് വിവരം. എന്നാൽ, പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ഇയാൾ ക്രുദ്ധനാകുകയും നിതിനയെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. പരിക്കേറ്റ നിതിനയെ ഉടൻ തന്നെ മരിയൻ മെഡിക്കൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ അഭിഷേകിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close