സിപിഎം സെമിനാറിൽ തരൂരിനെ വിലക്കിയത് കെപിസിസി അധ്യക്ഷന്റെ കടുംപിടുത്തം; തെരുവിൽ അണികൾ അടി കൊള്ളുമ്പോൾ സിപിഎം സഹകരണം വേണ്ടെന്ന സുധാകരന്റെ ഉറച്ച നിലപാടിനൊപ്പം ഹൈക്കമാൻഡും; അതൃപ്തനെങ്കിലും തരൂരിന് ഇത് പാർട്ടി അച്ചടക്ക ലൈനിലേക്കുള്ള തിരിച്ചു പോക്ക്; സിപിഎമ്മിന് നഷ്ടമായത് കെ റെയിലിനെതിരെ കോൺഗ്രസ് നടത്തിവരുന്ന പ്രതിഷേധങ്ങളുടെ മുനയൊടിക്കാനുള്ള അവസരം

തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂരും കെ വി തോമസും പങ്കെടുക്കുന്നതിൽ ആദ്യമേ എതിർപ്പറിയിച്ച വ്യക്തിയാണ് കെ സുധാകരൻ . കെ റെയിൽ സമരത്തെ അടിച്ചമർത്തുന്ന പൊലീസ് ശൈലിക്കെതിരെ ആയിരുന്നു ഈ തീരുമാനവും. തെരുവിൽ അണികൾ അടി കൊള്ളുമ്പോൾ എങ്ങനെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ സാധിക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിർണായകമായ ചോദ്യം. കെപിസിസിയുടെ താൽപര്യം കൂടി കണക്കിലെടുത്താണ് ഇക്കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം എടുത്തത്. അനുമതി നിഷേധിച്ച ഹൈക്കമാൻഡ്, കെപിസിസി തീരുമാനത്തിനൊപ്പം നിൽക്കാൻ തരൂരിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദ്ദേശം നൽകി.
സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് വിവാദമായതിൽ കോൺഗ്രസ് എംപി ശശി തരൂരിന് അതൃപ്തിയുമുണ്ട്. എങ്കിലും ഇടക്കാലം കൊണ്ട് സംസ്ഥാന നേതൃത്വത്തിന് വില കൽപ്പിക്കാതെ മുന്നോട്ടു പോയ തരൂരിന് പാർട്ടി ലൈനിലേക്കുള്ള തിരിച്ചു വരവ് കൂടിയാണ് ഈ വിവാദം.
സിപിഎം സംസ്ഥാന സമ്മേളനത്തിലെ പരിപാടിയിലും പങ്കെടുക്കാൻ ക്ഷണം ലഭിച്ചിരുന്നെന്നും എന്നാൽ അന്ന് എഐസിസി അധ്യക്ഷയോട് ആലോചിച്ച് ഉചിത തീരുമാനമെടുത്തെന്നും തരൂർ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ കുറിച്ചു. അത് മാധ്യമങ്ങളിൽ വിവാദമായില്ല. ഇത്തവണയും ഈ രീതി അവലംബിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സെമിനാറിൽ പങ്കെടുക്കാൻ ഹൈക്കമാൻഡ് അനുമതി നിഷേധിച്ചതിനു പിന്നാലെയാണ് അതൃപ്തി വ്യക്തമാക്കി തരൂർ രംഗത്തെത്തിയത്.
കെ-റെയിൽ പദ്ധതിയോട് ആഭിമുഖ്യമുള്ള തരൂരിനെ സെമിനാറിൽ പങ്കെടുപ്പിക്കാൻ സിപിഎം നീക്കം നടത്തിയത് കോൺഗ്രസിനെ വെട്ടിലാക്കാനുള്ള തന്ത്രമായാണ്. സിൽവർ ലൈൻ പദ്ധതിക്കെതിരെ കോൺഗ്രസ് സമരം ശക്തമാക്കാൻ തന്ത്രങ്ങളൊരുക്കുന്ന ഘട്ടത്തിൽ സിപിഎം വേദികളിലെ കോൺഗ്രസ് സാന്നിദ്ധ്യം ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വും കണക്ക് കൂട്ടി.
സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നവകേരള നയരേഖവുമായി മുന്നോട്ടുപോകുന്ന സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറുകളിൽ കെ. റെയിൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്ക് വന്നേക്കുമെന്നും അങ്ങനെ സംഭവിച്ചാൽ മുമ്പ് കെ റെയിലിനെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള ശശി തരൂരിന്റെ നിലപാട് കോൺഗ്രസിന് ഒരുപക്ഷേ ക്ഷീണമുണ്ടാക്കിയേക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ ഉൾപ്പെടെയുള്ളവർ ആശങ്കപ്പെട്ടിരുന്നു. കെ റെയിലിനെതിരെ കോൺഗ്രസ് നടത്തിവരുന്ന പ്രതിഷേധങ്ങളുടെയും വിമർശനങ്ങളുടെയും മുനയൊടിക്കാനും ഇത് വഴിയൊരുക്കുമായിരുന്നു. അതിനുള്ള അവസരമാണ് കെപിസിസി അധ്യക്ഷന്റെ ഇടപെടലിൽ പൊലിഞ്ഞത്.