Breaking NewsKERALANEWSTrending

നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടത്തിയത് ആർത്തവ രക്തത്തിന് വേണ്ടി; ആഭിചാര കർമ്മങ്ങൾക്കായി ഉപയോ​ഗിച്ചിരുന്നത് കിഴക്കമ്പലത്തെ പതിനാലുകാരിയേയും; കറുത്ത കുർബാനയ്ക്ക് കന്യകമാരെ എത്തിക്കുന്നത് പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും; സാത്താൻ സേവക്കാരെ പിടികൂടാനാകാതെ പൊലീസും

കൊച്ചി: കിഴക്കമ്പലത്ത് പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി, തന്നെ സാത്താൻ സേവാ സംഘം പ്രാർത്ഥനക്ക് വിധേയമാക്കിയതായും പൊലീസിന് മൊഴി നൽകിയിരുന്നു. സൺഡേ സ്കൂളിലെ അധ്യാപികയായിരുന്ന അനീഷയാണ് കുട്ടിയെ സാത്താൻ സേവാ സംഘത്തിന് എത്തിച്ച് നൽകിയത്. മുൻപ് കിഴക്കമ്പലം വിലങ്ങിലെ ക്രിസ്ത്യൻ പള്ളിയിൽ വേദപാഠ അധ്യാപികയായിരുന്ന അനീഷയെ തിരുവോസ്തി മോഷ്ടിച്ചതിനെ തുടർന്നാണ് പള്ളിയിൽ നിന്ന് പുറത്താക്കിയത്. ഫോർട്ട്‌കൊച്ചിയിലെ ഹോംസ്‌റ്റേയിൽ കൊണ്ടുപോയി തനിക്ക് കുടിക്കാനായി പാനീയം നൽകിയെന്ന് പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ പാനീയം കുടിച്ചതോടെ ബോധം നഷ്ടമായെന്നും കണ്ണ് തുറക്കുമ്പോൾ സാത്താൻ സേവാ സംഘത്തിന്റെ പ്രാർത്ഥനയാണ് നടക്കുന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.

2015ലാണ് പെൺകുട്ടിയെ അനീഷ എന്ന യുവതി ചതിയിൽ പെടുത്തി കാമുകനുൾപ്പെടെയുള്ള സംഘത്തിന് കാഴ്ച്ചവെക്കുന്നത്. പെൺകുട്ടി ഗർഭിണിയായതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് കേസാകുന്നതും. കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണമെങ്കിലും സാത്താൻ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ കഴിഞ്ഞില്ല. പക്ഷേ പീഡനം നടത്തിയ പ്രതികളെ സമ്പൂർണ്ണ തെളിവുകളോടെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. പൊലീസ് രഹസ്യാന്വേഷണ വിഭാഗം സാത്താൻ സേവ സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സാത്താൻ സേവ നടത്തുന്ന ബ്ലാക്ക് മാസും അവരുടെ രീതികളെക്കുറിച്ചും നിരവധി ഊഹാപോഹങ്ങൾ വന്നിട്ടുള്ളതാണ്. പണ്ട് രഹസ്യമായി നടന്നിരുന്ന ഇവരുടെ സാത്താൻ പ്രാർഥനകൾ ഇന്ന് കൂടുതൽ പരസ്യമായിരിക്കുകയാണ്. കൊച്ചുപെൺകുട്ടികളെ ഉപയോഗിച്ചുള്ള ആഭിചാര കർമ്മങ്ങൾക്കാണ് ഇവർ പ്രാധാന്യം നൽകുന്നത്. ഇവരുടെ ആവശ്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും സജീവമാണ് എന്നാണ് റിപ്പോർട്ടുകൾ. സംഘത്തിൽപെട്ടാൽ രക്ഷയില്ല എന്നറിയാതെ പണത്തിനും സൗഭാഗ്യത്തിനും വേണ്ടി നിരവധി ആളുകൾ ഇത്തരം സംഘങ്ങളെ തേടിയെത്തുന്നതായി രഹസ്യവിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘങ്ങൾ എല്ലാം തന്നെ ലഹരി വിൽപനയുടെ ഏജന്റുമാർ കൂടിയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കേരളത്തിൽ 2010 ലാണ് ഇത്തരം സംഘങ്ങളുടെ ശക്തമായ സാന്നിധ്യം പോലീസ് തിരിച്ചറിയുന്നത്. അന്ന് വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി ദേവാലയത്തിലെ സക്രാരി തുറന്ന് തിരുവോസ്തി അപഹരിച്ച സംഭവത്തിൽ പിശാചിനെ ആരാധിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. ആലപ്പുഴയിലെയും അടുത്തുള്ള ജില്ലകളിലെയും വ്യവസായ പ്രമുഖർ അടക്കമുള്ള പല സമ്പന്നരും പിശാചിനെ ആരാധിച്ച് വരുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരമെന്നറിയുന്നു. എന്നാൽ ഇവർക്ക് ഏറെ സ്വാധീനം ഉള്ളതിനാൽ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്ന് ആലപ്പുഴ രൂപത ആരോപിക്കുന്നു.

അജ്ഞാതരായ ചിലർ വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസീസി ദേവാലയത്തിലെ സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി അപഹരിക്കുകയും സമീപ പ്രദേശങ്ങളിൽ ഇടുകയും ചെയ്യുകയായിരുന്നു. സംഭവത്തെ കോൺഗ്രസും ബിജെപിയുമടക്കമുള്ള രാഷ്ട്രീയപ്പാർട്ടികൾ അപലപിച്ചിരുന്നു.പിശാചിനെ ആരാധിക്കുന്നവരെന്ന് കരുതപ്പെടുന്നവർ മൂന്നു മാസത്തിലൊരിക്കൽ പ്രാർഥനയ്ക്കായി സമ്മേളിക്കുന്ന തുമ്പോളി പള്ളിക്കു സമീപമുള്ള മോസോണിക്ക് ഹാളിൽ സമ്മേളിക്കാറുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നോർത്ത് പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം നിലക്കുകയായിരുന്നു.

ആർത്തവരക്തത്തിന് വേണ്ടി പെൺകുട്ടികളെ കടത്തുന്നു

ആർത്തവരക്തത്തിന് വേണ്ടി എറണാകുളത്ത് നേഴ്‌സിംഗ് വിദ്യാർത്ഥിനിയെ കടത്തിയത് സാത്താൻ സേവക്കാരെന്നും ആരോപണം ഉയർന്നിരുന്നു. 2015 ഡിസംബറിൽ ഉണ്ടായ സംഭവം ഇന്നും ദുരൂഹമാണ്. എറണാകുളം നോർത്ത് പറവൂരിലാണ് നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷമായ. സംഭവത്തിൽ സാത്താൻ സേവക്കാർക്ക് പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. മിസ്സിംഗ് കേസായി അന്വേഷണം ആരംഭിച്ചപ്പോഴാണ് പെൺകുട്ടി എഴുതിയ ചില കത്തുകൾ ലഭിച്ചത്. അതിൽ നിന്ന് ലഭിച്ച സൂചനകൾ ഞെട്ടിക്കുന്നതായിരുന്നു. 2015 ഡിസംബർ 4നാണ് വിദ്യാർത്ഥിനിയെ കാണാതായത് പറവൂർ പോലീസ് മിസ്സിങ് കേസായി ആരംഭിച്ച അന്വേഷണം പെൺകുട്ടിയുടെ നോട്ടുബുക്കിൽ സാത്താൻ സേവകരുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തിയതോടെ ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു. സമാന രീതിയിൽ പശ്ചിമ കൊച്ചിയിൽ നിന്നും വിദ്യാർത്ഥിനിയെ കാണാതായതും റിപ്പോർട്ടുണ്ട്.

സാത്താൻ സേവക്കാർ കറുത്ത കുർബാന അർപ്പിക്കുന്ന ദിവസത്തിന് മുമ്പായി ഇതുപോലെ നിരവധി മിസ്സിങ് കേസുകൾ ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. കന്യകമാരായ പെൺകുട്ടികളുടെ ആർത്തവ രക്തം ഉപയോഗിച്ച് പ്രാകൃതമായ രീതിയിലാണിവർ സാത്താന് കുർബാന അർപ്പിക്കുന്നതെന്ന് പറയപ്പെടുന്നു. കാണാതാകുന്നതിന് ആഴ്ചകൾക്കു മുമ്പേ വീട്ടുകാരോട് പോലും അകലം പാലിച്ചിരുന്ന വിദ്യാർത്ഥിനി ഡിസംബർ 4ന് രാവിലെ കോളേജിലേക്കെന്നുപറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ വീട്ടുകാർ പോലീസിനെ സമീപിക്കുകയായിരുന്നു. കൂട്ടുകാരെയും മറ്റും ചോദ്യം ചെയ്‌തെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇതിനിടെ പോലീസിന്റെ നിർദ്ദേശപ്രകാരം വീട്ടുകാർ പെൺകുട്ടിയുടെ നോട്ട്ബുക്കുകൾ പരിശോധിച്ചതിൽ നിന്നാണ് സാത്താൻ സേവകരുമായുള്ള പെൺകുട്ടിയുടെ ബന്ധം വ്യക്തമാകുന്നത്. ബ്ലാക്ക് മാജിക് സാർ എന്ന് അഭിസംബോധന ചെയ്ത് സാത്താൻ സേവകർക്കെഴുതിയ കത്തുകളും മറുപടികളും കണ്ടെടുത്തു. കത്തോലിക്കാ വിഭാഗത്തിലുള്ള പെൺകുട്ടി സാത്താൻ സേവകരെക്കുറിച്ച് 12 വയസുള്ള സഹോദരനോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരൻ പറഞ്ഞു. സാത്താൻ ആരാധനയ്ക്ക് പോയിട്ടുണ്ട്. അവിടെ വലിയ അത്ഭുതങ്ങളാണ് നടക്കുന്നത്. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തിയിൽ നിന്ന് ചോര വരുന്നത് തന്നെ കാണിച്ചു എന്നിങ്ങനെ പെൺകുട്ടി സഹോദരനോട് പറഞ്ഞെന്ന് വീട്ടുകാർ പോലീസിന് മൊഴി നൽകി. എന്നാൽ സംഘവുമായി ബന്ധപ്പെട്ട ആരിലേക്കും നേരിട്ട് എത്തിച്ചേരാവുന്ന വിവരങ്ങൾ നോട്ട്ബുക്കിൽ ഇല്ലായിരുന്നു.

കന്യകമാരെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കറുത്ത കുർബാനയ്ക്ക് ഉപയോഗിക്കുന്നത് സാത്താൻ സേവക്കാരുടെ രീതിയാണ്. യു.എസ് അടക്കമുള്ള രാജ്യങ്ങളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാത്താനെ എല്ലാ അർത്ഥത്തിലും അംഗീകരിച്ചുകൊണ്ട് തെറ്റുകൾ ചെയ്ത് പ്രീതിപ്പെടുത്തുന്നതാണ് സാത്താൻ ആരാധന രഹസ്യ കേന്ദ്രങ്ങളിൽ മാത്രം സംഘടിക്കുന്ന സാത്താൻ സേവകർ കൊച്ചിയിൽ സുവിശേഷ വേലക്കാരെപ്പോലെ വീടുകളിൽ കയറിയിറങ്ങി ക്യാംപയിൻ പോലും നടത്താൻ ധൈര്യപ്പെടുന്നു. പാസ്റ്റർമാരെപ്പോലെ ഭവന സന്ദർശനം നടത്തി വീട്ടുകാരുടെ അന്ധവിശ്വാസത്തിന്റെ തോത് മനസ്സിലാക്കി വലയിലാക്കുകയാണ് പതിവ്.

പതിനാലുകാരിയെ സുഹൃത്തുക്കൾക്ക് കാഴ്ച്ചവെച്ച സൺഡേ സ്കൂൾ അധ്യാപികക്കും കൂട്ടുകാർക്കും കഴിഞ്ഞ ദിവസം കോടതി ശിക്ഷ വിധിച്ചതോടെയാണ് കേരളത്തിലെ സാത്താൻ സേവകരെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. കിഴക്കമ്പലം കോളനിപ്പടി അറയ്ക്കൽ വീട്ടിൽ ദേവസിയുടെ മകൾ അനീഷ(28), അനീഷയുടെ സുഹൃത്തുക്കളായ പട്ടിമറ്റം ചൂരക്കാട്ടുകര അയ്മനക്കുടി വീട്ടിൽ ലത്തീഫിന്റെ മകൻ ബേസിൽ എന്ന ഹർഷാദ്(24), കിഴക്കമ്പലം ആലിൻ ചുവട് തടിയൻ വീട്ടിൽ ജോയിയുടെ മകൻ ജിബിൻ(24), തൃക്കാക്കര തേവയ്ക്കൽ മീൻകൊള്ളിൽ വീട്ടിൽ മാത്യുവിന്റെ മകൻ ജോൺസ് മാത്യൂ(24) എന്നിവരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷ വിധിച്ചത്. 32, 38, 48, 12 വർഷൾ തടവാണ് ശിക്ഷ. പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ കൂട്ടുനിൽക്കുകയും പള്ളിയിൽ നിന്നും തിരുവോസ്തി മോഷ്ടിച്ച് സാത്താൻ സേവാ സംഘത്തിന് വിൽക്കുകയും ചെയ്ത അനീഷ എന്ന സൺഡേ സ്കൂൾ അധ്യാപിക നടത്തിയത് ചോര മരവിക്കുന്ന ക്രൂരതയാണ്.

പതിനാലുകാരിയെ കാമുകനുൾപ്പെടെയുള്ള സംഘത്തിനാണ് അനീഷ ചതിയിലൂടെ കാഴ്ച വച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയാണ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പള്ളിയിൽ നിന്നും തിരുവോസ്തി സംഘടിപ്പിച്ചത്. ഇതുവഴി കൂടുതൽ പണം സാത്താൻ സേവ സംഘത്തിൽ നിന്നും അനീഷയ്ക്ക് ലഭിച്ചു. 2015ൽ തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടമ്പ്രയാറ്റിൻ തീരത്തുള്ള ആളൊഴിഞ്ഞ പഴയ കെട്ടിടത്തിൽ വച്ചാണ് പതിനാലുകാരി പീഡനത്തിരയായത്. പെൺകുട്ടിയെ പ്രണയം നടിച്ചാണ് അനീഷയുടെ സുഹൃത്തുക്കളിൽ ഒരാൾ ആദ്യം പീഡിപ്പിച്ചത്. പിന്നീട് മറ്റുള്ളവർക്ക് കാഴ്ച വയ്ക്കുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close