KERALANEWSTop NewsTrending

പഴനിയാത്ര നടത്തിയ യുക്തിവാദിയായ ഇ.എം.എസ്സും, കൊലപാതകങ്ങൾ ന്യായീകരിച്ച നായനാരും; അടിയന്തരാവസ്ഥ ധീരവൃതമെന്ന് പറഞ്ഞ സുകുമാർ അഴീക്കോടും, മാപ്പെഴുതി മന്ത്രിയായ ബാലകൃഷ്ണപിള്ളയും; കേരള രാഷ്ട്രീയത്തിലെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശി ഒ. രാജഗോപാലിന്റെ ആത്മകഥ ചർച്ചയാകുമ്പോൾ..

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവായ ഒ. രാജഗോപാലിന്റെ ആത്മകഥ ‘ജീവിതാമൃതം’ ഇപ്പോൾ ചർച്ചയാകുകയാണ്. ആത്മകഥയിൽ അദ്ദേഹം പരാമർശിക്കുന്ന കാര്യങ്ങൾ കേരള രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. പല രാഷ്ട്രീയ നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ സൗഹൃദവും ഭിന്നതയുമെല്ലാം ആത്മകഥയിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. ബിജെപി നേതാക്കൾ മാത്രമല്ല കമ്മ്യൂണിസ്റ്റ് കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധങ്ങളും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഇ.എം.എസും എ.കെ.ജിയും, നായനാരും, വി.എസും, കരുണാകരനും ഇവരിലുൾപ്പെടുന്നു.

രാജഗോപാലിന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരിക്കുന്നത് മാതൃഭൂമി ബുക്സ് ആണ്. അദ്ദേഹത്തിന്റെ അനുഭവങ്ങൾ ഉൾപ്പെടുത്തി എഴുതിയിരിക്കുന്ന പുസ്തകത്തിൽ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതുമുതലുള്ള കാര്യങ്ങളുണ്ട്. കേരളപ്പിറവിയും ബിജെപിയുടെ ആവിർഭാവവും, അയോദ്ധ്യ പ്രശ്നവും ഉൾപ്പെടെ എൺപത് വർഷങ്ങളോളം നീണ്ട കാലയളവിൽ സംഭവിച്ച കാര്യങ്ങളെല്ലാം പുസ്തകത്തിൽ പരാമർശിക്കപ്പെടുന്നു. പക്ഷെ ഏറെ ചർച്ചയാകുന്നത് രാജഗോപാൽ മറ്റ് നേതാക്കളെപ്പറ്റിയും അവരുമായിട്ടുണ്ടായ അനുഭവങ്ങളെ കുറിച്ചും എഴുതിയ കുറിപ്പുകളാണ്. കേരള രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പല പ്രമുഖരുടെയും പൊയ്‌മുഖം ഇതിലൂടെ തകർന്നുവീഴുകയാണ്.

യുക്തിവാദിയായിരുന്ന ഇഎംഎസിന്റെ പഴനി ദർശന കഥ

ഇന്ത്യൻ ആത്മീയതയെയും പൈതൃകത്തെയും മറുന്നുകൊണ്ട് ഗാന്ധിജിയുടെ നയങ്ങൾക്ക് ഭിന്നമായി നെഹ്റു അന്ധമായി സോവിയറ്റ് യൂണിയനെയും, വൈദേശിക പ്രത്യയശാസ്ത്രത്തെയും അനുകരിച്ചതാണ് ഇന്ത്യയുടെ പിന്നോട്ടടിക്ക് കാരണമെന്ന് രാജഗോപാൽ തന്റെ പുസ്തകത്തിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതോടൊപ്പം ഭൗതികവാദികൾ എന്ന് അറിയപ്പെടുന്ന അവരിൽ പലരും ഉള്ളിന്റെ ഉള്ളിൽ വിശ്വാസികൾ ആയിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തുന്നുണ്ട്. ആത്മകഥയിലെ ‘വികേന്ദ്രീകരണവും ആത്മീയതയും’ എന്ന അധ്യായത്തിൽ ഇ.എം.എസിനെക്കുറിച്ച് പറയുന്ന ഭാഗം ഇങ്ങനെയാണ്.

”ദേശീയതലത്തിൽ ബാലഗംഗാധര മേനോനും ഗാന്ധിയുമൊക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമ്പാദന ശ്രമത്തിൽ വിജയകരമായി പ്രയോഗിച്ച മതാചാരങ്ങളും വിശ്വാസവും, കേരളത്തിൽ ശ്രീനാരായണ ഗുരവും ചട്ടമ്പി സ്വാമികളും സാമൂഹിക പുരോഗതിക്ക് വേണ്ടി ശക്തമായിത്തന്നെ ഉപയോഗിച്ചു. തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരെ ജനകീയനിര കെട്ടിപ്പടുക്കുവാൻ, നാരായണഗുരു കണ്ടെത്തിയ മാർഗം ക്ഷേത്ര പ്രതിഷ്ഠ ആയിരുന്നല്ലോ. അത് കേരളത്തിന്റെ എല്ലാ പിൽക്കാല വികസനത്തിനും മാർഗം കാണിച്ചു. എത്രവലിയ യുക്തിവാദം പ്രസംഗിച്ചാലും, ആത്യന്തികമായി മതവും വിശ്വാസവും മനുഷ്യനെ സ്വാധീനിച്ചുകൊണ്ട് ഇരിക്കും. അതിന് കേരളത്തിലെ എണ്ണപ്പെട്ട യുക്തിവാദിയും, കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവിതത്തിൽ തന്നെ ഉദാഹരണം ഉണ്ട്.

ഇ.എം.എസ് ഭാര്യാ സമേതനായി പഴനിയിൽപോയി, ദർശനം നടത്തിയ കഥ അന്ന് വലിയ വാർത്തയായതാണെല്ലോ. അത് വാർത്തയും വിവാദവും ആയപ്പോൾ ഭാര്യയുടെ ഒരു ആഗ്രഹം സാധിപ്പിക്കാൻ പോയതാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയുടെ ആഗ്രഹം സാധിപ്പിക്കാൻ പോയത് ആയാലും, സ്വന്തം ആത്മശാന്തിക്കുവേണ്ടി പോയതായാലും നല്ല കാര്യം എന്നേ നമുക്ക് പറയാനുള്ളൂ. അവിടെ മറ്റൊരു ചോദ്യം ഉയർന്നു വരുന്നു. ഇന്ത്യ മുഴുവൻ ഭൗതികവാദം പ്രചരിപ്പിക്കാൻ ആയുസ്സ് ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് സ്വന്തം ഭാര്യയെപ്പോലും ആ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല എന്ന് വരുമ്പോൾ, അത് അദ്ദേഹത്തിന്റെ കുറവായി കണക്കാക്കേണ്ടതില്ല. ആത്മീയതയുടെ അപ്രതിരോധ്യമായ ശക്തിയായി കണക്കാക്കിയാൽ മതിയാവും. ”- രാജഗോപാൽ പറയുന്നു.

ജനസംഘം സമ്മേളനത്തിന് അയ്യായിരം പേരോ?

ഒ. രാജഗോപാലിന്റെ ആത്മകഥയിൽ ആശയപരമായി ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത് മുൻ മുഖമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ്. തകർന്ന് കിടക്കുന്ന അങ്ങാടിപ്പുറം തളിക്ഷേത്രം പുനരുദ്ധരിക്കാനുള്ള ശ്രമം നടക്കുമ്പോൾ, അത് ആർക്കിയോളജിക്കൽ വകുപ്പിന് വിട്ടുകൊടുക്കയാണ് ഇ.എം.എസ് ചെയ്തത്. അതുപോലെ മലപ്പുറം ജില്ല രൂപീകരണം സംബന്ധിച്ചും ഇ.എം.എസിന്റെ ന്യൂനപക്ഷ പ്രീണനത്തെ അദ്ദേഹം വിമർശിക്കുന്നു. 45 ശതമാനത്തോളം സംഘടിത ന്യുനപക്ഷങ്ങൾ ഉള്ള ഒരു സംസ്ഥാനമായ കേരളത്തിൽ ‘ നിങ്ങളെ എതിർക്കുന്നതാണ് ഞങ്ങൾക്ക് നല്ലത്’ എന്ന് ഇ.എം.എസ് പറഞ്ഞിരുന്നുവെന്നും രാജഗോപാൽ എഴുതുന്നു.

അതുപോലെ 1965ൽ കോഴിക്കോട്ട് നടന്ന ജനസംഘത്തിന്റെ ദേശീയ സമ്മേളനത്തിന് ഭക്ഷണം എത്തിക്കുന്നതിന് റേഷൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായ ഇ.എം.എസിനെ കണ്ടപ്പോൾ പരിഹസിക്കയാണ് ചെയ്തതെന്നും രാജഗോപാൽ ഓർക്കുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു. ” ഒരു ജില്ലയിൽനിന്ന് മറ്റൊരു ജില്ലയിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുപോകുന്നതിനുപോലും നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ, സർക്കാർ സഹായം ഇല്ലാതെ ഭക്ഷ്യ പ്രശ്നം പരിഹരിക്കുക സാധ്യമല്ലായിരുന്നു. ഞങ്ങൾ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ച് സഹായം അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. അയ്യായിരം പേർക്ക് ഭക്ഷണത്തിനുള്ള റേഷൻ അനുവദിച്ച് തരണം എന്നാതായിരുന്നു ഞങ്ങളുടെ ആവശ്യം. പരിഹാസത്തോടെയാണ് അദ്ദേഹം ആ ആവശ്യത്തെ പരിഗണിച്ചത്. ജനസംഘത്തിന്റെ സമ്മേളനത്തിന് അയ്യായിരം പേരോ, എന്നായിരുന്നു ഇ.എം.എസിന്റെ ചോദ്യം. റേഷൻ അനുവദിക്കാൻ ആവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. റേഷൻ അനുവദിച്ചില്ല. എങ്കിലും പാലക്കാട് നിന്ന് പാർട്ടി സമാഹരിച്ച രണ്ടുലോറി അരി കൊണ്ടുവരാനുള്ള അനുമതി തന്നു. കോഴിക്കോട്ട് സാമൂതിരി ഹൈ്സ്‌ക്കൂൾ മൈതാനത്തിൽ പന്തൽ കെട്ടിയായിരുന്നു സമ്മേളനം. അയ്യായിരം പേരെ ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചതെങ്കിലും പ്രതിനിധികളുടെ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ അത് പതിമൂവായിരത്തിന് മുകളിലായി.”- രാജഗോപാൽ എഴുതുന്നു.

എന്നാൽ വ്യക്തിപരമായി ഇ.എം.സിന്റെ നല്ലഗുണങ്ങൾ എടുത്തുപറയാനും രാജഗോപാൽ തയ്യാറാവുന്നുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്ന അനുഭവം രാജഗോപാൽ ഇങ്ങനെ പറയുന്നു. ” ആകർഷകമായ തന്റെ വ്യക്തിത്വം കൊണ്ടാണ് ജയിലിലും ഇ.എം.എസ് ശ്രദ്ധേയനായത്. എല്ലാ കാര്യത്തിലും കൃത്യമായ ചിട്ടകൾ ഉണ്ടായിരുന്നു അദ്ദേഹത്തിന്. കാര്യക്ഷമമായ വായന, നടത്തം, ഭക്ഷണ രീതി തുടങ്ങി എല്ലാകാര്യത്തിലും സവിശേഷ ശ്രദ്ധ നിലനിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ശൈലി. ജയിലിലും അദ്ദേഹത്തിന് സ്പെഷ്യൽ ഫുഡ് അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി കാളയിറച്ചി കൊണ്ടുവന്നിരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തെ പരിശോധിച്ച ജർമ്മൻ ഡോക്ടർമാർ ആണത്രേ, ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചത്. കുറച്ചുനാളെ അദ്ദേഹം ജയിലിൽ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഏറെ നാൾ അടുത്ത് ഇടപഴകാൻ സാധിച്ചില്ല. ”

തടവുകാരനായിരിക്കെ മാപ്പെഴുതി ജയിൽ മന്ത്രിയായ പിള്ള

അടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചതിന് ജയിലിൽക്കിടക്കുമ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങളും പുസ്തകത്തിൽ രാജഗോപാൽ എടുത്തു പറയുന്നുണ്ട്.-”ഇത്തരത്തിൽ വേണ്ടപ്പെട്ടവരെയൊക്കെ വേർപിരിഞ്ഞ് ജയിൽവാസം അനുഷ്ഠിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്, ചില മൂല്യ വിചാരങ്ങൾ ആണ്. രാജ്യം സേഛ്വാധിപത്യത്തിന് കീഴടങ്ങൂമ്പോൾ ആവും മട്ടിൽ പ്രതിഷേധിച്ചു സ്വയം തൃപ്തിപ്പെടുത്താനുള്ള ഒരു ഉൾവിളി. എന്നാൽ അത് എല്ലാപേരുടെയും മനോഭാവം ആകണം എന്നില്ലല്ലോ.

അത്തരത്തിൽ കൗതുകകരമായ ചില കാഴ്ചകളും അനുഭവങ്ങളും ജയിലിൽ ഉണ്ടായി. ഒരു ദിവസം കേരള കോൺഗ്രസ് നേതാവ് ആർ ബാലകൃഷ്ണപ്പിള്ള, എന്റെ സെല്ലിൽ വന്നിട്ട് പേനയുണ്ടോ എന്ന് അന്വേഷിച്ചു. പേനയും പേപ്പറുമൊക്കെ കരുതിയിട്ടുണ്ടായിരുന്നു ഞാൻ. അദ്ദേഹത്തിന് പേനയും പേപ്പറും കൊടുത്തു. കുറച്ചു കഴിഞ്ഞ് അദ്ദേഹം പേന മടക്കിത്തന്നു. അടുത്ത ദിവസം അറിയുന്നത് ആർ ബാലകൃഷ്ണപ്പിള്ള ജയിൽവിമോചിതനായ വാർത്തയാണ്. കേരളാ കോൺഗ്രസിന്റെ എംഎ‍ൽഎ ആയിരുന്ന അദ്ദേഹം, ജയിൽ വിട്ട് ചെന്ന് ചേരുന്നത് മന്ത്രിസഭയിലാണ്. തിരുവനന്തപുരത്തുനിന്ന് എന്നെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ സന്ദർഭത്തിൽ, ജയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹം അവിടെ വന്നപ്പോഴാണ്, പിന്നീട് ഞാൻ അദ്ദേഹത്തെ കാണുന്നത്.

അതുപോലെ എന്നോടൊപ്പം ജയിൽവാസം അനുഷ്ഠിച്ചിരുന്ന, ഒരു സുഹൃത്ത് കെ ശങ്കരനാരായണൺ ആയിരുന്നു. അടിയന്തരാവസ്ഥ അനന്തമായി നീളുമെന്നും, ഇനി മൈതാനത്ത് പ്രസംഗിക്കാൻ അവസരം ലഭിക്കുകയില്ലെന്നും അദ്ദേഹം വിശ്വസിച്ചുപോന്നു. ഇന്ദിരാഗാന്ധിയെ നിങ്ങൾക്ക് അറിയില്ല, എനിക്കറിയാം. സ്റ്റാലിന്റെ റഷ്യയിലെ അനുഭവങ്ങൾ അദ്ദേഹം ഓർമ്മിപ്പിച്ചു. ഞാൻ അത്രയും നിരാശൻ ആയിരുന്നില്ല. ഒരു ദിവസം റേഡിയോയിൽ കാമരാജിന്റെ മരണവാർത്ത കേട്ട് ഞാൻ പറഞ്ഞു. നിങ്ങൾക്ക് എന്തുകൊണ്ട് മരണാടിയന്തിരത്തിൽ പങ്കെടുക്കാൻ പരോളിന് അപേക്ഷിച്ചുകൂടാ. അന്ന് അദ്ദേഹം സംഘടനാ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ആയിരുന്നല്ലോ. എങ്കിലും അദ്ദേഹത്തിന് പരോൾ ലഭിക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നില്ല. എന്റെ പ്രേരണയെ തുടർന്ന് പരോളിന് അപേക്ഷിക്കുകയും, അത് അനുവദിച്ച് കിട്ടുകയും ചെയ്തു. അദ്ദേഹം പരോൾ കഴിഞ്ഞ തിരിച്ചുവരുമ്പോൾ, പുറത്ത് എന്ത് നടക്കുന്നുവെന്ന് മനസ്സിലാക്കാം എന്നതായിരുന്നു എന്റെ സ്വാർഥ ചിന്ത. എന്നാൽ പരോൾവാങ്ങി പുറത്തുപോയ എന്റെ സുഹൃത്ത് തിരിച്ചുവന്നില്ല. പിന്നീട് അദ്ദേഹം ഇന്ദിരാകോൺഗ്രസ് നേതാവും മന്ത്രിയുമൊക്കെയായി.”

യോഗഭ്യാസവും ശീർഷാസനുവുമായി വി എസ്

”എന്നാൽ ജയിലിൽവെച്ച് വി എസ് അച്യുതാനന്ദനുമായി കുറച്ചുകൂടി അടുത്ത് പെരുമാറാൻ സാധിച്ചു. അദ്ദേഹവും, ജീവിത ശൈലിയിൽ വളരെയേറെ ചിട്ടകൾ സൂക്ഷിച്ചാണ് ജീവിച്ചിരുന്നത്. കുളിക്കാൻ സോപ്പ് ഉപയോഗിക്കില്ല, ചായയും കാപ്പിയും കഴിക്കില്ല. യോഗാഭ്യാസവും ശീർഷാസനവും പതിവാണ്. നിരന്തരമുള്ള വായന ശീലമാണെങ്കിലും കമ്യൂണിസ്റ്റ് സാഹിത്യത്തിന് അപ്പുറമുള്ളതൊന്നും വായിച്ച് കണ്ടിട്ടില്ല. ഈ കമ്യൂണിസ്റ്റ് നേതാക്കാൾ ജയിലിൽ ഉണ്ടായിരുന്നപ്പോൾ തന്നെയാണ്, നക്സലൈറ്റ് നേതാവായ കോസലരാമദാസിൻെ അറസ്റ്റ് ചെയ്തുകൊണ്ടുവരുന്നത്. സമാന രാഷ്ട്രീയ വിശ്വാസമുള്ള കമ്യൂണിസ്റ്റുകളും നക്സ്െലെറ്റുകളും പരസ്പരം സഹകരിക്കുന്നവർ ആയിരിക്കും എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അവർ പരസ്പരം സംസാരിക്കുക കൂടി ചെയ്യില്ല എന്നതാണ് വസ്തുക. എങ്കിലും ഇവർ ഇരുകൂട്ടരും എന്നോട് നല്ല സൗഹൃദമാണ് പ്രകടിപ്പിച്ചിരുന്നത്.

കോസല രാമദാസ് എന്റെ മുറിയിൽ വരാറുണ്ടായിരുന്നു. അന്ന് ഞാൻ വിവേകാനന്ദ സാഹിത്യ സർവസ്വം വായിക്കുന്ന സമയമാണ്. അതിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. അത് അദ്ദേഹത്തിൽ വിവേകാനന്ദ സാഹിത്യത്തോട് മമതയുണ്ടാക്കാൻ ഇടയാക്കി. ആ പുസ്തകങ്ങൾ വായിക്കാൻ അദ്ദേഹം താൽപ്പര്യം കാണിച്ചു.”- രാജഗോപാൽ എഴുതുന്നു

എ.കെ ജി ഒരു ജനകീയ നേതാവ്

തന്റെ രാഷ്ട്രീയത്തിന് അനുസരിച്ച് ആളുകളെ കരിതേച്ച് കാണിക്കുന്ന രീതി ഒ.രാജഗോപാൽ തന്റെ സ്വീകരിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആത്കഥയെ വ്യത്യസ്തമാക്കുന്നത്. അദ്ദേഹം സിപിഎം നേതാവും ആദ്യ പാർലിമെന്റിലെ പ്രതിപക്ഷ നേതാവുമായ എ.കെ.ജിയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു. ”എതാനും ദിവസങ്ങൾ മാത്രം മിസ പ്രകാരം ജയിലിൽ ഒന്നിച്ച് ഉണ്ടായിരുന്ന മറ്റൊരു വിശിഷ്ട വ്യക്തിയാണ് സഖാവ് എ.കെ.ജി. നർമ്മരസത്തോടുകൂടിയുള്ള സംഭാഷണം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. നമ്പൂതിരിപ്പാടിൽനിന്നും തികച്ചും വ്യത്യസ്തനായ ജനകീയ നേതാവായിരുന്നു അദ്ദേഹം.”- അതുപോലെ തന്നെ അടിയന്തരാവസ്ഥ കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് സംയുക്ത സമരത്തിന് വിസമ്മതിക്കുകയും എന്നാൽ ബോണസ് വെട്ടിക്കുറച്ചതിനെ കുറിച്ച് യോജിച്ച സമരമാകാം എന്ന നിലപാടാണ് നമ്പൂതിരിപ്പാട് എടുത്തതെന്ന് രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിന് കടകവിരുദ്ധമായ നിലപാടാണ് എ.കെ.ജി എടുത്തത്. ” എന്നാൽ എ.കെ ജിയുടെ നിലപാട് വ്യത്യസ്തമായിരുന്നു. കിട്ടുന്ന എല്ലാ വേദികളിലും അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്ന അദ്ദേഹം, ലോക് സംഘർഷ സമിതിയുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അന്ന് കോയമ്പത്തൂർ ആര്യവൈദ്യശാലയിൽ ചികിത്സയിലായിരുന്നു എ.കെ.ജിയെ ലോക് സംഘർഷസമിതിയുടെ സംഘാടക ചുമതല വഹിച്ചിരുന്ന ജന കൃഷ്ണമൂർത്തി അവിടെചെന്ന് കണ്ട് സംസാരിച്ചു. ആ സംഭാഷണത്തിൽ ഇതു സംബന്ധിച്ച് തന്റെ പാർട്ടി കൈക്കൊണ്ട നിലപാടുകളിൽ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. തന്റെ ആരോഗ്യം നന്നായാൽ അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ തീർച്ചയായും സഹകരിക്കുമെന്ന് അദ്ദേഹം ഉറപ്പുകൊടുത്തു. എന്നാൽ അതിനുശേഷം ആരോഗ്യം വീണ്ടെടുത്ത് സജീവ പ്രവർത്തനം നടത്താൻ അദ്ദേഹത്തിന് ആയിട്ടില്ല’- ഒ രാജഗോപാൽ വ്യക്താക്കി.

പക്ഷേ ഇ.കെ നായനാരെക്കുറിച്ചും അത്ര നല്ല ഓർമ്മകളല്ല രാജഗോപാലിന് പങ്കുവെക്കാനുള്ളത്. സിപിഎമ്മുകാർ നടത്തുന്ന കൊലപാതകങ്ങളെ നായനാർ പച്ചക്ക് ന്യായീകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”’തലശ്ശേരി, പാനുർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി കൊലപാതകങ്ങൾ ഉണ്ടായി. അപ്പോഴേക്കും ജനാത പാർട്ടിയിലൂടെ ഇടതുമുന്നണിയുടെ ഭാമായി കഴിഞ്ഞുരുന്ന ഞങ്ങൾ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായി കഴിയുമ്പോൾ അത് ഇടതുപക്ഷ ഏകോപന സമിതിയിൽ ഉന്നയിക്കും. പൊതുവേ ഏകോപന സമിതി ചർച്ചകളിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഇ.കെ നായനാർ ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ ഞെട്ടി ഉണരും. പിന്നെ അദ്ദേഹം ഘോരഘോരം എതിർവാദങ്ങൾ ഉന്നയിക്കും. ഇത്തരം മനുഷ്യക്കുരുതികളെ സിപിഎം നേതൃത്വം ഒരിക്കലും അപലപിച്ചതായി കണ്ടില്ല. ഇത് അവരുടെ അണികൾക്ക് നൽകുന്ന സൂചന വളരെ വ്യക്തമാണ്.”

അടിയന്തരാവാസ്ഥ ധീര വ്രതമെന്ന് അഴീക്കോട്

അതുപോലെ തന്നെ ബുദ്ധിജീവികൾ എന്നു പറയുന്ന പലരുടെയും കപടനാട്യങ്ങളും ഈ പുസ്തകത്തിൽ രാജഗോപാൽ വിശദമായി എഴുതിയിട്ടുണ്ട്. മലപ്പറും ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തതിന്റെ ഭാഗമായി, കെ ദാമോദരൻ എം.ഗോവിന്ദൻ തുടങ്ങിയ ബുദ്ധിജീവികളെ കണ്ട് സംസാരിച്ചപ്പോൾ അവർക്ക് തത്വത്തിൽ യോജിപ്പായിരുന്നെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.”ഇവിടെ മറ്റൊരുകാര്യം ശ്രദ്ധിക്കപ്പെടണം. മേൽപ്പറഞ്ഞ പ്രമുഖ വ്യക്തികൾ എല്ലാം ഇക്കാര്യത്തോട് തത്വത്തിൽ യോജിക്കുകയും പരസ്യമായി നിശബ്ദർ ആവുകയും ചെയ്തു. അതായത് സ്വന്തം അഭിപ്രായത്തിനുമേൽ മുഖം മൂടി അണിഞ്ഞുകൊണ്ട് പ്രതികരിച്ചു. അവരെല്ലാം മതനിരപേക്ഷ വാദികൾ ആയും സഹിഷ്ണുതയുടെ പ്രതീകങ്ങൾ ആയും വാഴ്‌ത്തപ്പെട്ടു. എന്നാൽ കേളപ്പജി തന്റെ മനസാക്ഷിക്ക് അനുസരിച്ച് മുഖംമൂടിയില്ലാതെ പ്രതികരിച്ചു, സഹകരിച്ചു.”- രാജഗോപാൽ വ്യക്തമാക്കുന്നു.

അതുപോലെ തന്നെ അടിയന്തരാവസ്ഥയെ ന്യായീക്കുന്ന നിലപാടാണ് ഡോ സുകുമാർ അഴീക്കോട് എടുത്തതെന്നും ഒ.രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു. 1976ലെ വീക്ഷണം വർഷികപ്പതിപ്പിൽ സുകുമാർ അഴീക്കോട് എഴുതിയ ലേഖനം ഒ.രാജഗോപാൽ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്.-” നമ്മൂടെ ഇന്നത്തെ അടിയന്തരാവസ്ഥ ഒന്ന് പരിശോധിച്ച് നോക്കൂ. സ്വാതന്ത്രം നേടിയതിനുശേഷം കൈവന്ന അവസരങ്ങൾ ഉപയോഗിച്ചുകൊണ്ട് നമ്മുടെ ആർഥികവും ഭരണപരവും സാമൂഹ്യവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നാം പരാജയപ്പെട്ടുകോണ്ടേയിരുന്നപ്പോൾ, ഉണ്ടായിവന്ന പ്രതിസന്ധിയെ നേരിടാൻ ഇന്ത്യൻ ജനത കൈക്കൊണ്ട് ധീര വ്രതത്തിന്റെ പേരാണ് അടിയന്തരാവസ്ഥ. ഇനി നമുക്ക് വേറെ അവസരം കിട്ടില്ല. ഇത് അവസാനത്തെ അവസരം’- ഇങ്ങനെയാണ് അഴീക്കോട് എഴുതിയത്.

പക്ഷേ എല്ലാ സാംസ്കാരിക അഴീക്കോടിനെപ്പോലെ ആയിരുന്നില്ല. ഒ.വി വിജയനും, അയ്യപ്പപ്പണിക്കരും, വൈലോപ്പള്ളിയുമൊക്കെ ഒറ്റപ്പെട്ടുനിന്നുവെന്നും രാജഗോപാൽ എഴുതുന്നു.

കാവി രാഷ്ട്രീയം ഗംഗാ സമതലം കടക്കില്ലെന്ന് പറഞ്ഞ ഒ.വി വിജയൻ

നാൽപ്പതുകളുടെ അവസാനം പാലക്കാട് വിക്ടോറിയ കോളജിൽ ഒ.രാജഗോപാലിന്റെ സതീർത്ഥ്യൻ ആയിരുന്നു ഒ.വി വിജയൻ. അന്ന് വിജയനുമായി തുടങ്ങിയ സൗഹൃദം പിൻക്കാലത്ത് തന്റെ പ്രവർത്തന കേന്ദ്രം ഡൽഹി ആയി മാറിയപ്പോഴും തുടർന്നുവെന്ന് രാജഗോപാൽ ‘ജീവിതാമൃതത്തിൽ’ വിവരിക്കുന്നുണ്ട്. ആദ്യം കടുത്ത കമ്യൂണിസ്റ്റായിരുന്ന വിജയൻ ക്രമേണേ ഇന്ത്യൻ ആത്മീയതയുടെ വഴിയിൽ എത്തിയെന്നും, സോവിയറ്റ് യൂണിയന്റെ തകർച്ചവരെ അദ്ദേഹം പ്രവചിച്ചുവെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാവി രാഷ്ട്രീയം ഗംഗാ സമതലം കടക്കില്ല എന്ന നിലപാടുകാരനായിരുന്നു വിജയൻ. 1965ൽ പാക്കിസ്ഥാനോട് ചേർന്ന് കടിക്കുന്ന റാൻ ഓഫ് കച്ച് ആ രാജ്യത്തിന് വിട്ടുകൊടുത്തതിൽ പ്രതിഷേധിച്ച് ജനസംഘം നയിച്ച സമരത്തെക്കുറിച്ച്് വിജയൻ കാട്ടൂൺ വരച്ചതായും രാജഗോപാൽ ഓർക്കുന്നു.

” കച്ച് കരാർ വിരുദ്ധ പ്രകടനത്തെ കളിയാക്കിക്കൊണ്ട് ഒ.വി വിജയൻ അന്നൊരു കാർട്ടൂൺ വരച്ചിരുന്നു. ഞങ്ങൾ തമ്മിൽ പാലക്കാട് വിക്ടോറിയാ കോളജ് വിദ്യാഭ്യാസ കാലം മുതൽക്കേ സുഹൃത്തുക്കളാണ് എന്നതിനപ്പുറം പാലക്കാട് കോടതിയിൽ ഉണ്ടായിരുന്ന, അദ്ദേഹത്തിന്റെ കുടുംബത്തിലെ ചില കേസുകൾ ഞാൻ വാദിക്കുകയും ചെയ്തിരുന്നു. സഹപാഠി എന്ന നിലയിലും വക്കീൽ എന്ന നിലയിലും ബന്ധമുണ്ടായിരുന്നതുകൊണ്ടുതന്നെ ഡൽഹിയിലെ പ്രകടനം കഴിഞ്ഞതോടെ, ഞാൻ വിജയനെ കാണാൻ ഇറങ്ങി. അദ്ദേഹം അന്ന് ശങ്കേഴ്സ് വീക്ക്ലിയിൽ കാർട്ടൂണിസ്റ്റായി പ്രവർത്തിക്കുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാഹം അന്ന് കൈയെഴുത്തുപ്രതിയായി വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന കാലം. ഞങ്ങളുടെ സംഭാഷണം സ്വാഭാവികമായി രാഷ്ട്രീയത്തിലേക്ക് കടന്നു. ഹിന്ദുത്വരാഷ്ട്രീയം ഇവിടെ പച്ച പിടിക്കാൻ പോകുന്നില്ലെന്ന് വിജയൻ പറഞ്ഞു. ഞാൻ അതിനെ എതിർത്തു. അത് ഏറിയാൻ ഗംഗാ സമതലത്തിൽ വേര് പിടിക്കും. അതിനപ്പുറം കടക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. പക്ഷേ യൂറോപ്പിലെ കമ്യൂണിസത്തിന്റെ തകർച്ച ശരിയായി തന്നെ പ്രവചിച്ച വിജയന്റെ ഈ പ്രവചനം തെറ്റാണെന്ന് കാലം തെളിയിച്ചു. അത് ഗംഗാ സമതലവും, വിന്ധ്യ പർവതവും, ഡെക്കാൺ പീഡഭൂമിയും കടന്നുവന്നിരിക്കുന്നു. ഇന്ത്യയെ ഒരുമിപ്പിക്കുന്ന ഒരു ശക്തിവിശേഷമായി വളർത്തിരിക്കുന്നു”- രാജഗോപാൽ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close