INDIANEWSTop News

ഊർജിത നടപടിയും സജീവ നിരീക്ഷണവും വേണം; ഒമിക്രോണ്‍ ആശങ്കയിൽ സംസ്ഥാനങ്ങള്‍ക്ക് ജാ​​ഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽ​ഹി: കോവിഡി​ന്റെ പുതിയ വക​ഭേദം ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങൾക്ക് ജാ​​ഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഊർജിത നടപടിയും സജീവ നിരീക്ഷണവും വേണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.

വാക്‌സിനേഷന്‍ കൂടുതലാളുകളിലേക്ക് എത്തിക്കാനും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് വകഭേദം ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്. ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ”അറ്റ് റിസ്‌ക്” പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.

ഊര്‍ജിത നടപടി, സജീവ നിരീക്ഷണം, വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കല്‍, കോവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടത് ആശങ്കയുണര്‍ത്തുന്ന ഈ വകഭേദത്തെ കൈകാര്യം ചെയ്യാന്‍ അനിവാര്യമാണ്- ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനത്തെ തടയാന്‍ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. ചില സംസ്ഥാനങ്ങളില്‍ ആകെ പരിശോധനയും ആര്‍.ടി.പി.സി.ആര്‍. പരിശോധനാ അനുപാതവും കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പരിശോധന നടത്താതിരുന്നാല്‍ രോഗവ്യാപനത്തിന്റെ ശരിയായ തോത് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഹോട്ട് സ്‌പോട്ടുകള്‍ അല്ലെങ്കില്‍ ഈയടുത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ നിരീക്ഷണം തുടരണം. എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിങ്ങിനായി അയക്കണമെന്നും നിര്‍ദേശമുണ്ട്.

അതേ സമയം കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസിൽ പരിഭ്രാന്ത്രി വേണ്ടെന്നും അതിതീവ്ര വ്യാപനത്തിനുള്ള സാധ്യതകൾ ഇതുവരെയില്ലെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). രാജ്യത്ത് ഒമിക്രോൺ വൈറസിന്റെ ആശങ്ക വാക്‌സിനേഷൻ നടപടിയെ ബാധിക്കരുതെനാണ് ഐസിഎംആർ നൽകിയിരുന്ന നിർദേശം. പരമാവധി പേരിലേക്ക് വാക്‌സിനേഷൻ എത്തിക്കുകയാണ് പ്രതിരോധമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മുൻകരുതൽ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ നാളെ ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

ഒമിക്രോൺ ഭീഷണി ചർച്ച ചെയ്യാനുള്ള ഡൽഹി സർക്കാരിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുണ്ട്. ഡിസംബർ 15 ന് അന്തരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നതിലെ ആശങ്ക ഡൽഹി സർക്കാർ കേന്ദ്രത്തെ അറിയിക്കും. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനം പുനപരിശോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. വിമാനത്താവളങ്ങളിൽ ഉൾപ്പടെ പരിശോധന കർശനമാക്കാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തുന്നവർക്ക് ക്വാറൻറീനും ഏർപ്പെടുത്തിയിട്ടുണ്ട്.

ഒമിക്രോണിനെ കുറിച്ച് അറിയേണ്ടതെല്ലാം

കോവിഡിനൊപ്പം ജീവിതം ശീലമാക്കി സാധാരണനിലയിലേക്ക് മടങ്ങി വരവ് ആശങ്ക പടർത്തി പുതിയ വകഭേദം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ആശങ്കയുളവാക്കുന്നതാണെന്നും ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ഡെൽറ്റ വകഭേദത്തിന്റെ ഏറ്റവും മാരകമായ രൂപമാണ് ഒമിക്രോൺ എന്ന് ആരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഒമിക്രോൺ എന്ന് നാമധരണം ചെയ്യപ്പെട്ട ആ.1.1.529 എന്ന കൊറോണവൈറസ് വകഭേദത്തെ കുറിച്ച് കൂടുതലറിയാം.

ഒമിക്രോണിന്റെ ഉത്ഭവം

‘ആശങ്കയുടെ വകഭേദം’എന്ന വിഭാഗത്തിലാണ് ലോകാരോഗ്യ സംഘടന പുതിയ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നൽകുന്ന വിവരങ്ങൾ പ്രകാരം ഒമിക്രോൺ വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ മാസം 24 ന് ദക്ഷിണാഫ്രിക്കയിലാണ്. ഈ മാസം ഒമ്പതിന് ശേഖരിച്ച സാമ്പിളിലാണ് വകഭേദം കണ്ടെത്തിയത്. വകഭേദം കണ്ടെത്തിയതോടൊപ്പം തന്നെ വൈറസ് ദ്രുതഗതിയിൽ വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന പ്രസ്താവനയിൽ പറയുന്നു. ബെൽജിയം, ഹോങ്കോങ്, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാരിലും ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close