KERALANEWSTop News

കേരളത്തിലും ഒമിക്രോൺ ജാഗ്രത; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയതിനെ തുടർന്ന് കേരളവും ജാഗ്രതയിൽ. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തുന്നവർ 14 ദിവസത്തെ ക്വാറന്റൈന്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

സംസ്ഥാനത്തിനകത്ത് ആര്‍ക്കെങ്കിലും വകഭേദം ബാധിച്ചിട്ടുണ്ടോ എന്നതിനെ സംബന്ധിച്ച് പരിശോധന നടത്തി വരികയാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ഒമിക്രോണുമായി ബന്ധപ്പെട്ട് ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ഒമിക്രോൺ വകഭേദം കണ്ടെത്തിയ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി വിമാനത്താവളങ്ങളില്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റിന് വിധേയമാകണം. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകം ആര്‍ടി- പിസിആര്‍ പരിശോധന നടത്തേണ്ടതുമാണ്. നാട്ടില്‍ എത്തിയ ശേഷം ആദ്യ ഏഴുദിവസം നിര്‍ബന്ധമായി ക്വാറന്റൈനില്‍ തുടരണം. എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. തുടര്‍ന്ന് ഏഴുദിവസം കൂടി ക്വാറന്റൈനില്‍ തുടരേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴുദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയേണ്ടതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇത്തരത്തില്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചുശതമാനം ആളുകളെ റാന്‍ഡം സാമ്പിളിങ്ങിന് വിധേയമാക്കുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള നടപടികള്‍ കേരളത്തില്‍ സ്വീകരിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ടെന്നും വീണാ ജോര്‍ജ് പറഞ്ഞു.

അതേസമയം കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്കുള്ളപുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.

രാജ്യാന്തരയാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. യാത്രയ്ക്ക് മുന്‍പുള്ള 14 ദിവസത്തെ യാത്രാവിവരങ്ങള്‍ അടങ്ങുന്ന സത്യവാങ്മൂലം നല്‍കണം. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പോര്‍ട്ടലില്‍ നല്‍കണം

കോവിഡ് വ്യാപനമുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലില്‍ കോവിഡ് പരിശോധന നടത്തണം. കോവിഡ് പരിശോധനാഫലം വരാതെ പുറത്തുപോകാന്‍ പാടില്ല. നെഗറ്റീവായാലും 7 ദിവസം ക്വാറന്റൈനില്‍ തുടരണം. പോസറ്റീവായാല്‍ ജിനോ സ്വീകന്‍സിങ്ങും ഐസോലേഷനും വേണം.

12 രാജ്യങ്ങളെ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്ക, ബ്രിട്ടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രയേല്‍, സിംഗപ്പൂര്‍, മൊറീഷ്യസ്, ബോട്‌സ്വാന, ന്യൂസിലന്റ്, ചൈന, സിംബാവെ എന്നീ രാജ്യങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close