KERALANEWSTrendingUncategorized

മരടിലെ ഓട്ടോക്കാരന്റെ കൈയിലുള്ളത് ഒർജിനൽ ടിക്കറ്റ്; ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ ബാങ്കും ആദ്യം വിശ്വസിച്ചില്ല; സെയ്തലവി എത്തിയതോടെ ജയപാലൻ എല്ലാം രഹസ്യമാക്കി; എല്ലാം ഉറപ്പിക്കാൻ കാനറാ ബാങ്കും എടുത്തത് മണിക്കൂറുകൾ

കൽപറ്റ: ഓണം ബംപർ അടിച്ചുവെന്നറിയിച്ച് സെയ്തലവിക്ക് ലോട്ടറി ടിക്കറ്റ് വാട്സാപ്പിൽ അയച്ചത് തമാശയ്ക്കായിരുന്നെന്ന് സുഹൃത്ത് അഹമ്മദ്. സെയ്തലവിക്കു ലോട്ടറി വാങ്ങി നൽകിയിട്ടില്ലെന്നും ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ടിക്കറ്റ് തന്റെ കയ്യിൽ ഇല്ലെന്നും അഹമ്മദ് പറഞ്ഞതോടെയാണ് സംശയങ്ങൾക്ക് അവസാനാകുന്നത്. ഒരാൾ സമൂഹമാധ്യമത്തിൽ ഇട്ട ടിക്കറ്റിന്റെ പടം സെയ്തലവിക്ക് അയച്ചു കൊടുത്തതാണന്നും. സുഹൃത്ത് വഴി ടിക്കറ്റെടുത്തെന്ന് സെയ്തലവി നുണ പറയുകയാണെന്നും അഹമ്മദ് പറയുന്നതു വഴി എല്ലാം ഭംഗിയായി അവസാനിക്കുമെന്നാണ് വിലയിരുത്തൽ. തിരുവോണം ബംപർ സമ്മാനം കിട്ടിയത് എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ്.

12 കോടി രൂപയുടെ കേരള ലോട്ടറി ഓണം ബംപർ മരട് പനോരമ നഗർ പൂപ്പനപ്പറമ്പിൽ പി.ആർ. ജയപാലന് (56) എന്നു വ്യക്തമായത് ഇന്നലെ വൈകുന്നേരമാണ്. ഓട്ടോ ഡ്രൈവറായ ജയപാലൻ സ്ഥിരം ലോട്ടറി എടുക്കുന്ന ആളാണ്. ടിവി വാർത്തയിലൂടെ ഒന്നാം സമ്മാനം തന്റെ ലോട്ടറിക്കാണെന്നു മനസ്സിലാക്കിയപ്പോൾ പ്രത്യേകിച്ചു സന്തോഷമൊന്നും ഇല്ലെന്നണ് ജയപാലന്റെ ആദ്യ പ്രതികരണം. തന്നെ സഹായിക്കാൻ ആരുമില്ലാത്തതിനാൽ ദൈവം കാണിച്ചു തന്ന വഴിയാണ് ഈ സമ്മാനം. താൻ ഈശ്വര വിശ്വസിയാണ്. കുറച്ചു കടങ്ങൾ ഉള്ളതു തീർക്കണം, സ്ഥലത്തിന്റെ കുറച്ചു തർക്കമുണ്ട് അതും തീർക്കണം, പെങ്ങമ്മാരെ ഉൾപ്പെടെ സഹായിക്കുകയും വേണം.

താൻ ഈശ്വര ഭക്തനാണ്. വേറെ എന്തു ചെയ്യണമെന്നതു പിന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോട്ടറി അടിച്ചന്നറിഞ്ഞപ്പോൾ കുടുംബത്തിലെ ചിലർക്കു മാത്രം സൂചന നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റുമായി ചിലർ അവകാശവാദവുമായി മുന്നോട്ടു വന്നതോടെയാണു വിവരം പുറത്തറിയിക്കാതിരുന്നതെന്നു ജയപാലൻ പറയുന്നു. കനറാ ബാങ്കിന്റെ മരട് ശാഖയിൽ ടിക്കറ്റ് കൈമാറി. ഇതിന്റെ നടപടികൾ പൂർത്തിയായപ്പോഴേക്കും വൈകുന്നേരമായി. അതിനു ശേഷമാണു ബന്ധുക്കളെ അറിയിച്ചത്.

തൊണ്ണൂറ്റിനാലുകാരിയായ അമ്മ ലക്ഷ്മിയുമൊത്താണ് ജയപാലന്റെ താമസം. ചോറ്റാനിക്കര പടിയാർ മെമോറിയൽ ഹോമിയോ മെഡിക്കൽ കോളജിലെ ജീവനക്കാരി മണിയാണ് ഭാര്യ. മക്കൾ: വൈശാഖ് (ഇലക്ട്രീഷൻ), വിഷ്ണു (ഹോമിയോ ഡോക്ടർ). മരുമകൾ: കാർത്തിക. പേരക്കുട്ടി: വൈശ്വിക. വീട് വയ്ക്കാനും ഓട്ടോറിക്ഷ വാങ്ങാനും മറ്റുമായി ബാങ്കിൽ ലക്ഷങ്ങളാണു കടമുള്ളത്. അതു വീട്ടണം. മക്കൾക്കു വീടു വച്ചു കൊടുക്കണം. കഷ്ടപ്പാടിലൂടെ വളർന്നതാണ്. മദ്യപാനമോ പുകവലിയോ ഇല്ലാത്തതിനാൽ പണം ധൂർത്തടിക്കില്ല. മറ്റു വലിയ സ്വപ്നങ്ങളൊന്നുമില്ല. പണം നല്ല നിലയിൽ പ്രയോജനപ്പെടുത്തും-ജയപാലൻ പറയുന്നു.

ദുബായക്കാരൻ അവകാശ വാദവുമായി എത്തിയതോടെ ലോട്ടറിയടിച്ച ഭാഗ്യശാലിയെ തേടി പൊലീസും നെട്ടോട്ടമോടി. തനിക്കാണ് ലോട്ടറിയടിച്ചതെന്ന് സെയ്ദലവി വെളിപ്പെടുത്തിയതോടെ ഇന്റലിജൻസ് വിഭാഗത്തിന്റെ സന്ദേശവും കോഴിക്കോട്, വയനാട് ജില്ലകളിലേക്കെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് യഥാർഥ വിജയി എറണാകുളത്ത് പ്രത്യക്ഷപ്പെട്ടത്. ഈ സാഹചര്യത്തിൽ സെയ്തലവി തന്നെ ചതിച്ചവരെ കുടുക്കാനുള്ള തീരുമാനത്തിലാണ്, എന്നാൽ, ടിക്കറ്റെടുക്കാൻ അഹമ്മദിന് പണം നൽകിയതിന് തെളിവുണ്ടെന്ന് സെയ്തലവി പറഞ്ഞു. ടിക്കറ്റ് എടുത്ത ശേഷം ആദ്യം അയച്ച മെസേജ് ഡിലീറ്റായി.

12ാം തീയതിയാണ് ടിക്കറ്റ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ചിലർ ചേർന്നു പറ്റിച്ചതാണെന്നും സെയ്തലവി ആരോപിച്ചു. യഥാർഥ ഭാഗ്യവാനെ കണ്ടെത്തിയതിന് പിന്നാലെയാണ് സെയ്തലവിയുടെ പ്രതികരണം. ദുബായിൽ ഹോട്ടൽ ജീവക്കാരനായ വയനാട് പനമരം സ്വദേശിയായ സെയ്തലവി, പതിവായി ലോട്ടറി ടിക്കറ്റെടുക്കാറുണ്ടായിരുന്നെന്നും അടുത്ത ബന്ധുവായ ഒരാൾ സമ്മാനം ലഭിച്ചതായി അറിയിച്ചുവെന്നും പറഞ്ഞിരുന്നു. അതേസമയം, കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുന്നതായി സെയ്തലവിയുടെ സഹപ്രവർത്തകനും സുഹൃത്തുമായ ബഷീർ പറഞ്ഞു.

വ്യാജ ലോട്ടറി ടിക്കറ്റുണ്ടാക്കി ആളുകളെ പറ്റിച്ച കാര്യം പരാതിയിൽ ഉൾപ്പെടുത്തും. ഇത്തരത്തിൽ പ്രവാസികൾക്ക് അടക്കം ഒട്ടേറെ പേർക്ക് വ്യാജ ടിക്കറ്റ് ലഭിച്ചിരുന്നു. കൂട്ടത്തിലൊരാളെ ഇത്തരത്തിൽ പറ്റിച്ചതിൽ വിഷമം ഉണ്ട്. ഇത് ക്രൂരമായി പോയി. ഒപ്പമുണ്ടായിരുന്ന ഒരാൾക്ക് ഈ ഭാഗ്യം ലഭിച്ചെന്നു കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ബഷീർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close