KERALANEWSTrending

വിവാഹം വീഡിയോ കോളിൽ; വധു പുനലൂർ സബ് രജിസ്ട്രാർ ഓഫിസിൽ, വരൻ യുക്രൈനിൽ നിന്ന് വീഡിയോ കോളിൽ; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് പുനലൂർ സബ് രജിസ്ട്രാർ ഓഫിസ്; കോവിഡ് പ്രതിസന്ധിയും നിയമ പോരാട്ടവും ഇഴചേർന്ന ഒരു പ്രണയ വിവാഹത്തിന്റെ കഥ

തിരുവനന്തപുരം: കോവിഡ് എന്ന ഒറ്റ മഹാമാരികൊണ്ട് ആഡംബര പൂർവ്വം നടത്തുന്ന വിവാഹങ്ങൾ പലതും ലളിതമായി മാറി. ആയിരങ്ങൾ പങ്കടുത്തിരുന്ന വിവാഹങ്ങൾ നൂറ് പേരിലേയ്ക്കും പിന്നീട് കുടുംബക്കാർ മാത്രവുമായി ഒതുങ്ങി. അതിനിടയിൽ ഓൺലൈൻ വഴിയുള്ള വിവാഹങ്ങളും പതിവ് സംഭവങ്ങളായി മാറുകയായിരുന്നു. എന്നാൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഓൺലൈൻ വഴി വിവാഹം നടക്കുന്നത് രാജ്യത്ത് തന്നെ അത്യപൂർവ്വ സംഭവമാണ്. അത്തരത്തിലൊരു അത്യാപൂർവ്വ സംഭവത്തിന് കേരളക്കരയും സാക്ഷ്യം വഹിച്ചു. കഴക്കൂട്ടം സ്വദേശിനി ധന്യ മാർട്ടിനും യുക്രെയ്‌നിലുള്ള വരൻ പുനലൂർ ഇളമ്പൽ സ്വദേശി ജീവൻകുമാറും തമ്മിൽ നടന്ന വിവാഹമാണ് ഏറെ വ്യത്യസ്തമായി മാറിയത്.

രാജ്യത്തുതന്നെ ആദ്യമായി നടന്ന ഓൺലൈൻ വിവാഹത്തിന് സാക്ഷ്യം വഹിച്ചത് പുനലൂർ സബ് രജിസ്ട്രാർ ഓഫിസായിരുന്നു. കഴക്കൂട്ടം സ്വദേശി ധന്യ മാർട്ടിനെ ജീവൻ കുമാർ സബ് രജിസ്റ്റ്രാർ ടി.എം.ഫിറോസിന്റെ മധ്യസ്ഥതയിൽ ഓൺലൈനായി ജീവിത സഖിയാക്കിയപ്പോൾ സാങ്കേതിക വിദ്യയുടെ കാലത്തെ പുതു ചരിത്രത്തിനാണ് വഴിതുറന്നത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ധന്യ തന്റെയും ജീവന്റെയും ഉറ്റവർക്കൊപ്പം രജിസ്റ്റർ ഓഫിസിൽ എത്തിയപ്പോൾ വരൻ യുക്രെയ്‌നിൽനിന്നു വിഡിയോ കോളിലൂടെ ഹാജരായാണു വിവാഹിതനായത്. പറയുമ്പോൾ കാര്യം സിംമ്പിളായി തോന്നുമെങ്കിലും നിരവധി കടമ്പകൾ കടന്നാണ് ചരിത്രത്തിൽ ഇത്തരമൊരു വിവാഹം നടന്നത്.

ജീവനു വേണ്ടി വിവാഹ രജിസ്റ്ററിൽ ഒപ്പുവച്ചത് അച്ഛൻ ദേവരാജനായിരുന്നു. ഉടനടി വിവാഹ സർട്ടിഫിക്കറ്റും വധുവിനു കൈമാറിയതോടെ ഓൺലൈൻ വിവാഹ ചടങ്ങുകൾ പൂർത്തിയായി. പ്രണയവും സൗഹൃദവും കോവിഡ് പ്രതിസന്ധിയുമെല്ലാം വില്ലനായി അവതരിച്ചപ്പോഴും അതിനെ എല്ലാം അതിജീവിക്കാൻ സാധിച്ചെന്നാണ് ധന്യ പറയുന്നത്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു വിവാഹം. ഇതിനായി ധന്യയാണു നിയമ പോരാട്ടം നടത്തിയത്. യുക്രെയ്‌നിൽ മെക്കാനിക്കൽ എൻജിനിയറാണു ജീവൻ. ഇൻഫോപാർക്കിലെ അമേരിക്കൻ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ് ധന്യ. സ്‌കൂൾ കാലം മുഴുവൻ ഒന്നിച്ചു പഠിച്ചവർ. ധന്യയുടെ അമ്മ തങ്കച്ചി മാത്തനും ജീവന്റെ പിതാവ് ദേവരാജനും തുമ്പ വി എസ്എസ്സിയിൽ ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെ കുടുംബങ്ങളായും അടുപ്പമുള്ളവർ. പരസ്പരം ഇഷ്ടപ്പെട്ട ഇരുവരുടെയും വിവാഹത്തിനു വീട്ടുകാരും അനുകൂലമായിരുന്നെങ്കിലും വില്ലനായത് കോവിഡായിരുന്നു.

കഴിഞ്ഞ വർഷംതന്നെ ജീവന് ജോലി കിട്ടിയെങ്കിലും വീസ ലഭിക്കാൻ വൈകി. ഇതോടെയാണു കല്യാണം രജിസ്റ്റർ ചെയ്ത ശേഷം ജോലിക്കായി വിദേശത്തേക്കു പോകാമെന്ന് ഇരു കുടുംബവും തീരുമാനിച്ചത്. മാർച്ച് 14ന് വിവാഹം നടത്താനും തിരുമാനിച്ചു. ഇതിനായി സ്‌പെഷൽ മാരേജ് ആക്ട് അനുസരിച്ച് ഫെബ്രുവരിൽ ഇരുവരും ചേർന്ന് പുനലൂർ സബ് രജിസ്റ്റ്രാർ ഓഫിസിൽ അപേക്ഷ നൽകി. അപേക്ഷ നൽകി 35 ദിവസം കഴിഞ്ഞാണു വിവാഹം രജിസ്റ്റർ ചെയ്യാനാവുക. എന്നാൽ ഇതിനിടെ യുക്രെയ്‌നിലും കോവിഡ് വ്യാപനം രൂക്ഷമായി. മാർച്ച് 18ന് യുക്രെയ്‌നിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വന്നതോടെ അതിനു മുൻപ് ജോലിയിൽ പ്രവേശിക്കണമെന്ന് കമ്പനി അറിയിപ്പെത്തി.

സബ്‌രജിസ്റ്റ്രാർ ഓഫിസിൽ അപേക്ഷ നൽകി 35 ദിവസമാകുന്നതും മാർച്ച് 18ന് ആയിരുന്നു. അപേക്ഷ നൽകി 90 ദിവസം വരെ റജിസ്‌ട്രേഷൻ അനുവദിക്കുമെന്നതിനാൽ യുക്രെയ്‌നിൽ പോയി ജോലിയിൽ പ്രവേശിച്ച ശേഷം മടങ്ങിവന്നു വിവാഹം നടത്താമെന്ന ധാരണയിൽ മാർച്ച് 14ന് ജീവൻ വിമാനം കയറി. പക്ഷേ കോവിഡ് സാഹചര്യം രൂക്ഷമായതോടെ മടക്കയാത്ര അസാധ്യമായി. വരനും വധുവും ഒരുമിച്ചെത്തിയാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാനാകൂ എന്ന നിയമം സബ് രജിസ്റ്റ്രാർ വ്യക്തമാക്കിയതോടെയാണു ധന്യ കഴിഞ്ഞ ജൂണിൽ ഹൈക്കോടതിയെ സമീപിച്ചത്.

ഇതിനിടെ പുനലൂരിൽ അപേക്ഷ സമർപ്പിച്ച് 90 ദിവസം കഴിഞ്ഞതിനാൽ ആ അപേക്ഷ തിരുവനന്തപുരം സബ് രജിസ്റ്റ്രാർ ഓഫിസിൽ പുതുക്കി നൽകി. എല്ലാം ഓൺലൈനായി മാറുന്ന കോവിഡ് കാലത്ത് വിവാഹവും ഓൺലൈനായി നടത്താൻ കഴിഞ്ഞ സെപ്റ്റംബർ 9ന് ഹൈക്കോടതി അനുമതി നൽകിയതോടെ ചരിത്രം വഴിമാറി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജീവന്റെ നാടായ പുനലുരിൽതന്നെ ഓൺലൈൻ വിവാഹത്തിന് വേദിയൊരുങ്ങിയത്. വിവാഹം ഓൺലൈനായി നടന്നെങ്കിലും അത്രയും വേഗം പ്രിയതമന് അരികിൽ എത്താനുള്ള ശ്രമത്തിലാണ് ധന്യ. യുക്രൈയ്‌നിലേക്ക് പോകാനുള്ള വഴി തേടുകയാണ് യുവതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close