KERALANEWSTop News

ഒരു ലക്ഷത്തിലേറെ വിലയുള്ള ഏയ്‌സർ ലാപ്‌ടോപ്പ് ഓൺലൈനിലൂടെ ഓർഡർ ചെയ്തു; വന്നത് പഴയ പത്രക്കടലാസുകൾ; വിദ്യാർഥിനിക്കു നഷ്ടമായത് ഒരു ലക്ഷത്തിലേറെ, ഒടുവിൽ പരിഹാരം

കൊച്ചി: ലാപ്‌ടോപ്പ് ഓൺലൈനിലൂടെ ഓർഡർ ചെയ്ത എൻജിനിയറിങ് വിദ്യാർഥിനിക്കു പാഴ്‌സൽ ആയി കിട്ടിയത് പഴയ പത്രക്കടലാസുകൾ. ഒരു ലക്ഷത്തിലേറെ വിലയുള്ള ഏയ്‌സർ ലാപ്പ്ടോപ്പാണ് ഓൺലൈൻ പ്ലാറ്റ്‌ഫോം ആയ ആമസോണിൽ നിന്ന് വിദ്യാർത്ഥി ഓർഡർ ചെയ്യ്തത്. എന്നാൽ പത്രമാണ് ആമസോണിൽ നിന്ന് പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെത്തുടർന്ന് പൊലീസിനെ സമീപിച്ച യുവതിക്കു മാസങ്ങൾക്കു ശേഷം പണം തിരിച്ചുകിട്ടി.

ഏതാനും മാസം മുമ്പാണ് വടക്കൻ പറവൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരി ആമസോൺ വഴി ലാപ്പടോപ്പ് ബുക്ക് ചെയ്തത്. മുൻകൂർ പണം നൽകിയായിരുന്നു ബുക്കിങ്. അറിയിച്ചതിനു രണ്ടു ദിവസം മുമ്പു തന്നെ ലാപ്‌ടോപ്പ് വന്നത് ആഘോഷിക്കാൻ പാഴ്‌സൽ തുറക്കുന്നതു വിഡിയോയിൽ ചിത്രീകരിച്ചതാണ്, വിദ്യാർഥിനിക്കു പണം തിരികെ കിട്ടാൻ നിർണായകമായത്.

പാഴ്‌സൽ തുറന്നുനോക്കിയപ്പോൾ ഉത്തരേന്ത്യയിലെ പഴയ ന്യൂസ്‌പേപ്പറുകളായിരുന്നു അതിനുള്ളിൽ. ഹരിയാനയിൽനിന്നാണ് പാഴ്‌സൽ എത്തിയത്. വിദ്യാർഥിനി ഇതെല്ലാം വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. ഈ തെളിവ് അടക്കം ആമസോൺ കസ്റ്റമർ കെയറിൽ പരാതിപ്പെട്ടു. അവർ പരാതി പാഴ്‌സൽ അയച്ച സെല്ലർക്കു കൈമാറിയതായി നടപടിയൊന്നും ഉണ്ടായില്ലെന്ന് വിദ്യാർഥിനി പറയുന്നു. സെല്ലറെ നേരിട്ടു ബന്ധപ്പെടാനും ആമസോൺ കസ്റ്റമർ കെയർ അനുവദിച്ചില്ല.

തുടർന്ന് ആലുവ റൂറൽ എസ്പി കെ കാർത്തിക്കിനു പരാതി നൽകുകയായിരുന്നു. വിഡിയോ, ഫോട്ടോ തെളിവുകൾ ഉൾപ്പെടെയായിരുന്നു പരാതി. ഹരിയാനയിലെ സെല്ലറെ കണ്ടെത്തി ബന്ധപ്പെട്ടപ്പോൾ അവർ തെറ്റു സമ്മതിക്കാനോ പണം മടക്കിനൽകാനോ തയാറായില്ലെന്ന് എസ്പി കാർത്തിക്ക് പറഞ്ഞു. ആമസോണും പ്രശ്‌ന പരിഹാരത്തിന് ഉതകുന്ന സമീപനമല്ല സ്വീകരിച്ചത്. ഇതോടെ ഡിജിറ്റൽ ആയതും അല്ലാതെയുമുള്ള തെളിവുകൾ അന്വേഷണ സംഘം സമാഹരിച്ചു. നടപടിയിലേക്കു നീങ്ങുകയാണെന്ന് പൊലീസ് സെല്ലറെ അറിയിച്ചു. എന്നാൽ കേരള പൊലീസ് എന്തു ചെയ്യാൻ എന്നായിരുന്നു സെല്ലറുടെ നിലപാട്. ഒടുവിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ നടപടിയെടുത്തപ്പോൾ സെല്ലർക്കു പ്രത്യാഘാതം ബോധ്യപ്പെട്ടു. തുടർന്ന് അവർ പണം മടക്കിനൽകാമെന്ന് അറിയിക്കുകയായിരുന്നു.

വിദ്യാർഥിനിക്കു പണം തിരിച്ചുകിട്ടിയെങ്കിലും സെല്ലർക്കെതിരെ നടപടിയുമായി മുന്നോട്ടുപോവുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് ആമസോൺ പ്രതികരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close