KERALANEWSTop News

അനുമതി ലഭിച്ചിട്ടും പ്രദർശിപ്പിക്കാനില്ല; ‘മരയ്ക്കാർ’ അടക്കം നിരവധി സിനിമകൾ ഒ. ടി. ടി പ്ലാറ്റുഫോമുകളിലേക്കെന്ന് സൂചന

തിരുവനന്തപുരം: തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചെങ്കിലും മോഹൻലാൽ ചിത്രമായ ‘മരയ്ക്കാർ’ അടക്കം നിരവധി സിനിമകൾ ഒ. ടി. ടി പ്ലാറ്റുഫോമുകളിലേക്ക് പോയേക്കുമെന്ന് സൂചന. എൺപതു സിനിമകളാണ് ഇനി റിലീസ് ചെയ്യാൻ ബാക്കി നിൽക്കുന്നത്. ഈ അവസരത്തിൽ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമെ പ്രവേശനമുള്ളുവെന്ന നിലപാട് ജനങ്ങൾക്ക് തീയേറ്ററിൽ വരാതിരിക്കാനുള്ള അവസ്ഥ ഉണ്ടാക്കുമെന്ന വിലയിരുത്തലാണ് നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ അടക്കം ഒ.ടി.ടി സാധ്യതയിലേക്ക് നയിക്കുന്നത്. അതിനിടെ സര്‍ക്കാരിന് മുന്നില്‍ സമർപ്പിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാതെ പ്രദര്‍ശനം ആരംഭിക്കാന്‍ കഴിയില്ലെന്നാണ് ബഹുഭൂരിപക്ഷം തിയറ്റര്‍ ഉടമകളുടെയും നിലപാട്.

സംസ്ഥാനത്ത് വാക്സിനേഷന്‍ പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമെ തിയറ്ററില്‍ എത്താന്‍ കഴിയുകയുള്ളുവെന്ന മാനദണ്ഡം ജനത്തെ അകറ്റിനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് സിനിമാമേഖല. ഈ രീതിയില്‍ തിയറ്ററുകള്‍ ഉടന്‍ സജീവമാകില്ലെന്ന വിലയിരുത്തലിനിടെയാണ് മരയ്ക്കാറും ബ്രോ ഡാഡിയും ട്വല്‍ത് മാനും ഷാജി കൈലാസിന്റെ ഷൂട്ടിങ് തുടരുന്നതടക്കമുള്ള നാല് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി സാധ്യത തേടുന്നത്.

ഇതോടൊപ്പം സര്‍ക്കാരിന് മുന്നില്‍ സമര്‍പിക്കപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാതെ തിയറ്ററുകള്‍ തുറക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം ഉടമകളുടെയും നിലപാട്. തിയറ്ററുകള്‍ അടച്ചിട്ട കാലത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നതിന് പുറമെ വിനോദ നികുതി എടുത്തു കളയുകയും ചെയ്യാതെ തിയറ്ററുകള്‍ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇതോടൊപ്പം കേരള ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളില്‍നിന്ന് പത്ത് ലക്ഷം രൂപയെങ്കിലും മിതമായ പലിശയില്‍ രണ്ട് വര്‍ഷ കാലാവധിയില്‍ തിയറ്റര്‍ ഉടമകള്‍ക്ക് വായ്പ ലഭ്യമാക്കണമെന്ന ആവശ്യവും സംഘടന പ്രതിനിധികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തിയേറ്ററുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകൾ ആരംഭിച്ചത് പോലെ അമ്പത് ശതമാനം സീറ്റുകളിൽ മാത്രമാണ് ജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പ്രവേശനം രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം. എ.സി. പ്രവർത്തിപ്പിക്കാനും അനുമതി. കോവിഡ് നിരക്ക് കുറയുന്നതിനാലാണ് ഈ തീരുമാനം. രണ്ടാം ഘട്ട അടച്ചിടലിന് ശേഷം നിയന്ത്രണങ്ങൾ കുറച്ചു കൊണ്ട് വന്നപ്പോൾ മുതൽ തിയേറ്ററുകൾ തുറക്കാനുള്ള അനുമതികൾക്കായി തിയേറ്റർ സംഘടന ഫിയോക്കും മറ്റ് സിനിമ സംഘടനകളും ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചതോടെ തിയേറ്ററുകൾ തുറക്കണം എന്ന ആവശ്യവും ശക്തമായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം. തിയേറ്ററുകൾ തുറക്കും മുമ്പ് മാർഗരേഖ സർക്കാർ പുറത്തിറക്കും.

ഏറെ നാളായി അടഞ്ഞു കിടക്കുന്നതിനാൽ തങ്ങൾ ഏറെ നഷ്ടത്തിലാണെന്ന് തിയേറ്റർ ഉടമകൾ അറിയിച്ചിരുന്നു. തിയേറ്ററുകൾ തുറക്കുന്നത് നീണ്ട് പോയതിനാൽ മലയാള സിനിമകൾ പലതും ഒടിടി റിലീസ് ആയി പ്രേക്ഷർക്ക് മുമ്പിൽ വന്നിരുന്നു. എന്തായാലും സിനിമ ആസ്വാദകർക്കും പ്രവർത്തകർക്കും ഇതൊരു സന്തോഷ വാർത്തയാണ്. എന്നിരുന്നാലും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനം എന്നത് എത്രത്തോളം പ്രായോഗികമാകും എന്നുറപ്പില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close