KERALANEWSTop News

പാലക്കാട് ജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ ആക്രമിക്കാൻ ശ്രമം; മണിക്കൂറുകൾക്കുള്ളിൽ പ്രതി പോലീസ് പിടിയിൽ

പാലക്കാട്: പാലക്കാട് ആരോഗ്യപ്രവർത്തകയ്ക്ക് നേരെ നടന്ന അതിക്രമശ്രമത്തിലെ പ്രതി പിടിയിലായി. സംഭവം നടന്ന് മണിക്കൂറുകൾക്കകം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിച്ചതിന് പിന്നാലെയാണ് സംഭവം. കാഞ്ഞിരപ്പുഴ നെല്ലിക്കുന്ന് സ്വദേശിയായ ഷബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ഷബീര്‍ അതിക്രമിച്ച് കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. മണ്ണാർക്കാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകൾക്കകം പ്രതി പിടിയിലാവുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ബൈക്കിലെത്തിയ രണ്ടുപേർ ആക്രമിച്ചത്. 35കാരിയായ ആരോഗ്യപ്രവർത്തകയെ ബൈക്കിൽ എത്തിയവർ കടന്നുപിടിച്ച് തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിലെ ജീവനക്കാരിയെയാണ് തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്. ആശുപത്രിയിൽ നിന്ന് മടങ്ങി വരികയായിരുന്ന ഇവരെ തോട്ടപ്പള്ളി മുതൽ ബൈക്കിൽ ചിലർ പിന്തുടർന്ന് വന്ന ചിലർ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ യുവതി എഴുന്നേറ്റ് ഓടാൻ ശ്രമിച്ചപ്പോൾ പുറകെ എത്തിയ ഇവർ കഴുത്തിന് പിടിച്ചെന്നും നടുവിന് ചവിട്ടിയെന്നും യുവതിയുടെ ഭർത്താവ് പറഞ്ഞു. അക്രമികൾ ഇവരോട് സ്വർണ്ണം ആവിശ്യപെടുകയും എന്നാൽ സ്വർണ്ണം ലഭിക്കില്ലെന്ന് മനസ്സിലായതോടെ ഇരുചക്ര വാഹനത്തിന്റെ നടുക്ക് ഇരുത്തി തട്ടികൊണ്ട് പോകാൻ ശ്രമിക്കുകയുമായിരുന്നു. അതിനിടെ പോലീസ് പട്രോളിംഗ് നടത്തുന്ന വാഹനം അതുവഴി വരികയായിരുന്നു. പോലീസിനെ കണ്ട അക്രമികൾ യുവതിയെ ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു.

എന്നാൽ സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. സംഭവത്തിന് നടന്നതിന് പിന്നാലെ പ്രതികളെ കുറിച്ച് ചോദിച്ചപ്പോൾ നാളെ നോക്കാം എന്നാണ് പോലീസ് പറഞ്ഞത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ അന്വേഷിച്ചിരുന്നെങ്കിൽ പ്രതികളെ പിടിക്കാൻ കഴിയുമായിരുന്നെന്നും ഭർത്താവ് പറഞ്ഞു. രോഗിയെ സ്റ്റേഷനിൽ എത്തിച്ചാൽ മൊഴിയെടുക്കാമെന്നാണ് പോലീസ് പറയുന്നതെന്നും ആശുപത്രിയിലെത്തി വിവരം അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നും ഇയാൾ ആരോപിച്ചിരുന്നു.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനായി ഡിജിപി സർക്കുലറും പുറത്തിറക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടി എടുക്കണം എന്നതുൾപ്പെടെ നിരവധി നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലറാണ് ഡിജിപി പുറത്തിറക്കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close