KERALANEWSTop News

പത്തനംതിട്ട കോളേജിലും റാഗിങ്ങ്; പ്രിൻസിപ്പലിന് പരാതി നൽകിയപ്പോൾ നടപടിയെടുക്കാതെ ഒത്തു തീർപ്പിന് ശ്രമിച്ചെന്നും ആരോപണം; കലാലയങ്ങൾ തുറന്നതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും റാഗിങ്ങ് ക്രൂരത തുടരുന്നു..

പത്തനംതിട്ട: കേരളത്തിൽ വീണ്ടും റാഗിങ്ങ് ക്രൂരത തുടരുന്നു. പത്തനംതിട്ട അടൂർ സെന്റ്. സിറിൾസ് കോളേജിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി പരാതി. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ മുഹമ്മദ് ഷാഫിയാണ് റാഗ് ചെയ്തതായി പരാതി നൽകിയത്. കോളേജിനുള്ളിൽ വെച്ച് സീനിയർ വിദ്യാർത്ഥി ക്രൂരമായി മർദിച്ചെന്നാണ് പരാതി.

കോളേജിലെ സീനിയർ വിദ്യാർത്ഥിയായ കൃഷ്ണൻ എന്ന വിദ്യാർത്ഥിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. റാഗ് ചെയ്‌തെന്നും ക്രൂരമായി മർദ്ദിച്ചെന്നും പ്രിൻസിപ്പാളിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും വിദ്യാർത്ഥി ആരോപിക്കുന്നു. പകരം പ്രിൻസിപ്പാൾ ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വിദ്യാർത്ഥി പോലീസിൽ പരാതി നൽകുകയായിരുന്നു.

നവംബർ 10നാണ് സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷാഫിയെ മർദിച്ചത്. ക്ലാസിൽ കയറാനെത്തിയപ്പോൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും മുഖത്തടിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷവും സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ഭീഷണിയുണ്ടായതായി മുഹമ്മദ് പറയുന്നു. മുൻപും സമാന രീതിയിൽ സീനിയർ വിദ്യാർത്ഥികളിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു.

കലാലയങ്ങൾ തുറന്നതോടെ റാഗിങ്ങിന്റെ വാർത്തകൾ ഇപ്പോൾ പതിവാകുകയാണ്. കോഴിക്കോട് നാദാപുരം കല്ലാച്ചി എംഇടി കോളജില്‍ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തെന്ന പ്രിന്‍സിപ്പലിന്റെ പരാതിയില്‍ കേസെടുത്തിരുന്നു. നാദാപുരം പൊലീസാണ് നാല് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തത്.

ഇന്നലെ ഉച്ചയോടെ നടന്ന സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടിയെന്നാണ് പ്രിന്‍സിപ്പലിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ പരാതി പ്രിന്‍സിപ്പല്‍ പൊലീസിന് കൈമാറുകയായിരുന്നു. നാദാപുരം ആശുപത്രിയിലാണ് വിദ്യാര്‍ഥി ചികിത്സ തേടിയത്. നിലവില്‍ റാഗിങ്ങ് കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം കണ്ണൂർ നെഹർ കോളേജിൽ വിദ്യാർത്ഥി റാഗിങ്ങിനിരയായ സംഭവത്തിൽ നേരത്തെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിലായിരുന്ന സീനിയർ വിദ്യാർത്ഥികൾ പുലർച്ചെ വീടുകളിൽ നിന്നാണ് പോലീസിന്റെ പിടിയിലായത്. കോളേജിലെ വിദ്യാർത്ഥിയായ പി അൻഷാദിനെ മാരകമായി മർദ്ദിച്ച സംഭവത്തിലാണ് പോലീസ് നടപടി.

അൻഷാദിനെ സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിച്ച കേസിലാണ് നടപടി. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ പി അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു അതിക്രൂരമായ മർദ്ദനം.

മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. പ്രതികള്‍ക്ക് എതിരെ റാഗിംഗ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. ആന്റി റാഗിംഗ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ല. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നെഹർ കോളേജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close