KERALANEWSTrending

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനു ശേഷം സി.പി. എം നേരിടുന്ന വലിയ കീറാമുട്ടി; നിക്ഷേപകരോട് പറഞ്ഞ വാക്കുപാലിക്കാനാകാതെ സൊസെറ്റി; പേരാവൂർ ബിൽഡിങ് സൊസെറ്റി ചിട്ടിതട്ടിപ്പിൽ നിന്നും തടിയൂരാനാവാതെ സിപിഎം

കണ്ണൂർ: പേരാവൂർ ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ ചിട്ടി തട്ടിപ്പിനിരയായവർക്ക് പണം തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ടു സി.പി. എം ജില്ലാ നേതൃത്വത്തിലും തർക്കം രൂക്ഷമാകുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനു ശേഷം സി.പി. എം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് പേരാവൂർ ഹൗസ് ബിൽഡിങ് സൊസെറ്റിയിലെ ചിട്ടി തട്ടിപ്പ്. നാലുകോടിയൊളം രൂപയുടെ ബാധ്യതയാണ് പേരാവൂർ സഹകരണ സൊസൈറ്റിക്കുള്ളത്. നേരത്തെ എല്ലാവർക്കും ഭവനമെന്ന ആശയവുമായി കോൺഗ്രസ് തുടങ്ങിയ സൊസെറ്റിയാണിത്. ഇതിനു ശേഷം സി.പി. എം പിടിച്ചെടുക്കുകയായിരുന്നു.

ചിട്ടിപ്പണം നഷ്ടപ്പെട്ടവർക്ക് പണം തിരിച്ചു കൊടുക്കാൻ പാർട്ടി മുൻകൈയെടുക്കുമെന്ന് ജില്ലാ നേതൃത്വം ആവർത്തിച്ചു പറയുമ്പോഴും അതെങ്ങനെ സാധ്യമാകുമെന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നുമുയർന്ന് വരുന്നത്. നാലുവർഷം മുൻപ് സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ തുടങ്ങിയ ചിട്ടി വിവാദമായത് ഇടപാടുകാർക്ക് പണം തിരിച്ചു കിട്ടാതെയായതോടെയാണ്.

തൊഴിലുറപ്പു തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളുമായ സാധാരണക്കാരാണ് ചിട്ടിയിൽ പങ്കാളികളായിരുന്നത്. സൊസൈറ്റിക്കു മുൻപിൽ റിലേ സത്യാഗ്രഹം രണ്ടാം ദിനത്തിലും തുടരുന്ന സമരസമിതി പ്രവർത്തകർ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നു പണം എപ്പോൾ തിരിച്ചു കിട്ടുമെന്നാണ്. ഇതോടെ ഊരാക്കുടുക്കിലായിരിക്കുകയാണ് സി.പി. എം ജില്ലാ നേതൃത്വം. വിവിവാദങ്ങളിൽ നിന്നും മുഖം രക്ഷിക്കാനുള്ള രാഷ്ട്രീയ അടവാണ് പണം തിരികെ നൽകുമെന്ന സി.പി. എം വാഗ്ദധാനമെന്നാണ് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നത്.

കരുന്നവൂർസഹകരണ ബാങ്ക് തട്ടിപ്പിനു ശേഷം സി.പി. എം നേരിടുന്ന വലിയ കീറാമുട്ടികളിലൊന്നായി പേരാവൂർ സഹകരണ ബാങ്ക് വിഷയവും മാറികഴിഞ്ഞിട്ടുണ്ട്. ഇതോടെ സഹകരണ സംഘം നടത്തിപ്പു അഴിമതി രഹിതവും ആക്ഷേപങ്ങൾക്ക് ഇടനൽകാത്തതുമായിരിക്കണമെന്ന സാരോപദേശം പാർട്ടി സമ്മേളനങ്ങളിൽ നടത്തിക്കൊണ്ടിരിക്കെയാണ് ഇടിത്തീപോലെ പേരാവൂരിലെ ചിട്ടിവിവാദവും സി.പി. എമ്മിനു മേൽ പതിച്ചിരിക്കുന്നത്.

ആസ്തി വിറ്റും ഇടപാടുകാരുടെ ബാധ്യത തീർക്കുമെന്നാണ് കഴിഞ്ഞ ദിവസം സി.പി. എം പേരാവൂർ ഏരിയാകമ്മിറ്റി നേതാക്കൾ പറയുന്നത്. എന്നാൽ ഈക്കാര്യം അത്ര എളുപ്പമല്ലെന്നാണ് സഹകരണ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നത്.മാത്രമല്ല ചിട്ടി തുടങ്ങുന്ന സമയത്ത് സൊസെറ്റി പ്രസിഡന്റായിരുന്നയാൾ ഇപ്പോൾ സി.പി. എം ലോക്കൽ സെക്രട്ടറി കൂടിയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ചിട്ടിതട്ടിപ്പുകേസിൽ നിന്നും തടിയൂരാനാണ് ജില്ലാ നേതൃത്വം നീക്കം നടത്തുന്നത്. സംഘം സെക്രട്ടറിയെയും ജീവനക്കാരെയും പഴിചാരുന്നത് ഇതിന്റെ ഭാഗമായാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സഹകരണ സ്ഥാപനത്തിന്റെ ആസ്തി വിറ്റു ബാധ്യതകൾ തീർക്കുമെന്ന് സി.പി. എം പറയുന്നുണ്ടെങ്കിലും ഒട്ടേറെ സാങ്കേതിക തടസങ്ങളുണ്ടെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. സൊസെറ്റിക്ക് നിലവിൽ ഭരണസമിതി നിലവിലുള്ളതിനാൽ ലിക്വിഡേഷിനു വേണ്ടി അപേക്ഷ നൽകേണ്ടി വരും.പക്ഷെ അതിനു മുൻപ് പൊതുയോഗം ചേർന്ന് അംഗങ്ങളുടെ അനുമതി വാങ്ങണം.ഈക്കാര്യങ്ങൾ സഹകരണ വകുപ്പ് അംഗീകരിച്ചാൽ മാത്രമേ സഹകരണ വകുപ്പ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിക്കൂ.ഇതോടെ സംഘം അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലാകും.

വായ്പാകുടിശിക പിരിച്ചെടുക്കാൻ നിയമനടപടികളും ആർബിട്രേഷനും നടത്തും.സംഘത്തിന്റെ ആസ്തിയും ബാധ്യതകളും നിക്ഷേപവും ഓഹരിമൂല്യവും നിശ്ചയിക്കും. ഇതിനു ശേഷമാണ്വിൽപനയ്ക്കു വയ്ക്കുക. എന്നാൽ ഇതിനൊക്കെ കാലം കുറേയെടുക്കുമെന്നാണ് നിക്ഷേപകർ പറയുന്നത്.ലിക്വഡേഷൻ നടപടി പൂർത്തിയായിട്ടും ഒന്നര പതിറ്റാണ്ടു കഴിഞ്ഞിട്ടും ആസ്തി വിൽപന നടത്താൻ കഴിയാത്ത സഹകരണ സംഘങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് പേരാവൂർ സഹകരണ സൊസെറ്റി സി.പി. എമ്മിനെ വട്ടം കറക്കുന്ന വിഷയമായി മാറുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close