INDIANEWSTop News

പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ വന്നാൽ പെട്രോള്‍ വില 75 രൂപയായും ഡീസല്‍ 68ലേക്കും കുറയുമോ? 45-ാമത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന്

ന്യൂഡൽഹി: പെട്രോൾ, ഡീസൽ, മറ്റ് പെട്രോളിയം ഉൽപന്നങ്ങൾ എന്നിവ രാജ്യത്തെ ഏക നികുതി സംവിധാനമായ ജിഎസ്ടിയ്ക്ക് കീഴിൽ കൊണ്ടു വരുന്നത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിൽ യോ​ഗം ഇന്ന്. 45-ാമത് ജിഎസ്ടി കൗൺസിൽ യോ​ഗം ഇന്ന് ചർച്ച ചെയ്യുന്നത് പെട്രോൾ-ഡീസൽ നികുതി നിരക്ക് സംബന്ധിച്ചാകും . പെട്രോൾ, ഡീസൽ, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള തീരുമാനം വന്നാൽ രാജ്യത്ത് പെട്രോൾ വില 75 രൂപയിലേക്കും ഡീസൽ വില 68 രൂപയിലേക്കെങ്കിലും കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്.

നൂറ് കടന്ന കുതിക്കുന്ന ഇന്ധന വില ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന് കേരള ഹൈക്കോടതിയും നിർദേശിച്ചിരുന്നു. ജിഎസ്ടി സംവിധാനത്തിൽ മാറ്റം വരുത്താൻ പാനലിലുളള നാലിൽ മൂന്ന് അംഗങ്ങളുടെ അനുമതി വേണം. സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രതിനിധികൾ ആണ് കൗൺസിൽ അംഗങ്ങൾ.

ലഖ്‌നൗവിൽ ചേരുന്ന യോഗത്തിൽ, കോവിഡ് -19 അവശ്യവസ്തുക്കളുടെ ഡ്യൂട്ടി ഇളവിനുള്ള കാലാവധി നീട്ടുന്നതും പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ധന വരുമാനം ഇല്ലാതാകുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർത്തേക്കും. കേരളം എതിർപ്പ് ഉന്നയിച്ച വെളിച്ചണ്ണയുടെ ജിഎസ്ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും. ഓൺലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന് ജിഎസ്ടി ചുമത്തണമെന്ന ആവശ്യവും കൗൺസിലിന് മുന്നിലെത്തും.

പെട്രോളിനും ഡീസലിനും ജിഎസ്ടിയിൽ കൊണ്ടുവരുന്നത് സംബന്ധിച്ച് കൗൺസിലിനോട് കോടതി ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ കൗൺസിലിൽ ഇക്കാര്യം ചർച്ചയ്ക്ക് വയ്ക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2017 ജൂലൈ 1ന് ജിഎസ്ടി നടപ്പിലാക്കി എക്സൈസ് തീരുവ, വാറ്റ് പോലുള്ള സംസ്ഥാന നികുതികൾ അവസാനിപ്പിച്ചപ്പോൾ അഞ്ച് പെട്രോളിയം ഉത്പന്നങ്ങളായ പെട്രോൾ, ഡീസൽ, എടിഎഫ്, പ്രകൃതിവാതകം, അസംസ്കൃത എണ്ണ എന്നിവയെ ജിഎസ്ടി പരിധിക്കുള്ളിൽ നിന്ന് കേന്ദ്രം ഒഴിവാക്കിയിരുന്നു.

കാരണം, കേന്ദ്ര – സംസ്ഥാന സർക്കാർ ധനവകുപ്പുകൾ ഈ ഉൽപന്നങ്ങളുടെ നികുതികളെ വളരെയധികം ആശ്രയിച്ചിരുന്നു. ജിഎസ്ടി ഒരു ഉപഭോഗ അധിഷ്ഠിത നികുതി ആയതിനാൽ, ഈ ഉൽപന്നങ്ങൾ വിൽക്കുന്ന സംസ്ഥാനങ്ങൾക്ക് വരുമാനം ലഭിക്കും. നിലവിൽ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വിലയുടെ പകുതിയോളം കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാന വാറ്റും ഉൾപ്പെടുന്നതാണ്. എന്നാൽ ഇവയ്ക്ക് ജിഎസ്ടി ചുമത്തുമ്പോൾ 28 ശതമാനം ഉയർന്ന നിരക്കായിരിക്കും ഈടാക്കുക.


പെട്രോൾ ഉൽപന്നങ്ങൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുന്നത് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കടുത്ത വെല്ലുവിളിയായിരിക്കുമെന്ന് നികുതി വിദഗ്ധർ പറയുന്നു. ജിഎസ്ടി പ്രകാരം, എല്ലാ വരുമാനവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 50:50 ആയി വിഭജിക്കപ്പെടും. ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ, സെപ്റ്റംബർ 17ലെ യോഗത്തിൽ 2022 ജൂണിന് ശേഷമുള്ള നഷ്ടപരിഹാര സെസ് തുടരുന്നതിനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും ചർച്ച ചെയ്തേക്കാം. 2019 ഡിസംബർ 18 നാണ് കോവിഡ് 19 ലോക്ക്ഡൗണിന് മുമ്പുള്ള അവസാന യോഗം നടന്നത്.

2017 ജൂലൈ 1 ന് ജിഎസ്ടി അവതരിപ്പിച്ചപ്പോൾ, ഒരു ഡസനിലധികം കേന്ദ്ര, സംസ്ഥാന നികുതികൾ സംയോജിപ്പിച്ചിരുന്നു. നികുതികൾ കുറയുന്നില്ലെങ്കിലും, ആഗോള എണ്ണവിലയിലെ വർദ്ധനവ് പെട്രോളിനെയും ഡീസലിനെയും എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിച്ചു. അത് തന്നെയാണ് ജിഎസ്ടിയുടെ കീഴിൽ വരാനുള്ള ആവശ്യകതയിലേക്ക് നയിച്ചതും. ജിഎസ്ടിയിൽ എണ്ണ ഉൽപന്നങ്ങൾ ഉൾപ്പെടുത്തുന്നത് രാജ്യത്തെ ഇന്ധനങ്ങളുടെ നികുതി ഏകീകരിക്കാൻ സഹായിക്കും.

വെള്ളിയാഴ്ച നടക്കുന്ന 45-ാമത് യോഗത്തിൽ കൗൺസിൽ, കോവിഡ് -19 അവശ്യവസ്തുക്കളിൽ ലഭ്യമായ ഡ്യൂട്ടി ഇളവ് നീട്ടുന്നതിനെക്കുറിച്ചും ആലോചിക്കും. മുമ്പത്തെ കൗൺസിൽ യോഗം ജൂൺ 12 ന് വീഡിയോ കോൺഫറൻസ് വഴി നടന്നിരുന്നു. ഈ സമയത്ത് വിവിധ കോവിഡ് -19 അവശ്യവസ്തുക്കളുടെ നികുതി നിരക്കുകൾ സെപ്റ്റംബർ 30 വരെ കുറച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close