KERALANEWSTop News

പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരം, ഫോണിന്റെ വില പോലും കുഞ്ഞിന് നൽകിയില്ല; ദൃശ്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു; പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: എട്ടുവയസ്സുകാരിയും പിതാവും പിങ്ക് പോലീസിന്റെ പരസ്യ വിചാരണയ്ക്കിരയായ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവത്തിന്റെ ദൃശ്യങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നുവെന്ന് കോടതി പറഞ്ഞു. പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണെന്നും ഫോണിന്റെ വില പോലും കുഞ്ഞിന് നൽകിയില്ലെന്നും കോടതി വിമർശിച്ചു.

സംഭവത്തിൽ ഡിജിപിയോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. പോലീസുകാരിയെ സ്ഥലം മാറ്റിയതിന്റെ കാരണം വ്യക്തമാക്കാനും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംഭവത്തിൽ മൂന്ന് മാസത്തിന് ശേഷം നടപടിക്ക് നിർദ്ദേശിച്ച് ബാലാവകാശ കമ്മീഷൻ രംഗത്തെത്തിയിരുന്നു. ബാലനീതി നിയമപ്രകാരം കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കുട്ടികളെ പരസ്യമായി അപമാനിക്കുന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യണം. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് പൊലീസിന് ബോധവത്ക്കരണം നൽകണമെന്നും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

നേരത്തെ മൊബൈൽ ഫോൺ മോഷണം ആരോപിച്ച് പെൺകുട്ടിയേയും പിതാവിനേയും പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിങ്ക് പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് കള്ളിയെന്ന് വിളിച്ചെന്നും അച്ഛന്റെ വസ്ത്രം അഴിച്ച് പരിശോധിച്ചെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

പോലീസിന്റെ പരസ്യ വിചാരണ മൂലം തനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടായി. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ പോലീസ് സംരക്ഷിക്കുയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ഹർജിയിൽ പറയുന്നു. ആരോപണ വിധേയയായ രജിതയുടെ ഇഷ്ടപ്രകാരം സ്ഥലം മാറ്റം നൽകിയെന്നും ഹർജിക്കാർ പറയുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്.

പരസ്യ വിചാരണ സംഭവത്തിൽ രജിതയ്ക്ക് പരമാവധി ശിക്ഷ നൽകിയെന്നാണ് ഐജി വ്യക്തമാക്കിയത്. മൊബൈൽ കാണാതായപ്പോൾ പോലീസുകാരി ജാഗ്രത പുലർത്തിയില്ല. പെൺകുട്ടിയോടും പിതാവിനോടും ഇടപെടുന്നതിൽ വീഴ്ചയുണ്ടായി. എന്നാൽ മോശം ഭാഷയോ ജാതി അധിക്ഷേപമോ പോലീസുകാരിയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് ഐജി നിരീക്ഷിച്ചു. വിഷയത്തിൽ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലം മാറ്റുകയും 15 ദിവസത്തെ പരിശീലനത്തിന് അയയ്ക്കുകയും ചെയ്തു. കൂടുതൽ ശിക്ഷ നൽകുന്നതിനുള്ള കുറ്റം പോലീസുകാരിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഐജി ഹർഷിത അട്ടല്ലൂരി ഡിജിപിക്കു നൽകിയിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

തോന്നക്കൽ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയുമാണ് ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ആറ്റിങ്ങൽ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായിരുന്ന രജിത പരസ്യ വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തിൽ ഉണ്ടായിരുന്ന തന്റെ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെന്നായിരുന്നു രജിതയുടെ ആരോപണം. മോഷ്ടിച്ച ഫോൺ ജയചന്ദ്രൻ മകൾക്ക് കൈമാറിയെന്നും രജിത ആരോപിച്ചു. അര മണിക്കൂറോളമാണ് ഇല്ലാത്ത ഫോൺ മോഷണത്തിന്റെ പേരിൽ ജയചന്ദ്രനേയും മകളേയും രജിത പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയത്.

ഐഎസ്ആ‍ര്‍ഒയിലേക്ക് കൂറ്റൻ യന്ത്ര സാമഗ്രികൾ കൊണ്ടുപോകുന്നത് കാണാൻ എത്തിയതായിരുന്നു ജയചന്ദ്രനും മകളും. വാഹനം എത്താൻ വൈകിയതോടെ അടുത്തുള്ള കടയിൽ പോയി വെള്ളം കുടിച്ച ശേഷം ഇരുവരും മടങ്ങിയെത്തി. നിർത്തിയിട്ട പിങ്ക് പോലീസ് വാഹനത്തിനു സമീപം നിൽക്കുകയായിരുന്നു ജയചന്ദ്രനും മകളും. ഇതിനിടെ പിങ്ക് പോലീസ് വാഹനത്തിനു സമീപത്തു നിന്ന രജിത ജയചന്ദ്രനോട് ഫോൺ നൽകാൻ ആവശ്യപ്പെട്ടു.

ജയചന്ദ്രൻ സ്വന്തം ഫോൺ നൽകിയപ്പോൾ ഇതല്ല, വാഹനത്തിൽ നിന്നും മോഷ്ടിച്ച ഫോൺ നൽകണമെന്ന് രജിത പറഞ്ഞു. ജയചന്ദ്രൻ ഫോൺ എടുത്തെന്നും മകൾക്ക് ഫോൺ കൈമാറുന്നത് താൻ കണ്ടതാണെന്നും രജിത ആരോപിച്ചു. ചോദ്യം ചെയ്യലിനിടെ കുട്ടി ഉറക്കെ കരഞ്ഞതോടെ നാട്ടുകാ‍ര്‍ ചുറ്റുംകൂടി. ജയചന്ദ്രൻ തന്റെ ഷ‍ര്‍ട്ട് ഉയ‍ര്‍ത്തി കാട്ടി ദേഹപരിശോധനയ്ക്ക് സന്നദ്ധനാകുകയും ചെയ്തു. ഫോൺ മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞെങ്കിലും രജിത ചെവിക്കൊണ്ടില്ല. കുട്ടികളെക്കൊണ്ട് മോഷ്ടിക്കാൻ ഇറങ്ങുന്നവർക്ക് ഇതൊക്കെ പതിവാണെന്നായിരുന്നു രജിതയുടെ ആരോപണം.

ഇതിനിടെ ദേശീയ പാതയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥ രജിതയുടെ ഫോണിലേക്ക് വിളിച്ചു. സൈലന്റാക്കിയ ഫോൺ വൈബ്രേഷൻ ഓണാക്കിയ നിലയിൽ കാറിനുള്ളിലെ ബാഗിൽ നിന്നും കണ്ടെത്തി. ഫോൺ സ്വന്തം ബാഗിൽ നിന്നു ലഭിച്ചിട്ടും രജിത വിട്ടുകൊടുത്തില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മറ്റൊരാൾ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തു വിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close