KERALANEWSTop News

യൂണിഫോം നിർബന്ധമില്ല; കുട്ടികൾക്ക് പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം; കോവിഡ് പോസിറ്റീവ് ആയവർക്കും ക്വാറന്റൈനിലുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക ക്ലാസ് മുറികൾ; പ്ലസ് വൺ പരീക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ എഴുതാൻ വരുന്ന കുട്ടികൾക്ക് യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷക്കെത്തുന്ന കുട്ടികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കു. പ്രവേശന കവാടത്തിൽ സാനിറ്റൈസര്‍ നൽകാനും തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനുമുള്ള സംവിധാനമൊരുക്കും.

പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ സ്‌കൂള്‍ കോമ്പൗണ്ടില്‍ കുട്ടികള്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും മാസ്‌ക് ധരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാര്‍ഥികള്‍ കൂട്ടം കൂടുന്നില്ലെന്ന് ഉറപ്പാക്കും. പ്രവേശന കവാടത്തില്‍ തന്നെ എക്‌സാം ഹാള്‍ ലേ ഔട്ട് പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. അനധ്യാപക ജീവനക്കാര്‍, പിടിഎ അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എസ്എസ്‌കെ ജീവനക്കാര്‍ തുടങ്ങിയവരുടെ സേവനം പരീക്ഷ നടത്തിപ്പിന് പ്രയോജനപ്പെടുത്തും.

ഇന്നലെ പ്ലസ് വൺ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയിൽ വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. യോഗത്തിൽ പരീക്ഷ തയ്യാറെടുപ്പുകൾ വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു ഐഎഎസ്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. എസ് വിവേകാനന്ദന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വി. അനില്‍കുമാര്‍, വിവിധ മേഖലകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർമാർ, എഡിമാർ തുടങ്ങിയവർ ഒരോ ജില്ലയിലെയും തയ്യാറെടുപ്പുകള്‍ വിവരിച്ചു. ഡിഎംഒ, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ക്ക് പരീക്ഷ സംബന്ധിച്ച വിവരങ്ങൾ നൽകാനും ആവിശ്യമായ സഹായങ്ങൾ അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പരീക്ഷ നടത്തും. സെപ്റ്റംബർ 22 ന് മുൻപായി പരീക്ഷാ ഹാള്‍, ഫര്‍ണിച്ചര്‍, സ്‌കൂള്‍ പരിസരം തുടങ്ങിയവ ശുചിയാക്കി അണുവിമുക്തമാക്കും. ഇതിനായി ആരോഗ്യവകുപ്പ്,പിടിഎ, സന്നദ്ധസംഘടനകള്‍, ഫയര്‍ഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായവും ഉപയോഗപ്പെടുത്തും.

കോവിഡ് പോസിറ്റീവ് ആയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഇൻവിജിലേറ്റര്‍മാര്‍ക്കും പിപിഇ കിറ്റ് ലഭ്യമാക്കാനുള്ള നടപടി ചീഫ് സൂപ്രണ്ടുമാർ സ്വീകരിക്കണം. പോസിറ്റീവ് ആയ കുട്ടികൾ പരീക്ഷയ്ക്ക് ഹാജരാകുന്നുണ്ടെങ്കിൽ വിവരം മുൻകൂട്ടി ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും വേണം. ഇവർ പ്രത്യേക ക്ലാസ് മുറിയിൽ ഇരുന്നായിരിക്കും പരീക്ഷ എഴുതേണ്ടത്. ശരീരോഷ്മാവ് കൂടുതലുള്ള വിദ്യാര്‍ഥികളും ക്വാറന്റൈനില്‍ ഉള്ള വിദ്യാര്‍ഥികളും പ്രത്യേകം പ്രത്യേകം ക്ലാസ് മുറികളില്‍ പരീക്ഷ എഴുതണം.

വിദ്യാർഥികൾ തമ്മിൽ ക്ലാസ്സുറികളിൽ പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങി മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ അനുവര്‍ത്തിക്കേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ ഉള്‍പ്പെടുന്ന നോട്ടീസ് പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും പ്രവേശനകവാടത്തില്‍ പ്രദര്‍ശിപ്പിക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലേക്കായി എല്ലാ വിദ്യാലയങ്ങളിലും മേഖലാ ഉപമേധാവിമാരുടെ നേതൃത്വത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കണം. ശീതീകരിച്ച ക്ലാസ് മുറികള്‍ പരീക്ഷയ്ക്ക് ഉപയോഗിക്കില്ല. വായുസഞ്ചാരം ഉള്ളതും വെളിച്ചം ഉള്ളതുമായ ക്ലാസ് മുറികൾ മാത്രമായിരിക്കും പരീക്ഷയ്ക്ക് ഉപയോഗിക്കുക.

അതേസമയം വിദ്യാഭ്യാസ ആരോഗ്യ വകുപ്പിന്റെ സംയുക്‌ത യോഗം വ്യാഴാഴ്ച ചേരും. ഇരുവകുപ്പിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സംസ്ഥാനത്തെ പൊതു മാനദണ്ഡത്തിന് രൂപം നൽകും. കുട്ടികൾക്കുള്ള മാസ്ക് വിതരണം, വാഹന സൗകര്യം, ഷിഫ്റ്റ് എങ്ങനെ വേണം എന്നിവയിലും തീരുമാനമുണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close