INDIANEWSTop News

ഇനി വടക്കുകിഴക്കൻ മേഖലയ്‌ക്ക് 5000 പുതിയ ഡോക്ടർമാരും അതിന്റെ ഇരട്ടിയിലധികം ആരോഗ്യപ്രവർത്തകരെയുമാണ് ലഭിക്കാൻ പോകുന്നത്; ഉത്തര്‍പ്രദേശില്‍ പുതിയ ഒൻപത് മെഡിക്കല്‍ കോളേജുകൾ ഉദ്‌ഘാടനം ചെയ്ത് പ്രധാനമന്ത്രി

ലക്നൗ: ഉത്തര്‍പ്രദേശില്‍ പുതിയ ഒൻപത് മെഡിക്കല്‍ കോളജുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. സിദ്ധാര്‍ഥ് നഗറില്‍ നിന്ന് വെര്‍ച്വല്‍ ആയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാനത്തെ ആരോഗ്യ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മെഡിക്കല്‍ കോളജുകളുകള്‍ ആരംഭിച്ചത്.

2329 കോടി രൂപ മുതല്‍മുടക്കിയാണ് മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്. സിദ്ധാര്‍ഥ് നഗര്‍, ഏട്ട, ഹര്‍ദോയ്, പ്രതാപ് ഗഡ്, ഫത്തേപൂര്‍, ദേവരിയ, ഗാസിപൂര്‍, മിര്‍സാപൂര്‍, ജാന്‍പൂര്‍ എന്നീ ജില്ലകളിലാണ് മെഡിക്കല്‍ കോളജുകള്‍. എട്ട് മെഡിക്കല്‍ കോളജുകള്‍ കേന്ദ്രപദ്ധതിയുടെ കീഴിലും ഒരെണ്ണം സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതിയുടെ കീഴിലുമായിരുന്നു നിര്‍മാണം. പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലാണ് കേന്ദ്രപദ്ധതിക്ക് കീഴില്‍ മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്. കേന്ദ്രപദ്ധതിക്ക് കീഴില്‍ രാജ്യത്ത് 157 പുതിയ കോളജുകളാണ് നിര്‍മിക്കുക. ഇതില്‍ 63 എണ്ണം പ്രവര്‍ത്തനം ആരംഭിച്ചു.

പൂർവ്വാഞ്ചൽ മേഖലയെ രാജ്യത്തെ വടക്കുകിഴക്കൻ മേഖലയുടെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ സിദ്ദാർത്ഥ് നഗറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഉത്തർപ്രദേശിലെ കിഴക്കൻ മേഖലയ്‌ക്കും മേഖലയിലെ മറ്റ് സംസ്ഥാനങ്ങൾക്കും ഇത് ഒരു ചരിത്രമുഹൂർത്തമാണ്. ഈ നിമിഷം ആരോഗ്യമേഖലയ്‌ക്ക് നൽകുന്നത് ഒരു ഡബിൾ ഡോസിന്റെ കരുത്തും സുരക്ഷയുമാണ്. ഇനി വടക്കുകിഴക്കൻ മേഖലയ്‌ക്ക് 5000 പുതിയ ഡോക്ടർമാരും അതിന്റെ ഇരട്ടിയിലധികം ആരോഗ്യപ്രവർത്തകരെയുമാണ് ലഭിക്കാൻ പോകുന്നത്. നിരവധി ഫാർമസികളും മരുന്നുനിർമ്മാണ കമ്പനികളും മേഖലയുടെ ആരോഗ്യസുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. ഉത്തർ പ്രദേശിലേയും സമീപ സംസ്ഥാനങ്ങളിലേയും യുവാക്കൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങളാണ് ഇന്ന് സമർപ്പിച്ചിരിക്കുന്നത്.’ നരേന്ദ്രമോദി പറഞ്ഞു.

മുൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷ വിമർശനമാണ് നരേന്ദ്രമോദി നടത്തിയത്. 60 ലേറെ വർഷം രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിലെ ജനതയെ നിത്യദുരിത ത്തിലാക്കിയ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികൾ ജനദ്രോഹപരമായിരുന്നു. അതിനുള്ള മറുപടിയാണ് പൂർവ്വാഞ്ചലിനെ മെഡിക്കൽ ഹബ്ബാക്കിമാറ്റി ബി.ജെ.പി സർക്കാർ ചെയ്യാൻ പോകുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

ദേശീയ ആരോഗ്യ മിഷന് പുറമേ ഇന്ത്യയിൽ എവിടേയും ചികിത്സാ സഹായം കിട്ടുന്ന വിപുലമായ ആരോഗ്യ രക്ഷാ പദ്ധതിയ്‌ക്കാണ് ആത്മനിർഭർ സ്വസ്ഥ ഭാരത് യോജനയിലൂടെ നടപ്പാവുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമർപ്പിക്കുന്നത്. ഇതുവഴി 17,188 ഗ്രാമീണ മേഖലയിലെ ആശുപത്രികളും നഗരമേഖലയിലെ 11,024 കേന്ദ്രങ്ങളും നിർമ്മിക്കും.

ഇതിന് കീഴിൽ രാജ്യത്തെ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഘട്ടംഘട്ടമായി നടപ്പാവുക. നാല് അത്യാധുനിക വൈറോളജി ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയുടെ തെക്കു – കിഴക്കൻ ഏഷ്യയുടെ ഗവേഷണ കേന്ദ്രവും, 9 ബയോസുരക്ഷാ ലാബുകളും, 5 റീജണൽ സെന്ററുകളും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും സ്വസ്ഥ് ഭാരത് മിഷന്റെ ചുമതലവഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close