സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്നത് തമിഴ്നാട്ടിലെ ആചാരമാണെന്നറിയില്ലേയെന്ന് കോടതി; പ്രായപൂർത്തിയാകാത്ത മരുമകളെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കി

ചെന്നൈ: പ്രായപൂർത്തിയാകാത്ത മരുമകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിധിച്ച 10 വർഷത്തെ തടവുശിക്ഷ സുപ്രീം കോടതി റദ്ദാക്കി. ഇരയും പ്രതിയും ഇപ്പോൾ വിവാഹിതരും കുട്ടികളുമുള്ളവരാണെന്നും അടിസ്ഥാന യാഥാർത്ഥ്യത്തിലേക്ക് കണ്ണടച്ച് അവരുടെ സന്തുഷ്ട കുടുംബത്തെ ശല്യപ്പെടുത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. പെൺകുട്ടിയുടെ മാതൃസഹോദരനുമായുള്ള വിവാഹം തമിഴ്നാട്ടിലെ ആചാരമാണെന്ന് ചൂണ്ടുിക്കാട്ടിയ സുപ്രീം കോടതി, കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, പുരുഷന്റെ ശിക്ഷ റദ്ദാക്കാൻ അർഹമാണെന്ന് പറഞ്ഞു.
2018ൽ തമിഴ്നാട് തിരുപ്പൂരിലെ കോടതിയാണ് പ്രതിക്കെതിരെ പോക്സോ ചുമത്തി ശിക്ഷ വിധിച്ചത്. 2019ൽ ശിക്ഷ ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിവാഗ വാഗ്ദ്ധാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ഇയാൾക്കെതിരായി ചുമത്തിയിരുന്ന കുറ്റം. എന്നാൽ പെൺകുട്ടി സന്തോഷപൂർണമായ വിവാഹജീവിതം നയിക്കുകയാണെന്നും ഇവരുടെ കുടുംബജീവിതത്തെ തകർക്കുന്ന തരത്തിൽ കോടതി ഇടപെടുന്നത് നീതിയല്ലെന്നുമുള്ള പ്രതിയുടെ അഭിഭാഷന്റെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
പീഡനം നടക്കുന്ന സമയം പെൺകുട്ടിക്ക് 14 വയസ് മാത്രമാണുണ്ടായിരുന്നതെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുമ്പോൾ പെൺകുട്ടിക്ക് 15 വയസായിരുന്നെന്നും 17ാമത്തെ വയസിൽ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്നുമുള്ളവാദങ്ങളെയും കോടതി തള്ളി. യുവതിയുടെ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് മൊഴി രേഖപ്പെടുത്താൻ ജില്ലാ ജഡ്ജിയോട് മുൻപ് നിർദേശിച്ചിരുന്നതായി മെയ് 9 ലെ ഉത്തരവിൽ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അവരെ പരിപാലിക്കുന്നത് ഭർത്താവാണെന്നും താൻ സന്തോഷകരമായ ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചായിരുന്നു സുപ്രീം കോടതി ശിക്ഷ റദ്ദാക്കിയത്.പെൺകുട്ടി വിവാഹജീവിതത്തിൽ സന്തോഷവതിയാണെന്നും അവരുടെ കുടുംബജീവിതത്തെ അലോസരപ്പെടുത്താൻ സാധിക്കുകയില്ലായെന്നുമാണ് സുപ്രീം കോടതി ശിക്ഷാ വിധി റദ്ദാക്കിക്കൊണ്ട് വ്യക്തമാക്കിയത്. മാത്രമല്ല മരുമകളെ വിവാഹം കഴിക്കുന്നത് തമിഴ്നാട്ടിൽ ആചാരമായി കണക്കാക്കാറുണ്ടെന്നതും കോടതി വിലയിരുത്തി.