INDIANEWSTop News

ബിജെപി നടപ്പാക്കുന്നത് ദേശീയത, ജനക്ഷേമം, ഹിന്ദുത്വം എന്നീ ആശയങ്ങൾ; ഇതിൽ രണ്ടെണ്ണത്തെയെങ്കിലും മറികടക്കണം; പിന്നെ വേണ്ടത് എല്ലാ പ്രതിപക്ഷ ക​ക്ഷികളുടെയും ഐക്യവും; ബിജെപിയെ പരാജയപ്പെടുത്തുകയെന്നാൽ എളുപ്പത്തിൽ നടത്തിയെടുക്കാൻ കഴിയുന്ന ഒന്നല്ലെന്ന് പ്രശാന്ത് കിഷോർ

ന്യൂഡൽഹി: ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം മാത്രം പോരാ അവർ നടപ്പാക്കുന്ന ദേശീയത, ജനക്ഷേമം, ഹിന്ദുത്വം എന്നീ ആശയങ്ങളിൽ രണ്ടെണ്ണത്തിനെ എങ്കിലും മറികടക്കുന്ന അജണ്ട കൂടി വേണമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ ഈ പ്രതികരണം. 2014 മുതൽ രാജ്യത്ത് ബിജെപിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബിജെപിയെ പരാജയപ്പെടുത്തുകയെന്നാൽ എളുപ്പത്തിൽ നടത്തിയെടുക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. എന്നാൽ അത് അസംഭവ്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പക്ഷേ അതിനായി എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമനസ്സോടെ പ്രവർത്തിക്കേണ്ടി വരും എന്നാണ് പ്രശാന്ത് കിഷോർ പറയുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ബിജെപി മുന്നോട്ട് വെക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതിൽ ഒന്നിനെയെങ്കിലും മറികടക്കുന്ന രീതിയിൽ തന്ത്രങ്ങൾ മെനയാൻ കഴിഞ്ഞാൽ മാത്രമേ പാർലമെന്ററി രാഷ്ട്രീയത്തിൽ ബിജെപിക്ക് വെല്ലുവിളി ഉയർത്താൻ പ്രതിപക്ഷത്തിന് സാധിക്കുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

2024ൽ ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കുമോ എന്ന് ചോദിച്ചാൽ കഴിയും എന്നാണ് ഉത്തരം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാലും അവരെ താഴെയിറക്കാൻ കഴിയും. പക്ഷേ ഇപ്പോഴത്തെ സഖ്യങ്ങളും അതിലെ നേതാക്കളും ഒന്നും അതിന് പ്രാപ്തരല്ല. 2012ൽ ഈ സംസ്ഥാനങ്ങളിലെല്ലാം പരാജയപ്പെട്ട ബിജെപി 2014ൽ എന്താണ് നേടിയെടുത്തത് എന്ന് എല്ലാവർക്കും അറിയാം.

ഹിന്ദുത്വത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ബിജെപി എന്ന രാഷ്ട്രീയ പാർട്ടി. ഹിന്ദുത്വ നിലപാടിന് ഒപ്പം ദേശീയത, ജനക്ഷേമം എന്നിവയിലും ഊന്നിയുള്ളതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ. ഇതിൽ ഏതെങ്കിലും രണ്ടെണ്ണത്തെ മറികടക്കുകയും കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കുകയും ചെയ്താൽ മാത്രമേ ബിജെപിയെ താഴെയിറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. 2015ൽ ബിഹാറിൽ ഒരു മഹാസഖ്യം വിജയിച്ചതിന് ശേഷം അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നതും പ്രശാന്ത് കിഷോർ ചൂണ്ടിക്കാണിക്കുന്നു.

കുറച്ച് രാഷ്ട്രീയ പാർട്ടികൾ സഖ്യത്തിന് വേണ്ടി മാത്രം ഒരുമിച്ച് നിന്നതുകൊണ്ട് ബിജെപിയെ വെല്ലുവിളിക്കാൻ കഴിയില്ല. വരാനിരിക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ സാമൂഹിക അടിത്തറ ശക്തിപ്പെടുത്തണം. ദേശീയ തലത്തിൽ ഒരു ശക്തമായ പ്രതിപക്ഷ സഖ്യം രൂപപ്പെട്ട് വരികയാണെങ്കിൽ അവരെ സഹായിക്കാനും സഹകരിക്കാനും താൻ തയ്യാറാണെന്ന് പ്രശാന്ത് കിഷോർ പറയുന്നു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മഹാവിജയങ്ങൾ സ്വന്തമാക്കുമ്പോഴും നിയസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് പലപ്പോഴും അടിതെറ്റുന്നു. ഇതിനുള്ള കാരണം ദേശീയതയെ ബിജെപി എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ്. പൊതു തിരഞ്ഞെടുപ്പിൽ ദേശീയത ചർച്ചയാകും. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങളാണ് കൂടുതലും ചർച്ചയാകുന്നത്. ഈ പരിമിധി ദേശീയതലത്തിൽ നോക്കുമ്പോൾ ബിജെപിക്ക് നേരിടേണ്ടി വരുന്നില്ല.

ബിജെപിയെ താഴെയിറക്കാൻ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കുന്നു. ബിഹാർ, ബംഗാൾ, ഒഡീഷ. തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 200 മണ്ഡലങ്ങൾ പരിശോധിച്ചാൽ 50 സീറ്റുകളാണ് ബിജെപിക്ക് ഈ മേഖലയിൽ നിന്ന് നേടാൻ കഴിയുന്നത്. പക്ഷേ ബാക്കി വരുന്ന 350 സീറ്റുകളിൽ ബിജെപിയുടെ തേരോട്ടമാണ് കാണാൻ കഴിയുക. ഇവിടെ അവരുടെ ശക്തികേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കുകയാണ് പ്രധാനം.

പ്രതിപക്ഷത്തെ പാർട്ടികൾ ഒരു സഖ്യത്തിലായ ശേഷം മുൻപ് പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും രണ്ട് മേഖലയിൽ ബിജെപിയെ മറികടക്കാൻ കഴിയുകയും ചെയ്താൽ ഇപ്പോഴത്തെ അവസ്ഥയിൽ 250 സീറ്റുകൾ വരെ നേടാനാകും. ഉത്തരേന്ത്യയിലും പടിഞ്ഞാറേ ഇന്ത്യയിലും നൂറ് സീറ്റ് കൂടി അധികം നേടുകയാണ് ഇതിനായി ചെയ്യേണ്ടത്.

ഒരു രാജ്യത്തെ സംബന്ധിച്ച് ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ കോൺഗ്രസ് തകരാൻ പാടില്ലെന്ന് വിശ്വസിക്കുന്നു. അഞ്ച് മാസം കൊണ്ട് സഖ്യം ഉണ്ടാക്കി ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ല. അതിന് ദീർഘവീക്ഷണം കൂടിയുള്ള ഒരു നേതൃത്വം ഉണ്ടാകണം. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള കാലത്തേക്കുള്ള പദ്ധതിയുമായി വേണം ബിജെപിയെ നേരിടാൻ ഇറങ്ങാൻ. അത് സംഭവിക്കും അതാണ് ജനാധിപത്യത്തിന്റെ ശക്തി- പ്രശാന്ത് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close