KERALANEWSTop News

മിനിമം ചാർജ് വർധിപ്പിക്കണം; സ്വകാര്യ ബസുകൾ സമരത്തിലേക്ക്; അടുത്ത മാസം 9 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ സമരത്തിലേക്ക്. അടുത്ത മാസം 9 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇത് സംബന്ധിച്ച് ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി.

കോവിഡ് പ്രതിസന്ധിയോടൊപ്പം ഇന്ധനവില വർധനയും കാരണം സർവീസ് നടത്താൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് ബസുടമകൾ പറയുന്നത്. ഇതിന് മുമ്പ് 2018ലാണ് ബസ് ചാര്‍ജ് പരിഷ്‌കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് കടന്നു. ഇതിന് പുറമേ കോവിഡ് പശ്ചാത്തലത്തില്‍ ബസില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുകള്‍ നീങ്ങുന്നത്.

കുറഞ്ഞ നിരക്ക് എട്ടില്‍ നിന്ന് പത്തായി ഉയര്‍ത്തണമെന്നും അടുത്തമാസം ഒന്നാം തീയതിക്കുള്ളിൽ തീരുമാനമെടുക്കണമെന്നും സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് നേരത്തെ അറിയിച്ചിരുന്നു. നികുതി അടവ് പൂര്‍ണമായും ഒഴിവാക്കാതെ മുഴുവന്‍ ബസുകളും നിരത്തിലിറക്കുക പ്രതിസന്ധിയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പാലക്കാട് പറഞ്ഞിരുന്നു. ഇന്ധനവില വര്‍ധന കുത്തനെ കൂടുന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കുക പ്രതിസന്ധിയാകും. ഓട്ടം നിര്‍ത്തിയ ബസുകളില്‍ മുപ്പത് ശതമാനം മാത്രമാണ് നിരത്തിലിറങ്ങിയത്. കടക്കെണിയിലായ മറ്റ് ബസുടമകള്‍ക്ക് നികുതിയെങ്കിലും കുറച്ച് നല്‍കിയാല്‍ മാത്രമേ ബസ് ഓടിക്കാനാകൂ. നിരക്ക് കൂട്ടണമെന്ന ബസുടമകളുടെ ആവശ്യം വേഗത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കാനിടയില്ല. അങ്ങനെയെങ്കില്‍ ഇന്ധനവില വര്‍ധന തുടരുന്ന സാഹചര്യത്തില്‍ നിരത്തിലുള്ള പല ബസുകളും പിന്‍വലിക്കാനാണ് സംഘടനകളുടെ തീരുമാനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close