INDIANEWSTop News

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജി വെച്ചേക്കും; ഹൈക്കമാന്റ് രാജി ആവിശ്യപെട്ടെന്ന് സൂചന; രണ്ട് മണിക്ക് ചേരുന്ന യോഗത്തിൽ തീരുമാനം

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചേക്കും. അമരീന്ദറിന്റെ രാജി ഹൈക്കമാന്റ് ആവിശ്യപെട്ടെന്നാണ് സൂചന. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്‌ജോത് സിങ് സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.ഇന്ന് ഉച്ചയ്ക്ക് അമരീന്ദർ സിങ് അനുയായികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ചേരുന്ന യോഗത്തിൽ രാജി പ്രഖ്യാപനത്തെക്കുറിച്ച് തീരുമാനമെടുക്കും.

മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും തമ്മിൽ ദീർഘ നാളായി സ്വരച്ചേർച്ചയിലായിരുന്നില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ നവ ജ്യോതി സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ മുതൽ അമരീന്ദർ തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നവ്‌ജോത് സിങ് സിദ്ദുവിന്റെ പ്രവർത്തന ശൈലി പാർട്ടി നേതാക്കൾക്കും അണികൾക്കും അം​ഗീകരിക്കാനാകുന്നതല്ലെന്നാണ് അമരീന്ദർ സിങ് കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചത്.‘സിദ്ദുവിന്റെ പ്രവർത്തന രീതി കോൺഗ്രസിന്റേതല്ല. പഴയകാല പാർട്ടി അംഗങ്ങളെ അതു ചൊടിപ്പിക്കും. ഇതുകാരണം കോൺഗ്രസ് വിഭജിക്കപ്പെടും.’ തന്റെ എതിർപ്പ് അറിയിച്ച് നൽകിയ കത്തിൽ അമരീന്ദർ സിങ് വ്യക്തമാക്കിയിരുന്നു. ഇവർ തമ്മിലുള്ള പോരിൽ നേതൃത്വം ഉലയുകയായിരുന്നു. അതേസമയം അമരീന്ദറും സിദ്ധുവും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും അഥവാ അങ്ങനെ എന്തെങ്കിലും ഒരു തര്‍ക്കമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ എന്നും പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.

കർഷക സമരത്തിനെതിരെയും അമരീന്ദർ രംഗത്തെത്തിയിരുന്നു. കർഷക സമരം ചെയ്യുന്നവർ കേന്ദ്രസർക്കാരിനെതിരെ ദില്ലിയിൽ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്നും പഞ്ചാബിനെ ഒഴിവാക്കണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കർഷക സമരം പഞ്ചാബിന്റെ വികസനത്തെ സാരമായി ബാധിക്കുന്നുവെന്നും പഞ്ചാബിനെ സമരത്തിൽ നിന്ന് ഒഴിവാക്കണമെന്നും അമരീന്ദ്രർ സിംഗ് പറഞ്ഞു. പുതുക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും താങ്ങു വില വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉത്തരേന്ത്യയിൽ കർഷക സമരം ശക്തമാകുമ്പോളാണ്
അമരീന്ദർ കർഷകർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close