
തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടുന്നു. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കേരള സർക്കാരിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വന്നു. ഈ വർഷം സംസ്ഥാനത്ത് പേവിഷബാധ സ്ഥിരീകരിച്ച എല്ലാവരും മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
സർക്കാരിന്റെ ഔദ്യോഗിക കണക്കിൽ ഈ വർഷം 10 പേവിഷബാധ മരണങ്ങൾ ഉണ്ടായെന്നാണ് പറയുന്നത്. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം 18 പേർ പേവിഷബാധയേറ്റ് മരിച്ചെന്നാണ് വിവരം. ഈ മാസം തന്നെ മൂന്ന് പേരാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്. പേവിഷബാധക്കെതിരെ ശക്തമായ പ്രതിരോധം ആർജിച്ച സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ള കേരളത്തിൽ തന്നെ ഇത്തരത്തിൽ മരണങ്ങൾ കുത്തനെ ഉയരുന്നത് ഗൗരവതരമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വാക്സിൻ സൂക്ഷിക്കുന്നതിലോ വാക്സിൻ നൽകുന്നതിലോ ഉള്ള പാകപ്പിഴയാകാം കാരണമെന്നാണ് അനുമാനം. രോഗലക്ഷണം പ്രകടമായാൽ മരണം ഉറപ്പാണ്. എന്നാൽ, ശരിയായ വാക്സിൻ യഥാസമയം സ്വീകരിച്ചാൽ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുന്നതുമാണ് റാബിസ് രോഗബാധ.
ഇപ്പോൾ മരിച്ചവരിൽ മിക്കവരും വാക്സിൻ സ്വീകരിച്ചവരാണ്. കാസർകോട് സ്വദേശി ഏഴുവയസ്സുകാരൻ ആനന്ദ്, മുത്തങ്ങയിലെ കിരൺകുമാർ (30), കാസർകോട് സ്വദേശിനി വിൻസി (17) എന്നിവരുടെ മരണങ്ങൾ അടുത്തിടെ സംഭവിച്ചതാണ്. ഇന്ത്യയിൽ നിരവധി കമ്പനികൾ വാക്സിൻ നിർമിക്കുന്നുണ്ട്. നിർമാണത്തിലെ പാളിച്ച, ഗുണമേന്മ, വിതരണ കേന്ദ്രങ്ങളിലേക്കെത്തിക്കുന്നതിലെ വീഴ്ച, സൂക്ഷിക്കുന്നതിലെ പോരായ്മ തുടങ്ങിയവയൊക്കെ സംശയിക്കപ്പെടുന്നു. എങ്കിലും സാധ്യതയേറെയും ചൂണ്ടിക്കാട്ടപ്പെടുന്നത് കുത്തിവെപ്പിലെ സാങ്കേതിക പിഴവിലേക്കാണ്.
സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ആശുപത്രികളിലും സൗജന്യമായാണ് ഈ വാക്സിൻ നൽകുന്നത്. അത് ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ഷെഡ്യൂളുകളിൽ എടുക്കണം. ദിവസംതോറും നിരവധിയാളുകളാണ് നായ്, പൂച്ച മറ്റ് വളർത്തുമൃഗങ്ങൾ എന്നിവയുടെ കടിയേറ്റ് ചികിത്സ തേടുന്നത്.