KERALANEWSTop News

സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ കനക്കും. 25 വരെ സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉണ്ട്. ഇതിനാൽ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

അറബിക്കടലിലെ ന്യൂനമര്‍ദ്ദം നിലവില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദ്ദത്തോട് അനുബന്ധിച്ചുള്ള ചക്രവാതചുഴിയോടൊപ്പം മധ്യ കിഴക്കന്‍ അറബികടല്‍ മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശത്തുമായി ഒരു ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അറബികടലിലെ ശക്തി കൂടിയ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരള തീരത്ത് നിലവില്‍ ഭീഷണിയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അതേസമയം നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് ഡാമുകളിൽ ജലനിരപ്പുയരുകയാണ്. ഇടുക്കി ഡാമിൽ ജലനിരപ്പ് 2400 അടി കടന്നു. മുല്ലപ്പെരിയാറിലും ജലനിരപ്പുയരുകയാണ്. നിലവിൽ 141.05 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഞായറാഴ്​ച വൈകീട്ട് ഇടുക്കി ഡാമിലെ​ ജലനിരപ്പ്​ 2400.12 അടിയാണ്​.

ഇടുക്കിയിൽ ജലനിരപ്പ്​ ക്രമീകരിക്കുന്നതിന്​ ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടർ ആദ്യം 40ഉം പിന്നീട്​ 80ഉം സെൻറിമീറ്റർ ഉയർത്തിയിരുന്നു. എന്നാൽ, വലിയ മരം ഷട്ടറിന്റെ ഭാഗത്തേക്ക്​ ഒഴുകിവന്നതിനെത്തുടർന്ന്​ ശനിയാഴ്​ച രാത്രി 10.15ന്​ അടച്ചു. പിന്നീട്​ മരം നീക്കിയെങ്കിലും ഷട്ടർ തുറന്നില്ല. ഇതിനിടെ ഡാമിലെ റൂൾ കർവ്​ പുതുക്കുകയും ചെയ്​തു. ഇതനുസരിച്ച്​ ഓറഞ്ച് അലേർട്ട്​ ലെവൽ 2401 അടിയും റെഡ്​ അലേർട്ട്​ ലെവൽ 2402 അടിയുമാണ്​. നിലവിൽ ബ്ലൂ അലെർട്ടിലാണ്​. സംഭരണശേഷിയുടെ 96.56 ശതമാനം വെള്ളം ഇപ്പോൾ ഡാമിലുണ്ട്​.

മുല്ലപ്പെരിയാറിൽ 10 സെ.മീ. ഉയർത്തിയ ഒരുഷട്ടർ വഴി 132 ഘനയടി വെള്ളമാണ്​ പുറത്തേക്ക്​ ഒഴുക്കുന്നത്​. സെക്കൻഡിൽ 2132 ഘനയടി വെള്ളം ഡാമിൽ ഒഴുകിയെത്തുന്നുണ്ട്​. തമിഴ്​നാട്​ കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ്​ സെക്കൻഡിൽ 2000 ഘനയടിയാണ്​.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക
മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close