KERALANEWSTop News

രാജി വെച്ചൊഴിയുന്നത് 15 വർഷമായി മറ്റാർക്കും കൈമാറാത്ത സ്ഥാനങ്ങൾ; സുധാകരൻ നടത്തട്ടെയെന്ന് പറഞ്ഞ് വെച്ചൊഴിയുന്നത് വൻ സാമ്പത്തിക ബാധ്യതയുള്ള സ്ഥാപനങ്ങൾ; ചെന്നിത്തല കോൺഗ്രസിന് കൊടുക്കുന്നത് എട്ടി​ന്റെ പണി

കെപിസിസി അധ്യക്ഷനായി ആദ്യം തിരുവനന്തപുരത്ത് എത്തിയപ്പോൾ ഏറ്റെടുത്ത സ്ഥാനങ്ങളാണ് ഇപ്പോൾ ചെന്നിത്തല രാജി വെച്ചൊഴിഞ്ഞിരിക്കുന്നത്. കെപിസിസി അധ്യക്ഷനാണ് ഈ സ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതെന്ന് പറഞ്ഞാണ് ചെന്നിത്തല ഒഴിയുന്നത്. പക്ഷെ ഇങ്ങനെ പറഞ്ഞ് ഒഴിഞ്ഞുപോകുമ്പോഴും കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി മറ്റാർക്കും കൊടുക്കാതെ ഈ സ്ഥാനങ്ങളിൽ ചെന്നിത്തല തുടർന്നു എന്നതാണ് വസ്തുത. ഇതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെപിസിസി അധ്യക്ഷന്മാരായി വന്നു. ഇവർക്കുവേണ്ടിയും സ്ഥാനമൊഴിഞ്ഞു മാറാൻ ചെന്നിത്തല തയ്യാറായില്ല. മുല്ലപ്പള്ളിയും സുധീരനും അന്ന് ഈ സ്ഥാനങ്ങൾ ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല എന്നാണ് ഇപ്പോൾ ചെന്നിത്തല പറയുന്നത്. പുതിയ നേതൃത്വത്തിനായി കീഴ്വഴക്കം പോലെ മാറുന്നു എന്നാണ് ചെന്നിത്തലയുടെ വാദം. എന്നാൽ വൻ
സാമ്പത്തിക ബാധ്യത നേരിടുന്ന സ്ഥാപനങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും കൈ കഴുകി കോൺഗ്രസ്സിനിട്ട് മുട്ടൻ പണി കൊടുത്തുകൊണ്ടാണ് ചെന്നിത്തല ഒഴിഞ്ഞു മാറുന്നത്.

കഴിഞ്ഞ 24 നാണ് രമേശ് ചെന്നിത്തല രാജി വെച്ചത്. ജയ്‌ഹിന്ദ്‌ പ്രസിഡന്റ് സ്ഥാനം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൌണ്ടേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങളിൽ നിന്നാണ് രമേശ് ചെന്നിത്തല ഒഴിഞ്ഞത്. 2006 മുതൽ രമേശ് ചെന്നിത്തലയ‌ുടെ കീഴിലുള്ള ഈ സ്ഥാപനങ്ങൾ ഇപ്പോൾ നേരിടുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്. നിലവിൽ കെ കരുണാകരൻ ഫൗണ്ടേഷൻ ഒഴികെയുള്ള 3 സ്ഥാപനങ്ങളിലായി 35 കോടിയുടെ ബാധ്യതയാണുള്ളത്. ബാധ്യതകൾ പരിഹരിച്ച് മുമ്പോട്ട് കൊണ്ടുപോകേണ്ടത് പ്രസിഡന്റിന്റെ ഉത്തരവാദിത്വമായിരിക്കെയാണ് ​ഇനിയുള്ളത് നിങ്ങൾ നോക്കിക്കോ എന്ന രീതിയിൽ ചെന്നിത്തല കൈ കഴുകുന്നത്.

അതേ സമയം അങ്ങനെയങ്ങ് പോകാൻ വരട്ടെ എന്ന് പറഞ്ഞാണ് സുധാകര​ന്റെ നിൽപ്. ചെന്നിത്തലയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നാണ് കെ സുധാകരന്റെ നിലപാട്. കെ സുധാകരൻ കെപിസിസി പ്രസിഡന്റായതിന് പിന്നാലെയാണ് ചെന്നിത്തലയുടെ രാജി. ഡിസിസി പട്ടിക വിഷയത്തിലെ അതൃപ്തി കൂടി നിലനിൽക്കെ സുധാകരന് ഒരു പണി ഇരിക്കട്ടെ എന്ന നിലയിലായിരിക്കും ചെന്നിത്തല ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വേണം കരുതാൻ. രാജി വെച്ച് ഇത്ര ദിവസം കഴിഞ്ഞിട്ടും ഒരു ചർച്ചയ്‌ക്കോ അനുനയത്തിനോ ശ്രമം ഉണ്ടാകാത്തതിനാൽ ചെന്നിത്തല ഇനി തിരികെ സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയില്ല.

എന്തായാലും ഇത്രയും നാൾ തലപ്പത്തിരുന്ന ചെന്നിത്തല ഒഴിയുന്നതോടെ കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ ഓഡിറ്റ് നടത്താൻ തീരുമാനമായിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close