INDIANEWS

‘വീണ്ടും സ്വാഗതം, എയർ ഇന്ത്യ’; 68 വർഷത്തിന് ശേഷം എയർ ഇന്ത്യ തന്റെ കൈകളിലേക്ക് തിരിച്ചെത്തിയ സന്തോഷം പങ്കുവെച്ച് രത്തൻ ടാറ്റ

ടാറ്റയുടെ കൈകളിലേക്ക് തിരിച്ചെത്തിയ എയർ ഇന്ത്യക്ക് സ്വാഗതം അറിയിച്ച് രത്തൻ ടാറ്റ. ‘വീണ്ടും സ്വാഗതം, എയർ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് ട്വീറ്റ്. ‘എയർ ഇന്ത്യയ്ക്കുള്ള ലേലത്തിൽ ടാറ്റ ഗ്രൂപ്പ് വിജയിക്കുന്നത് ഒരു വലിയ വാർത്തയാണ്. എയർ ഇന്ത്യയെ ഇനിയും ഉയരങ്ങളിലേക്ക് ഉയർത്താൻ ഞങ്ങൾ പരിശ്രമിക്കും.’ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുത്ത വ്യവസായങ്ങൾ സ്വകാര്യവത്കരിക്കുന്നതിന് അദ്ദേഹം സർക്കാരിന് നന്ദിയും അറിയിച്ചു. ഈ അവസരത്തിൽ ഉണ്ടായിരുന്നെങ്കിൽ ജെ. ആർ. ഡി. ടാറ്റ ഏറെ ആഹ്ലാദിക്കുമായിരുന്നെന്നും അദ്ദേഹം കുറിച്ചു.

ലേലത്തിൽ ഏറ്റവും ഉയർന്ന വില നൽകിയാണ് ടാറ്റ എയർ ഇന്ത്യ സ്വന്തമാക്കിയത്. ലേലത്തിലെ ഏറ്റവും ഉയർന്ന വിലയായ 18000 കോടി രൂപ ടാറ്റയുടേതായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തോടെ കൈമാറ്റം പൂർണ്ണമാക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

അറുപത്തിയെട്ട് വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യ തിരിച്ച് ടാറ്റ സൺസിന്റെ കൈകളിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എയർ ഇന്ത്യ ഏറ്റെടുക്കാനുള്ള ലേലത്തിൽ ടാറ്റ സൺസിന്റെ ടെൻഡറിന് അംഗീകാരമായതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള സമിതി എയർ ഇന്ത്യയുടെ ടെൻഡറിന് അംഗീകാരം നൽകിയിരുന്നു.

എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ എക്സ്പ്രസിൽ എയർ ഇന്ത്യയ്ക്കുള്ള ഓഹരിയും എർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്സിന്റെ അൻപതു ശതമാനം ഓഹരിയും കൈമാറും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close