KERALANEWS

റേഷൻ കാർഡിലെ തെറ്റ് തിരുത്താനും വിവരങ്ങൾ പുതുക്കാനും ഉടൻ അവസരം; ഒരു വർഷത്തിനകം എല്ലാ റേഷൻ കാർഡുകളും സ്മാർട്ട് റേഷൻ കാർഡുകളാക്കും; തെളിമ പദ്ധതിയുടെ വിശദവിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും വിവരങ്ങൾ പുതുക്കാനും ഉപഭോക്താക്കൾക്ക് ഉടൻ അവസരം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള തെളിമ പദ്ധതി നവംബർ 15ന് ആരംഭിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. റേഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നത് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ പദ്ധതി 2022 ജനുവരി ഒന്നിനു പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

2017-ലെ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ വന്ന പിശകുകള്‍ തിരുത്തുന്നതിനായാണ് ‘തെളിമ’ പദ്ധതി നടപ്പാക്കുന്നത്. അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം തുടങ്ങിയവയിലെ പിശകുകള്‍, എല്‍.പി.ജി, വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി അനുവദിക്കും. ഡിസംബര്‍ 15 വരെയാണ് ക്യാംപെയിന്‍. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ഒരു മാസക്കാലം ഈ ക്യാംപെയിന്‍ നടത്തും.

2022 ഏപ്രില്‍ മാസത്തോടെ എല്ലാ റേഷന്‍ കാര്‍ഡുകളും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡുകളാക്കുമെന്നു മന്ത്രി വ്യക്തമാക്കി. സ്മാര്‍ട്ട് കാര്‍ഡിലേക്കു പോകുമ്പോള്‍ കാര്‍ഡിലെ വിവരങ്ങള്‍ പൂര്‍ണമായും ശരിയാണെന്ന് ഉറപ്പു വരുത്താനും ‘തെളിമ’ പദ്ധതിയിലൂടെ സാധിക്കും. റേഷന്‍ കാര്‍ഡുകള്‍ ശുദ്ധീകരിക്കുക എന്നതിന്റെ ആവശ്യകത കാര്‍ഡ് ഉടമകളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. റേഷന്‍ കാര്‍ഡുകളുടെ പരിവര്‍ത്തനം, കാര്‍ഡിലെ വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള അപേക്ഷകള്‍ ഈ പദ്ധതി പ്രകാരം സ്വീകരിക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close