KERALANEWS

കോടതിയുടെ കണ്ടെത്തൽ തലതിരിഞ്ഞ് പോയോ..? നീതിന്യായ വ്യവസ്ഥയെ 35 കൊല്ലം പിന്നോട്ടടിക്കുന്ന വിധിയെന്നും റിട്ട. ജസ്റ്റിസ്; വിധിന്യായം ഇരയായ കന്യാസ്ത്രീയെ എങ്ങനെ അവിശ്വസിക്കാം എന്ന് റിസർച്ച് ചെയ്തത് പോലെയെന്നും ബി കെമാൽ പാഷ

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിലെ കോടതി വിധിക്കെതിരെ വിമർശ്ശനവുമായി റിട്ട. ജസ്റ്റിസ് ബി കെമാൽ പാഷ. കോടതിയുടെ കണ്ടെത്തൽ തല തിരിഞ്ഞ് പോയോ എന്നാണ് സംശയമെന്ന് അദ്ദേഹം പ്രതികരിച്ചു. നീതി ന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധിയാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരയായ കന്യാസ്ത്രീയെ എങ്ങനെ അവിശ്വസിക്കാം എന്ന് റിസർച്ച് ചെയ്തത് പോലെയാണ് വിധിന്യായം കണ്ടാൽ തോന്നുകയെന്നും കെമാൽ പാഷ പറഞ്ഞു.

കന്യാസ്ത്രീയെ എങ്ങനെ വിശ്വസിക്കാം എന്നതല്ല, എങ്ങനെ അവിശ്വസിക്കാം എന്ന രീതിയിലേക്ക് പോയി. അതാണ് പ്രശ്‌നം. അവിശ്വസിക്കാൻ പറഞ്ഞ കാരണങ്ങളെല്ലാം ബാലിശമാണ്. കാര്യമുള്ളതായി തനിക്ക് തോന്നുന്നില്ല. വളരെ വികലമാണെന്നും കെമാൽ പാഷ പറഞ്ഞു. പ്രതിയുടെ അധീനതയിലാണ് സ്ഥാപനം എന്നതെല്ലാം കോടതി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രതിയുടെ കീഴിലല്ല, പാലാ ബിഷപ്പിന്റെ അധീനതയിലാണെന്നൊക്കെ തർക്കിച്ചിരുന്നതാണ്. അതെല്ലാം തള്ളിക്കളഞ്ഞ് ബിഷപ്പ് ഫ്രാങ്കോയുടെ അധീനതയിൽ തന്നെയാണെന്നുള്ളതിന് ശരിയായ തെളിവുകൾ പ്രോസിക്യൂഷൻ നൽകിയത് കോടതി സ്വീകരിച്ചിട്ടുണ്ട്.

5,6 തീയതികളിൽ പ്രതി മഠത്തിൽ താമസിച്ചതായും കോടതി കണ്ടെത്തിയിട്ടുണ്ട്. ബലാത്സംഗക്കേസിൽ ഇരയുടെ മൊഴി വിശ്വാസത്തിലെടുക്കണമെന്ന തത്വത്തിന് പിന്നിൽ, സംഭവിച്ചത് എന്താണെന്ന് ഇരയ്ക്കും പ്രതിക്കും മാത്രമേ അറിയാൻ കഴിയുള്ളൂ എന്നതിനാലാണ്. ഇത് രഹസ്യമായി നടക്കുന്നതാണ്, അല്ലാതെ നാട്ടുകാരുടെ മൊത്തം അറിവിൽ നടക്കുന്ന കാര്യമല്ല. ഇരയുടെ മൊഴിക്ക് അനുസരിച്ചുള്ള സാഹചര്യത്തെളിവുകളുണ്ടോ എന്നാണ് നോക്കേണ്ടിയിരുന്നത്.

മൊഴി നൽകിയത് ഒരു സ്ത്രീയാണ്, പ്രത്യേകിച്ചും കന്യാസ്ത്രീയാണ്. അവർ കർത്താവിന്റെ മണവാട്ടിയായി മാത്രം അറിയപ്പെടുന്നവരാണ്. അവരുടെ വാക്കുകൾക്ക് കൂടുതൽ വില കൽപ്പിക്കണമായിരുന്നു. എന്നാൽ വിധിന്യായത്തിൽ അതു കണ്ടില്ല. പ്രോസിക്യൂഷനും പൊലീസും പരാജയമായിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരായ ഹരിശങ്കറും സുഭാഷും സത്യസന്ധമായാണ് അന്വേഷിച്ചത്.

ബിഷപ്പ് അയച്ച മൊബൈൽ കണ്ടെടുത്തില്ലെന്നാണ് വീഴ്ചയായി കോടതി പറയുന്നത്. ഇത് ബലാത്സംഗക്കേസാണ്. അശ്ലീലസന്ദേശം അയച്ചോ എന്നതിൽ എന്ത് സാംഗത്യമാണുള്ളത്. അപ്പീൽ നൽകിയാൽ വളരെ സാധ്യതയുണ്ട്. അപ്പീൽ നൽകേണ്ട കേസാണിത്. നീതിന്യായ വ്യവസ്ഥയെ 35 വർഷം പിന്നോട്ടടിക്കുന്ന വിധിയാണിതെന്ന് കെമാൽ പാഷ പറഞ്ഞു.

തിന്മക്കെതിരെ സമരം ചെയ്തതിനെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത് ജുഡീഷ്യറിയുടെ ജോലിയല്ല. അത് ചെയ്യാൻ പാടില്ല. ഇങ്ങനെ തെരുവിൽ സമരം ചെയ്തതുകൊണ്ടല്ലേ പ്രതിയെ അറസ്റ്റു ചെയ്തതെന്ന് കെമാൽ പാഷ ചോദിച്ചു. ഇത്തരം തിന്മകൾക്കെതിരെ സമരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. കന്യാസ്ത്രികൾ സമരം ചെയ്തത്, അവരുടെ സാമൂഹികപ്രതിബദ്ധതയായിട്ടാണ് കാണേണ്ടത്.

എത്രത്തോളം പണവും സ്വാധീനവുമുള്ളയാളാണ് പ്രതിയെന്ന് എല്ലാവർക്കും അറിയാം. അത്തരക്കാർക്ക് വേണ്ടി പറയാനും ധാരാളം പേർ കാണും. നല്ല അഴിമതി വീരന്മാർ ഇഷ്ടംപോലെ കാണും ഇങ്ങനെയുള്ളവരെ കൊണ്ടു നടക്കാനും പറയാനും എന്നും കെമാൽ പാഷ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close