KERALANEWSTop News

നദികളിൽ ജലനിരപ്പുയരുന്നു; ഡാമുകളുടെ ഷട്ടറുകൾ തുറന്നു; വെള്ളക്കെട്ടിലും മണ്ണിടിച്ചിലിലും പലയിടത്തും റോഡ് ഗതാഗതം തടസ്സപെട്ടു; മഴക്കെടുതിയിൽ സംസ്ഥാനത്താകെ 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു. ശക്തമായി തുടരുന്ന മഴയിൽ പലയിടത്തും മണ്ണിടിച്ചിലും വെള്ളക്കെട്ടും രൂക്ഷമാകുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിൽ ജലനിരപ്പുയരുകയാണ്. ഇതിനെ തുടർന്ന് പേപ്പാറ, അരുവിക്കര, പെരിങ്ങൽക്കുത്ത് ഡാമുകൾ തുറന്നു. പാലക്കാട് കാഞ്ഞിരപ്പുഴയുടെ ഷട്ടർ ഉയർത്തും.

സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. ഇടമലയാറിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണ് ഇടിഞ്ഞ് വീണ് അട്ടപ്പാടി ചുരത്തിൽ ഗതാഗതം തടസ്സപെട്ടു. ഇതേ തുടർന്ന് രണ്ട് ആദിവാസികോളനികൾ ഒറ്റപെട്ടു. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.

മൂന്ന് പേരാണ് മഴക്കെടുതിയിൽ ഇന്ന് മരിച്ചത്. മലപ്പുറം കരിപ്പൂരിൽ വീട് ഇടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. തെന്മല നാഗമലയിൽ വയോധികൻ തോട്ടിൽ വീണ് മരിച്ചു. ഇന്നലെ മരം കടപുഴകി വീണ് പത്രപ്രവർത്തകനും മരിച്ചിരുന്നു. ഇതോടെ ആകെ മരണം നാലായി.

കനത്ത മഴയിൽ ആലുവ പുഴയിൽ ജലനിരപ്പുയർന്നു. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം വെള്ളത്തിനടിയിലായി. ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. കോഴിക്കോടും കനത്ത മഴയിൽ റോഡിൽ വെള്ളം കയറി. മാവൂർ റോഡിൽ വെള്ളക്കെട്ടിൽ ഗതാഗതം തടസ്സപ്പെടുന്നു. ഒളവണ്ണ പ്രദേശത്ത് അതിശക്തമായ മഴ. വെസ്റ്റ് ഹിൽ പ്രദേശത്ത് കടകളിൽ വെള്ളം കയറി. കരിപ്പൂരിലും കനത്ത മഴ തുടരുകയാണ്. മലപ്പുറം എടവണ്ണപാറയിലും വാഴക്കാടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മഴയെ തുടർന്ന് വേങ്ങരയിൽ വീടുകളിൽ വെള്ളം കയറി.

തൃശ്ശൂരും പാലക്കാടും മലപ്പുറത്തും കനത്ത മഴ തുടരുകയാണ്. റോഡുകളിൽ മല ഇടിഞ്ഞ് വീണ് പലയിടത്തും ഗതാഗതം തടസ്സപെട്ടു. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. നെല്ലിയാമ്പതി ചുരത്തിലും റോഡിലേക്ക് മരം വീണു.

ചാലക്കുടി പുഴയിലും ജലനിരപ്പുയരുകയാണ്. ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് ചാലക്കുടി പരിയാരം കപ്പത്തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു.

ശക്തമായ മഴ ഒക്ടോബര്‍ 15വരെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകുമെന്ന് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close