KERALANEWSTop News

`കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം; എതിര്‍സ്വരം ഉയര്‍ത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്`; തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ തകർച്ചയിൽ പ്രതികരിച്ച് ഷിബു ബേബി ജോണ്‍

കൊല്ലം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനുണ്ടായ തകർച്ചയാണ് ഇപ്പോൾ ചർച്ച വിഷയം. പ്രതികരിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. എന്ത് കൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘കോണ്‍ഗ്രസ് ഇനിയെങ്കിലും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി മുന്നോട്ടുപോകാനാകില്ല എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെ, എന്തുകൊണ്ട് തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ സംഭവിക്കുന്നുവെന്ന് പരിശോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.

ഫാസിസ്റ്റ് അജണ്ടകള്‍ നടപ്പിലാക്കി ബി.ജെ.പി സര്‍ക്കാര്‍ യഥേഷ്ടം മുന്നോട്ടു പോകുമ്പോഴും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് അതുതുറന്നുകാട്ടാന്‍ എന്തുകൊണ്ട് പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് സാധിക്കുന്നില്ലെന്നത് ഗൗരവകരമായ ചോദ്യമാണ്. സംഘപരിവാര്‍ ഫാസിസത്തിന്റെ ക്രൂരമായ മുഖം നമ്മള്‍ കണ്ട ഹത്രാസിലും ലഖിംപൂര്‍ഖേരിയിലുമടക്കം ബി.ജെ.പിയുടെ വിജയകുതിപ്പാണ് കാണുന്നത്.

എതിര്‍സ്വരം ഉയര്‍ത്തുന്നവരെയെല്ലാം ശത്രുപക്ഷത്ത് കാണുകയല്ല വേണ്ടത്. കോണ്‍ഗ്രസിന്റെ അകത്ത് നിന്നും പുറത്തു നിന്നും കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് വേണ്ടി വിമര്‍ശനങ്ങള്‍ പങ്കുവയ്ക്കുന്നവരുണ്ട്. അവരെകൂടി വിശ്വാസത്തിലെടുത്ത് പുതുജീവനോടെ കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് കോണ്‍ഗ്രസുകാരുടെ മാത്രമല്ല, ഈ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെയാകെ ആവശ്യമാണ്. വരുംദിനങ്ങള്‍ അവസാന ബസായി കണ്ട് ഇനിയെങ്കിലും അതിന് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം.’ ആര്‍എസ്പി നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close