INDIANEWSTrending

ആർഎസ്എസ് ശാഖയിൽ പഠിപ്പിക്കുന്നത് നിയമസഭയിൽ നീലച്ചിത്രം കാണാൻ; ആർഎസ്എസിന്റെ ശാഖയിൽ നിന്ന് എനിക്കൊന്നും പഠിക്കാനില്ലെന്നും എച്ച്. ഡി കുമാരസ്വാമി

ബംഗളൂരു: ആർഎസ്എസ് ശാഖയിൽ പഠിപ്പിക്കുന്നത് നിയമസഭയിൽ നീലച്ചിത്രം കാണാനെന്ന് എച്ച്​.ഡി. കുമാരസ്വാമി. ശാഖയിൽ നിന്ന് തനിക്കൊന്നും പഠിക്കാനില്ലെന്നും കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ കുമാരസ്വാമിയെ ആർഎസ്എസ് ശാഖ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലയാണ് കുമാര സ്വാമി പ്രതികരിച്ചത്.

ആർഎസ്എസിന്റെ കൂട്ടുകെട്ട് എനിക്ക് വേണ്ടെന്ന് പറഞ്ഞ അദ്ദേഹം ആർ.എസ്​.എസ്​ ശാഖയിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് നമ്മൾ കണ്ടതല്ലേയെന്ന് ചോദിച്ചു. നിയമസഭ സമ്മേളനം നടക്കുമ്പോൾ അവർ നീലച്ചിത്രങ്ങൾ കാണുകയാണെന്നും​ ആർ.എസ്.എസ് ശാഖയിൽ അത്തരത്തിലുള്ള ഒരു കാര്യമായിരിക്കും പഠിപ്പിച്ചിട്ടുണ്ടാകുക എന്നും കുമാരസ്വാമി വിമർശിച്ചു. ഇത് പഠിക്കാൻ തനിക്ക് അവിടെ പോകേണ്ടതുണ്ടോ എന്നും എച്ച്​.ഡി. കുമാരസ്വാമി ചോദിച്ചു.

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എനിക്ക് അവരുടെ ശാഖ വേണ്ട. ഞാൻ പഠിക്കുന്നത്​ പാവപ്പെട്ട ജനങ്ങളുടെ ശാഖയിൽനിന്നാണെന്നും ആർ.എസ്​.എസ്​ ശാഖയിൽനിന്ന്​ എനിക്ക് ഒന്നും പഠിക്കാനില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

2012ലെ നിയമസഭയിൽ മൂന്ന് മന്ത്രിമാർ മൊബൈൽ ഫോണിൽ നീലച്ചിത്രം കാണുന്നത്​ ക്യാമറയിൽ കുടുങ്ങിയിരുന്നു. സംഭവം ബി.ജെ.പി സർക്കാറിന് നാണക്കേടുണ്ടാക്കുകയും മൂന്ന് മന്ത്രിമാരും രാജിവെക്കുകയും ചെയ്​തിരുന്നു. ഈ സംഭവമാണ് ബിജെപിയെ വിമർശിക്കാൻ കുമാരസ്വാമി ഇപ്പോൾ ആയുധമാക്കിയത്.

അടുത്തിടെ ഒരു പുസ്തകത്തെ പരാമർശിച്ചുകൊണ്ട്, ആർ.എസ്.എസ് ഹിഡൻ അജണ്ടയുടെ ഭാഗമായി ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കുകയും ഇവർ ഇപ്പോൾ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയാണെന്നും​ എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചിരുന്നു. കേന്ദ്രത്തിലെയും കർണാടകയിലെയും ബി.ജെ.പി സർക്കാറുകൾ പ്രവർത്തിക്കുന്നത് ആർ.എസ്.എസിന്‍റെ നിർദേശപ്രകാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ കൈയിലെ പാവയാണെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. ഇതിനെത്തുടർന്നാണ്​ ആർ.എസ്.എസ് ശാഖയിൽ വന്ന് അതിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ നളിൻ കട്ടീൽ കുമാരസ്വാമിയെ ക്ഷണിച്ചത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close