KERALANEWSTop News

കാട്ടുപോത്തിനെ വേട്ടയാടി കൊന്നുകറിവെച്ചു; കൊച്ചിയിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതൽ ആരോപണങ്ങൾ; മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം

കൊച്ചി: കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തെ തുടർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ കൂടുതൽ ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണ സംഘം. കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച് കൊന്നു കറിവെച്ചെന്നാണ് അന്വേഷണസംഘത്തിന്റെ പുതിയ കണ്ടെത്തൽ.

സൈജു കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കറിവച്ചതിനെകുറിച്ചുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് ആരോപണമുള്ളത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആരാണ് ഇയാൾക്കൊപ്പം വേട്ടയ്ക്ക് ഉണ്ടായിരുന്നതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

സൈജുവിന്റെ സുഹൃത്തുക്കളുമായുള്ള ചാറ്റിലാണ് ഈ വിവരമുള്ളത്. മൂന്നാറിലെ ഡിജെ പാര്‍ട്ടിയില്‍ ഇയാൾ മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. മൂന്നാറിൽ വിതരണം ചെയ്തത് എംഡിഎംഎയാണെന്ന് സൈജു സമ്മതിച്ചെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. മൂന്നാറില്‍ വിതരണം ചെയ്ത മയക്കമുരുന്നിനെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിമാന്റ് റിപ്പോര്ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം വൈറ്റിലയിൽ വെച്ചുണ്ടായ കാറപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം മൂന്ന് പേർ മരിച്ചത്. (MODELS DEATH). ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചൻ വാഹനത്തിൽ പിന്തുടർന്നത് കൊണ്ടാണ് കൊച്ചിയിലെ മോഡലുകൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് ഇന്ന് പൊലീസ് കോടതിയെ അറിയിച്ചത്.

പെൺകുട്ടികൾ സഞ്ചരിച്ച വാഹനം സൈജു കാറിൽ പിന്തുടർന്നു. ഇതോടെ ഇവർ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുൾ റഹ്മാൻ വേഗതകൂട്ടി. തുടർന്ന് മത്സരയോട്ടമുണ്ടായി. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. അതായത്, സൈജുവിൽ നിന്ന് പെൺകുട്ടികളെ രക്ഷിക്കാൻ വേണ്ടി അബ്ദുൾ റഹ്മാൻ വാഹനം വേഗതയിൽ ഓടിച്ചെന്നാണ് പൊലീസ് ഭാഷ്യം. സൈജുവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടിൽ സൈജുവിനെതിരെ ഗുരുതര പരാമർശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ കോടതി സൈജുവിനെ മൂന്ന് ദിവസം കൂടെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

അതേസമയം മിസ് കേരളകൾ ഉൾപ്പെടെ മൂന്നുപേർ കാറപകടത്തിൽ മരിച്ച സംഭവത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കേരളത്തിൽ ആഢംബര ലഹരി പാർട്ടികൾ സംഘടിപ്പിക്കുകയും അത് റെക്കോഡ് ചെയ്ത് ഇരകളെ ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യിക്കുകയുമാണ് സൈജു തങ്കച്ചന്റെ പ്രധാന പരിപാടിയെന്നാണ് റിപ്പോർട്ടുകൾ. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. സൈജു തങ്കച്ചനെ കുറിച്ച് മോഡലുകൾക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. ഈ തിരിച്ചറിവിലാണ് മോഡലുകൾ ആഫ്റ്റർ പാർട്ടി ക്ഷണം നിരസിച്ച് കാറിൽ പാഞ്ഞത്. സൈജു തങ്കച്ചനെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. നിശാപാർട്ടികളിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെ വശത്താക്കി ലഹരി ഇടപാടുകൾക്ക് ഉപയോഗിക്കുകയും ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് സൈജു തങ്കച്ചൻ നേതൃത്വം നൽകുന്ന റാക്കറ്റിന്റെ രീതി.

നമ്പർ 18 ഹോട്ടലിൽ എത്തിയ മോഡലുകളേയും ഇയാൾ ഭീഷണിപ്പെടുത്തി. അഫ്റ്റർ പാർട്ടിക്ക് പങ്കെടുക്കാൻ നിർബന്ധം പിടിച്ചു. ഇതിനായുള്ള ശ്രമത്തെ എതിർത്തതാണു മിസ് കേരള മുൻ ജേതാക്കളായ മോഡലുകളെ ഭീഷണിപ്പെടുത്താനും രാത്രിയിൽ കാറിൽ പിന്തുടരാനും കാരണമെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഒക്ടോബർ 31നു രാത്രി ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടലിലെ സൈജുവിന്റെ സാന്നിധ്യവും ഇടപെടലുകളും ശല്യമായപ്പോഴാണു പാർട്ടി അവസാനിക്കും മുൻപ് ഇവർ കാറിൽ പുറത്തേക്കു പോയത്. ഇവരെ പിന്തുടർന്ന സൈജു കുണ്ടന്നൂരിനു സമീപം കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി. പിന്നെയും വിടാതെ പിൻതുടർന്നപ്പോഴാണു കാറിന്റെ വേഗം വർധിപ്പിച്ചത്. പീഡന ലക്ഷ്യത്തോടെയായിരുന്നു സൈജുവിന്റെ ഭീഷണികൾ.

ഉന്നതരുമായ ബന്ധങ്ങളായിരുന്നു സൈജു തങ്കച്ചനെയും കൂട്ടരെയും ഇത്രയും വളരാൻ സഹായിച്ചത്. ഇവരുടെ ഉന്നത സ്വാധീനവും ക്രൂരമായ പെരുമാറ്റവും ഭയന്ന് പലരും പരാതി നൽകാൻ പോലും തയാറായിട്ടില്ല. പ്രമുഖ സിനിമാ നിർമ്മാതാവിനും ഈ ഇടപാടുകളിൽ പങ്കുണ്ട്. കൊച്ചിയിൽ ഈ നിർമ്മാതാവിനും ഹോട്ടലും മറ്റു സൗകര്യവുമുണ്ട്. നമ്പർ 18 ഹോട്ടലിനൊപ്പം ഇവിടേയും സൈജു താവളം അടിക്കാറുണ്ട്. ഭീഷണി വീഡിയോകൾ ചിത്രീകരിക്കുന്നത് മയക്കുമരുന്ന് കടത്തിന് ഇവരെ ഉപയോഗിക്കാനാണ്. നായ്ക്കളേയും മറ്റും ഉപയോഗിച്ചുള്ള ലഹരി കടത്തിലും ഇയാൾക്ക് പങ്കുണ്ട്.

സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളടക്കം സംബന്ധിച്ച വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. സ്ഥിരമായി ഡി.ജെ. പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു, പാർട്ടിക്കെത്തിയിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്തതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സൈജുവിന് ലഹരിമരുന്ന് കൈമാറിയ രണ്ട് പേരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘം ശേഖരിച്ചു. മദ്യപിച്ചുള്ള യാത്ര തടയുക ലക്ഷ്യമിട്ടാണ് താൻ മോഡലുകളുടെ കാറിനെ പിന്തുടർന്നതെന്നായിരുന്നു സൈജുവിന്റെ മൊഴി. അത് കളവാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.

ഇയാളുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണിൽ മറ്റ് ചിലർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവർ ആരൊക്കെയെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. ഇയാൾ മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആ പാർട്ടികളിൽ പങ്കെടുത്തിട്ടുള്ള ചില യുവതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഇയാൾക്കെതിരെ പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാർട്ടികളിലും ഇയാൾ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സൈജു കൈവശംവെക്കുന്ന ആഡംബര കാറിൽനിന്ന് ഗർഭനിരോധന ഉറകളും കാമറയും പൊലീസ് കണ്ടെടുത്തിരുന്നു. കാറിൽ നക്ഷത്ര വേശ്യാലയത്തിന് സമാനമായ സംവിധാനങ്ങളും ഉണ്ടായിരുന്നു. കിടക്കയും ഡിജെ പാർട്ടിക്ക് വേണ്ട സംഗീത സംവിധാനവും ഉണ്ടായിരുന്നു. ഇതെല്ലാം വിഐപികൾക്ക് നഗരം ചുറ്റി പെൺകുട്ടികളെ ഉപയോഗിക്കാൻ വേണ്ടി ഒരുക്കിയതായിരുന്നു. വൻ തുകയാണ് ഔഡിയിലെ ലഹരി ആസ്വാദനത്തിന് ഇയാൾ വാങ്ങിയിരുന്നത്. സിനിമാക്കാർ അടക്കം ഈ സംവിധാനം ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽനിന്ന് ഇറങ്ങിയ മോഡലുകളുടെ കാറിനെ ഇയാൾ പിന്തുടർന്ന് താമസസൗകര്യം വാഗ്ദാനം ചെയ്തതായാണ് വിവരം. മോഡലുകളെ കുടുക്കാൻ നടത്തിയ ഈ നീക്കം അവർ മനസ്സിലാക്കിയിരുന്നു. ഇതിൽനിന്ന് രക്ഷപ്പെടാൻ മോഡലുകൾ സഞ്ചരിച്ച കാർ അമിത വേഗത്തിൽ പായുന്നതിനിടെയാണ് അപകടമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. ഒപ്പം കാർ ഡ്രൈവറുടെ അമിത മദ്യപാനവും അപകടത്തിലേക്ക് നയിച്ചു.

ലഹരി പാർട്ടികളിൽ പങ്കെടുത്തവരെ വരും ദിവസങ്ങളിൽ പൊലീസ് ചോദ്യംചെയ്യും. സൈജു മുമ്പ് പങ്കെടുത്ത ഡി.ജെ പാർട്ടികളുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവരിൽനിന്ന് ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇതര സംസ്ഥാനത്തുനിന്ന് മാരകമയക്കുമരുന്നുകൾ കൊച്ചിയിൽ നടന്ന ഡി.ജെ പാർട്ടികളിലേക്ക് എത്തിച്ചിരുന്നതിലൂടെ വൻതുക ഇയാൾ നേടിയിട്ടുണ്ടെന്നും വിവരമുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close