KERALANEWSTop News

‘ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു’; ‘വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകി’; മന്ത്രി വി എൻ വാസവനെതിരെ സമസ്ത മുഖപത്രം

മന്ത്രി വി എൻ വാസവനെതിരെ സമസ്ത മുഖപത്രം. നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പിനെ സന്ദർശിച്ചതിന് പിന്നാലെയാണ് ഇന്ന് സമസ്ത മുഖപത്രത്തിൽ ലേഖനം വന്നിരിക്കുന്നത്. എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയാണ് ലേഖനമെഴുതിയിരിക്കുന്നത്.

ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നുവെന്നും വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയയെന്നുമാണ് സമസ്ത മുഖപത്രത്തിൽ വന്ന ലേഖനത്തിൽ പറയുന്നത്. മന്ത്രിയുടെ നടപടി സര്‍ക്കാര്‍ നിലപാടാണോ എന്ന് വ്യക്തമാക്കണമെന്നും ഒരു സമുദായത്തെ അതിക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ അരമനകള്‍ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും ലേഖനം പറയുന്നു. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നുവെന്നും ആരോപണമുണ്ട്.

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായിരിക്കെ പാലാ ബിഷപ്പിനെ മന്ത്രി വി.എസ് വാസവന്‍ ബിഷപ്പ് ഹൗസിലെത്തി സന്ദര്‍ശിച്ചിരുന്നു. ബിഷപ്പുമായി നടത്തിയത് സൗഹൃദ സന്ദർശനം ആണെന്നും ബിഷപ്പ് ഹൗസ് തനിക്ക് അന്യമല്ലെന്നുമാണ് അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിഷപ്പിനെ കാണാൻ വന്നത് സർക്കാർ ദൂതുമായല്ലെന്നും തന്റെ വരവ് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചക്കിടെ വിവാദവിഷയങ്ങൾ ഒന്നും ചർച്ചയായില്ല. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണം ശക്തിയുക്തം നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമവായ ചർച്ചകൾ ഒന്നും തന്നെ സർക്കാർ ആലോചിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം മന്ത്രിയുടെ കൂടിക്കാഴ്ച സർക്കാർ ഇടപെടലാണെന്ന സൂചന ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close