KERALANEWSTop News

നാടിനെ നടുക്കിയ കൊലപാതകം; സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സിപിഎം; ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: തിരുവല്ലയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റ്. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളതെന്നും സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിറക്കി.

ആർഎസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണെന്നും നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസിന്റെ ശ്രമമെന്നും സിപിഎം പ്രസ്താവനയിൽ പറയുന്നു. സിപിഐഎമ്മിൻ്റെ കേഡർമാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ടെന്നും സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരാൻ മുഴുവനാളുകളും തയ്യാറാവണമെന്നും പ്രസ്താവനയിൽ പറയുന്നു. സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ സന്ദീപാണ് മരിച്ചത്. തിരുവല്ല മേപ്രാലിൽവെച്ചാണ് സംഭവം. മൂന്നു പേരടങ്ങുന്ന സംഘം ബൈക്കിൽ എത്തി ആക്രമിക്കുകയായിരുന്നു. സന്ദീപിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിൽ സന്ദീപിന്റെ നെഞ്ചിൽ ആഴത്തിലുള്ള ഒമ്പത് കുത്തേറ്റിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ആർഎസ്‌എസ്‌- സിപിഎം സംഘർഷം ഉണ്ടായിരുന്നു. സന്ദീപിനെ വെട്ടിയ സംഘം ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സിപിഎം ആരോപിക്കുന്നത് ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ്. മുൻകാലത്ത് കാര്യമായ രാഷ്ട്രീയ സംഘർഷങ്ങളൊന്നും ഇല്ലാതിരുന്ന സ്ഥലമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകവിവരം പുറത്തു വന്നതിന് പിന്നാലെ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് എത്തിയിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close