KERALANEWSTop News

തിരുവല്ലയിൽ കൊലക്കത്തിക്കിരയായത് നാട്ടിലെ ജനകീയ നേതാവ്; പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചതും സന്ദീപിന്റെ നിർണ്ണായക പങ്കോടെ; രാഷ്ട്രീയ പകയിൽ അനാഥമായത് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ

പെരിങ്ങരയിലെ സാമൂഹിക സേവന രംഗത്തെ അതിശക്തമായി ഇടപെടുന്ന സഖാവായിരുന്നു സന്ദീപ് കുമാർ. ഇടതു പക്ഷ വളർച്ചയ്ക്ക് മുന്നിൽ നിന്ന നേതാവ്. 27 കൊല്ലത്തിന് ശേഷം പഞ്ചായത്ത് ഭരണം തിരിച്ചു പിടിച്ചതും മുൻ പഞ്ചായത്ത് മെമ്പർ കൂടിയായ സന്ദീപിന്റെ തന്ത്രങ്ങളുടെ കരുത്തിലായിരുന്നു. ഇതെല്ലാം ജിഷ്ണുവും സന്ദീപുമായി വൈരാഗ്യം കൂട്ടി. ഇതിനൊപ്പം വ്യക്തിപരമായ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. അങ്ങനെയാണ് സുഹൃത്തുക്കളേയും ചേർത്ത് കൊലയ്ക്കായി ജിഷ്ണു എത്തിയത്.

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാർ നാട്ടിലെ ജനകീയനായിരുന്ന നേതാവായിരുന്നു. 27 വർഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽഡിഎഫ് തിരിച്ചുപിടിച്ചതിൽ സന്ദീപിന്റെ പങ്ക് നിർണായകമായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ വീടിന് അടുത്തുള്ള ചാത്തങ്കേരി എസ്എൻഡിപി ഹൈസ്‌കൂളിന് സമീപത്തെ കലുങ്കിനടുത്ത് വെച്ചായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ഈ ആസൂത്രിത ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.

നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആർഎസ്എസ് പ്രവർത്തകൻ കണാപറമ്പിൽ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. സന്ദീപിന് മൂന്നര വയസ്സും മൂന്ന് മാസവും മാത്രം പ്രായമുള്ള രണ്ട് കുട്ടികളാണ് ഉള്ളത്.

സന്ദീപ് കൊലപാതകക്കേസിൽ ഇതുവരെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാത്തങ്കരി കണിയാംപറമ്പിൽ ജിഷ്ണു (23), ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), കാവുംഭാഗം വേങ്ങൽ നന്ദു ഭവനിൽ നന്ദു (24), കണ്ണൂർ ചെറുപുഴ മരുത്തംപടി കുന്നിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ(22) എന്നിവരാണ് പിടിയിലായത്.

ആദ്യ മൂന്നു പേരെയും ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ആർഎസ്എസിന്റെ പ്രവർത്തകനാണ്. പ്രമോദ്, നന്ദു, ഫൈസൽ എന്നിവർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് പറയുന്നു. ക്വട്ടേഷൻ സംഘമാണ് കൃത്യം നടത്തിയയെന്നാണ് സൂചന. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല നഗരസഭ, നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ പഞ്ചായത്തിലും ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ സിപിഐ എം ഹർത്താൽ ആചരിക്കും.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ബൈക്കിലെത്തിയ സംഘം വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. നെഞ്ചിൽ ഉൾപ്പെടെ ഒമ്പത് കുത്തുകളേറ്റാണ് മരണം സംഭവിച്ചത്. ആക്രമണം നടന്നയുടൻ സന്ദീപിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകൾ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് വ്യക്തമാക്കിയത്.

സംഭവ ശേഷം ബൈക്കിൽ രക്ഷപ്പെട്ട ആദ്യ മൂന്നു പ്രതികളെ ഇന്നു പുലർച്ചെയോടെ മൊബൈൽ ടവർ ലൊക്കേഷൻ നോക്കി ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാത്തങ്കരിയിൽ ഡോ. ജോസഫ് മണക്കിന്റെ വീടിന് സമീപമുള്ള ആദ്യത്തെ കലുങ്കിൽ വച്ചാണ് സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയത്. രണ്ടു ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കൃത്യം നടത്തിയത്. കൃത്യം നടത്തുന്നതിന് മുൻപ് സന്ദീപ് കലുങ്കിൽ ഇരിക്കുന്നതായി പ്രതികൾ സമീപത്തെ മാടക്കടയിൽ ചെന്ന് ഉറപ്പു വരുത്തിയിരുന്നു. സാധാരണ രാത്രി 9.30 വരെ സന്ദീപും കൂട്ടുകാരും ഈ കലുങ്കിൽ വന്നിരിക്കാറുണ്ട്.

സംഭവത്തിന് ശേഷം ആദ്യം അവിടെയെത്തിയ രാകേഷ് എന്ന ചെറുപ്പക്കാരനെ കൊലയാളി സംഘം തടഞ്ഞിരുന്നു. സന്ദീപിനെ കുത്തി വീഴ്‌ത്തിയ ശേഷം ജിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിൽക്കുമ്പോഴാണ് രാജേഷ് അവിടെ എത്തിയത്. സന്ദീപിനെ ഞങ്ങൾ കുത്തി കണ്ടത്തിലിട്ടിട്ടുണ്ട് എന്നായിരുന്നു ജിഷ്ണു പറഞ്ഞത്. രാജേഷിനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജേഷ് ഓടി കൊലയാളി സംഘം പറഞ്ഞ സ്ഥലത്ത് ചെന്നപ്പോൾ സന്ദീപ് അവിടെ കുത്തിയിരിക്കുകയായിരുന്നു. ശ്വാസമെടുക്കാൻ പാടുപെടുകയും ചെയ്യുന്നുണ്ടായിരുന്നു. സുഹൃത്തുക്കളെ വിളിച്ചു വരുത്തി ബൈക്കിൽ കയറ്റിയാണ് മുറിവേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അങ്ങു ചെന്നു കഴിഞ്ഞപ്പോഴേക്കും സന്ദീപ് മരിച്ചിരുന്നു. ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യം നില നിന്നിരുന്നു. പാർട്ടി പരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും പറയുന്നു.

തിരുവല്ലയിൽ ലോക്കൽ സെക്രട്ടറി സന്ദീപിനെ വെട്ടിക്കൊന്ന സംഭവത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണിത്. ആർഎസ്എസിന്റെ കൊലക്കത്തിയാൽ സിപിഐ എം പ്രവർത്തകർ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആർഎസ്എസ് ശ്രമം-സിപിഎം ആരോപിച്ചു.

ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആർഎസ്എസ് സൃഷ്ടിക്കുന്ന പ്രകോപനങ്ങളിൽ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയർത്തണം. സമഗ്രമായി അന്വേഷിച്ച് മുഴുവൻ പ്രതികളേയും പിടികൂടി അർഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തിരുവല്ലയിൽ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റേത് ആസൂത്രിത കൊലപാതകമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനകീയനായ പ്രവർത്തകനെയാണ് അരുംകൊല ചെയ്തത്. അങ്ങേയറ്റം പ്രതിഷേധാർഹമാണിത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് ഗൂഢാലോചനയുടെ ഭാഗമാണിത്.

പത്തനംതിട്ട ജില്ലയിലും പെരിങ്ങരയിലും ബിജെപി വിട്ട് നിരവധിപേർ സിപിഐ എമ്മിനോട് അടുക്കുന്നു. സന്ദീപടക്കമുള്ള പ്രവർത്തകർ ഇതിന് നേതൃത്വം നൽകിയത് സംഘപരിവാറിനെ അലോസരപ്പെടുത്തി. ഗൂഢാലോചന നടത്തി സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി അക്രമത്തെ അതിജീവിച്ചാണ് പ്രവർത്തിക്കുന്നത്. സമാധാനമാണ് സിപിഐ എം എക്കാലവും ആഗ്രഹിക്കുന്നത്. ആർഎസ്എസ് കൊലക്കത്തിക്ക് മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ് സിപിഐ എം. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്ലാവിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതിഷേധിക്കണം. സന്ദീപിന്റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close