സന്ധ്യ തൂങ്ങിമരിച്ച സംഭവത്തിൽ അറസ്റ്റിലായ കാമുകൻ റിമാൻഡിൽ; അനീഷിനെതിരെ ശക്തമായ തെളിവുകൾ

കൊല്ലം: ഓടനാവട്ടം മുട്ടറയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതിശ്രുത വരനെ റിമാൻഡ് ചെയ്തു. കൊട്ടാരക്കര പുത്തൂർ പാങ്ങോട് മനീഷ് ഭവനിൽ അനീഷാണ് റിമാൻഡിലായത്. രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ പൂയപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഓടനാവട്ടം മുട്ടറയിൽ പ്രാക്കുളം കോളനിയിൽ താമസിക്കുന്ന സന്ധ്യാഭവനിൽ സന്ധ്യ ആത്മഹത്യ ചെയ്തത് കാമുകനായിരുന്ന അനീഷ് വിവാഹത്തിനായി സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിൽപോയ അനീഷ് പിന്നീട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൂയപ്പളളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
കഴിഞ്ഞ ഏപ്രിൽ 27 ന് വീട്ടിനുള്ളിലെ കിടപ്പു മുറിയിലാണ് സന്ധ്യ തൂങ്ങിമരിച്ചത്. സന്ധ്യയുമായി പ്രണയത്തിലായിരുന്ന അനീഷാണ് തിടുക്കത്തിൽ വിവാഹത്തിന് താൽപര്യമെടുത്തത്.ആറു മാസം കഴിഞ്ഞ് വിവാഹം നടത്താൻ പിന്നീട് ഇരുവീട്ടുകാരും നിശ്ചയിച്ചു. പക്ഷേ സ്ത്രീധനമായി ഒന്നും വേണ്ടെന്ന് പറഞ്ഞിരുന്ന അനീഷ് നിശ്ചയത്തിന് ശേഷം വില്ലനായി.
സ്ത്രീധനവും ബൈക്കും വേണമെന്നാവശ്യപ്പെട്ട് നിരന്തരം സന്ധ്യയോട് വഴക്കായി. മൊബൈൽഫോണിലൂടെ സന്ധ്യ മരിക്കുന്നതിന് മുൻപും ഇരുവരും തമ്മിൽ തർക്കമുണ്ടായി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാക്കുറിപ്പും , മൊബൈൽ ഫോണും തെളിവായി. സന്ധ്യ തൂങ്ങി മരിച്ച ദിവസം അനീഷ് 12 പ്രാവശ്യം സന്ധ്യയെ ഫോൺ ചെയ്തതായി കണ്ടെത്തി.