Breaking NewsKERALANEWSTop News

ഡമ്മി പ്രതികളെ കാട്ടി കേസ് ഒതുക്കാനാകില്ല; സഞ്ജിത്തിന്റെ കൊലപാതകികളെ തിരിച്ചറിയേണ്ടത് ഭാര്യ അർഷിത; പൊലീസ് അറസ്റ്റ് ചെയ്തത് പ്രതിയല്ലെന്ന് തെളിഞ്ഞാൽ എൻഐഎയുടെ മാസ് എൻട്രി; ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതക കേസിൽ പൊലീസിനും സർക്കാരിനും പോപ്പുലർ ഫ്രണ്ടിനും നിർണായക ദിനങ്ങൾ

പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ കേരള പൊലീസ് അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് നേതാവിനെ തിരിച്ചറിയേണ്ടത് കൊല്ലപ്പെട്ട സഞ്ജിത്തിന്റെ ഭാര്യ അർഷിത. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഡമ്മി പ്രതികളെ നൽകുന്ന പരിപാടി അതുകൊണ്ട് തന്നെ സഞ്ജിത്ത് കൊലക്കേസിൽ നടക്കില്ലെന്ന് ഉറപ്പായി. കേസിൽ എൻഐഎ അന്വേഷണം വേണമെന്ന നിലപാടിലാണ് ബിജെപി. കേരള പൊലീസിൽ നിന്നും കാര്യങ്ങൾ കൈവിട്ട് പോകുമെന്ന നില വന്നതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് നടക്കുന്നത്.

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം സജീവ ചർച്ചയാക്കാൻ ബിജെപി ഒരുങ്ങുന്നുണ്ട്. ഇതിന് വേണ്ടി എൻഐഎ അന്വേഷണ ആവശ്യവും ബിജെപി ശക്തമാക്കുകയാണ്. സഞ്ജിത്തിന്റെ കൊലപാതകക്കേസിൽ എൻഐഎഅന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടു. ഡൽഹിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്‌ച്ച നടന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സംസ്ഥാന സർക്കാരും പൊലീസും ചേർന്ന് സഞ്ജിത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്നും എൻഐഎ അന്വേഷണം വേണമെന്നും സുരേന്ദ്രൻ കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.

പട്ടാപ്പകല്‍ ദേശീയപാതയില്‍നിന്ന് മീറ്ററുകള്‍ മാത്രം ഉള്ളില്‍ ഞെട്ടിക്കുന്ന കൊലപാതകം. ഭാര്യയുടെയും മമ്പറം റോഡിലെ യാത്രക്കാരുടെയും കണ്‍മുന്നില്‍വെച്ച് ശരീരമാസകലം വെട്ടി അരുംകൊല. അക്ഷരാര്‍ത്ഥത്തില്‍ പാലക്കാടിനെ ഞെട്ടിക്കുന്നതായിരുന്നു എലപ്പുള്ളി തേനാരി മണ്ഡലം ആര്‍.എസ്.എസ്. ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകം.

തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. സഞ്ജിത്തിന്റെ ഭാര്യ അർഷികയ്ക്ക് മുമ്പിലാകും പ്രതികളെ തിരിച്ചറിയൽ പരേഡിനായി ഹാജരാക്കുക. കൊലയാളി സംഘത്തെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. ഒളിവിൽ കഴിയാൻ പ്രതികൾക്കു സഹായം നൽകിയ ചിലരുൾപ്പെടെ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.

ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് ആയ സഞ്ജിത്തിനെ കഴിഞ്ഞ 15നു രാവിലെ ഒൻപതിനാണു കിണാശ്ശേരി മമ്പ്രത്തിനു സമീപം കാറിലെത്തിയ 5 അംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സഞ്ജിത്ത് ഭാര്യയുമായി ബൈക്കിൽ വരുന്നതിനിടെയായിരുന്നു ആക്രമണം. പിന്നാലെ കാറിലെത്തിയ കൊലയാളി സംഘം ബൈക്ക് ഇടിച്ചു തെറിപ്പിച്ച് സഞ്ജിത്തിനെ വെട്ടിവീഴ്‌ത്തുകയായിരുന്നു. സഞ്ജിത്തിന്റേതു രാഷ്ട്രീയ കൊലപാതകമാണെന്നും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

മൊബൈൽ ഫോൺ തെളിവുകൾ പോലും ഇല്ലാതിരുന്ന സംഭവത്തിൽ പ്രതികളെത്തിയ വാഹനം തിരിച്ചറിഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കൃത്യത്തിനു ശേഷം പ്രതികൾ കടന്നുകളഞ്ഞ കാർ വഴിയിൽ കേടായി. വാഹനം നന്നാക്കാൻ മറ്റൊരു വാഹനം എത്തി. ഇതിന്റെ നമ്പർ തേടിപ്പിടിച്ചു നടത്തിയ അന്വേഷണമാണു പ്രതികളിലേക്ക് എത്തിച്ചത്.

തലയിലേറ്റ വെട്ടാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക പരിശോധനയിൽ വ്യക്തമാക്കിയിരുന്നു. മുപ്പതിലേറെ വെട്ടുകളാണ് സഞ്ജിത്തിന്റെ ശരീരത്തിലേറ്റത്. ഒരു കൊല്ലം മുമ്പ് സഞ്ജിത്തിനെ എസ്ഡിപിഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമായിരുന്നു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് എസ്ഡിപിഐ നടത്തിയതെന്നാണ് ബിജെപി ആരോപണം.

കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ പിന്മാറാൻ തയ്യാറായില്ലെന്ന് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്തിന്റെ ഭാര്യ അർഷിക നേരത്തെ പറഞ്ഞിരുന്നു. കാറിലെത്തിയ സംഘത്തെ കണ്ടാൽ തിരിച്ചറിയുമെന്നും അർഷിക പറഞ്ഞു. ബൈക്കിൽ കാറിടിച്ച് വീഴ്‌ത്തിയതിന് പിന്നാലെയാണ് വെട്ടിയതെന്ന് സഞ്ജിത്തിനൊപ്പമുണ്ടായിരുന്ന ഭാര്യ അർഷിക. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു ആക്രമണം. തടയാൻ നോക്കിയെങ്കിലും ഒന്നും ചെയ്യാനായില്ല. ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും അവർ വ്യക്തമാക്കിയിരുന്നു.

വൈകിയെങ്കിലും അന്വേഷണം ശരിയായ ദിശയില്‍ എത്തിയതിന്റെ ആശ്വാസത്തിലാണ് അന്വേഷണസംഘം. പോലീസിനെതിരെയുള്ള പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും കരുതലോടെയായിരുന്നു അന്വേഷണം. വ്യക്തമായ തെളിവിനായുള്ള കാത്തിരിപ്പും സൂക്ഷ്മമായ നിരീക്ഷണവും ആദ്യ അറസ്റ്റിലേക്കെത്താന്‍ ചെറിയ കാലതാമസമുണ്ടാക്കി. എന്നാല്‍, ഇതിനോടകംതന്നെ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ കസ്റ്റഡിയിലായെന്നാണ് സൂചന. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളെത്തന്നെ അറസ്റ്റുചെയ്യാനായ സാഹചര്യത്തില്‍ മറ്റ് പ്രതികളിലേക്ക് ഉടന്‍ എത്തിപ്പെടാനാകുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണവിവരങ്ങള്‍ ചോര്‍ന്നുപോകാത്തവിധം പഴുതടച്ചുള്ള രഹസ്യസ്വഭാവമാണ് പോലീസ് സൂക്ഷിച്ചത്. ഒരാളെയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കുറയുമെന്നാണ് കരുതുന്നത്.പലപ്പോഴും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങള്‍ വരുന്നതിനിടെയാണ് നിര്‍ണായകവഴിത്തിരിവില്‍ എത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close