KERALANEWSTop News

നടിയെ ആക്രമിച്ച കേസിലെ വിഐപിയെ തിരിച്ചറിഞ്ഞു; കുട്ടി ശരത് അങ്കിൾ എന്ന് വിളിച്ച അജ്ഞാതൻ ആലുവ സ്വദേശിയായ ശരത് തന്നെ; ശബ്ദ രേഖ സ്ഥിരീകരിച്ചതോടെ വെളിച്ചത് വരുന്നത് ഗൂഡാലോചന കേസിലെ ആറാം പ്രതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കുന്നതിന് ഗൂഡാലോചന നടത്തിയ കേസിലെ പ്രതിയായ വിഐപിയെ തിരിച്ചറിഞ്ഞു. ദിലീപിന്റെ സുഹൃത്തായ ആലുവ സ്വദേശി ശരത് ജി നായർ ആണ് ഈ വിഐപി എന്ന് ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. ശബ്ദ സാമ്പിൾ പരിശോധനയിലൂടെയാണ് ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചത്.

ദിലീപിന്റെ സുഹൃത്തും സൂര്യ ഹോട്ടൽ ആന്റ് ട്രാവൽസ് ഉടമയുമാണ് ശരത് ജി നായർ. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിലെ ആറാം പ്രതിയാണ് വെളിച്ചത്ത് വരുന്നത്. ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്ന സംവിധായകൻ ബാലചന്ദ്രകുമാർ ചിത്രം കണ്ടു സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇയാളുടെ ശബ്ദ പരിശോധന നടത്തിയത്.

നേരത്തെ ചില ചിത്രങ്ങൾ കാണിച്ചതിൽ ദിലീപിന്റെ സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായ ശരത്തിന്റെയും കോട്ടയം സ്വദേശി മെഹ്ബൂബിന്റെയും ചിത്രങ്ങളിൽ സംവിധായകൻ ബാലചന്ദ്രകുമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിൽ കൂടുതൽ സാധ്യത കൽപിച്ച മെഹ്ബൂബിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ ആരോപണം നിഷേധിച്ച് അദ്ദേഹം ടിവി ചാനലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ശബ്ദവുമായി ഒത്തു നോക്കി അത് മെഹ്ബൂബല്ല എന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.

സംശയ നിഴലിലുണ്ടായിരുന്ന ശരത്തുമായി ഫോണിൽ സംസാരിച്ച് ശബ്ദ സാംപിൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ഇയാൾ ഫോൺ പ്രവർത്തന രഹിതമാക്കി മുങ്ങിയതാണ് അന്വേഷണത്തിനു വിലങ്ങു തടിയായത്. ഇതിനിടെ മറ്റു വഴികളിൽ ശബ്ദസാംപിൾ ശേഖരിച്ചാണ് പൊലീസ് വിഐപി ശരത്താണെന്ന് ഉറപ്പിച്ചിരിക്കുന്നത്. നേരത്തെ ബാലചന്ദ്രകുമാർ ചാനലിൽ നൽകിയ അഭിമുഖത്തിൽ ശരത് എന്ന പേര് പരാമർശിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല.

ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ബന്ധുവിന്റെ കുട്ടി ‘ശരത് അങ്കിൾ’ വന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു എന്നായിരുന്നു പരാമർശം. എന്നാൽ ഇത് കുട്ടിക്കു പേരു മാറിയതാണോ എന്നായിരുന്നു സംശയം. തുടർന്നാണ് ഇയാളുടെ ശബ്ദസാംപിൾ ശേഖരിക്കാൻ ശ്രമമുണ്ടായത്.

അതിനിടെ അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈൽ ഫോൺ ഓഫാക്കി മുങ്ങിയിരുന്നു. ഇയാൾ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹർജി വെള്ളിയാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റു ചെയ്യില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

അതേസമയം കേസിലെ പ്രധാന ദൃശ്യങ്ങള്‍ പൊലീസിന് നല്‍കാതെ ഒളിപ്പിച്ച വ്യക്തിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികൾ പകര്‍ത്തിയ ദൃശ്യങ്ങളുടെ കോപ്പി കണ്ടെത്തിയതോടെ ഇതിന്റെ അസ്സല്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസ് ഉപേക്ഷിച്ചിരുന്നു. തുടരന്വേഷണത്തില്‍ ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ സംരക്ഷിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ ദൃശ്യങ്ങള്‍ ഒളിപ്പിച്ച് തെളിവ് ഇല്ലാതാക്കാന്‍ ശ്രമിച്ച കുറ്റത്തിന് കേസെടുക്കാന്‍ ഒരുങ്ങുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close