ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ക്രൂരമായി മർദ്ദിച്ചു; സൗദി അറേബ്യയിൽ യുവാവ് അറസ്റ്റിൽ

റിയാദ്: നഴ്സിനെ മർദിക്കുകയും തറയിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിലാണ് സംഭവം. മജാരിദ ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെയാണ് സൗദി പൗരനായ യുവാവ് ക്രൂരമായി മർദ്ദിച്ചത്.
ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ജോലി ചെയ്യുന്ന സ്വദേശി നഴ്സിനെയാണ് യുവാവ് മർദിച്ചത്. നഴ്സിനെ ആക്രമിക്കുകയും നിലത്തുകൂടി വഴിച്ചിഴക്കുകയും ചെയ്യുന്നത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാം. ആക്രമണത്തിനിരയായ നഴ്സ് ഉച്ചത്തിൽ നിലവിളിക്കുകയും പരിസരത്തുണ്ടായിരുന്നവരുടെ സഹായം തേടുകയും ചെയ്തു.
ആശുപത്രിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ടാണ് സൗദി യുവാവിനെ പിടിച്ചുമാറ്റിയത്. ഉടൻ തന്നെ സുരക്ഷാ വകുപ്പുകൾ ഇടപെട്ട് ഇയാളെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലേക്ക് മാറ്റി. നഴ്സിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധമുയർന്നു.
നഴ്സിന് മർദനമേറ്റ സംഭവത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയായതായി മജാരിദ ഗവർണറേറ്റിലെ അണ്ടർ സെക്രട്ടറി താമിർ ബിൻ നായിഫ് അൽ ബഖമി അറിയിച്ചു. സൗദി അറേബ്യയിൽ ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾക്ക് കടുത്ത ശിക്ഷയാണ് നിയമപ്രകാരം ലഭിക്കുക. ആരോഗ്യ പ്രവർത്തകരെ അസഭ്യം പറയുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്താൽ പത്ത് വർഷം വരെ ജയിൽ ശിക്ഷയും 10 ലക്ഷം റിയാൽ വരെ (രണ്ട് കോടി ഇന്ത്യൻ രൂപ) പിഴയോ ലഭിക്കും.