KERALANEWSTop News

ബിജെപിയിലെ മുസ്ലീം മുഖങ്ങളും കൂടാരം വിടുന്നു; സയ്യിദ് താഹ ബാഫഖി തങ്ങൾ ബിജെപി വിട്ടത് കുടുംബപേര് മാർക്കറ്റ് ചെയ്‌തെന്നാരോപിച്ച്; തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപിയിൽ ചേർന്നതെന്നും സംസ്ഥാന സമിതി അംഗം

കോഴിക്കോട്: സംസ്ഥാന ബിജെപിയിലെ മുസ്ലിം മുഖങ്ങൾ കൂടാരം വിടുന്നു. അലി അക്ബർ സംസ്ഥാന സമിതി അംഗത്വം രാജി വെച്ചതിന് പിന്നാലെ ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി സമിതി അംഗം താഹ ബാഫഖി തങ്ങള്‍ ബിജെപി വിട്ടു. ഒന്നിന് പുറകെ ഒന്നായി തിരിച്ചടിയേൽക്കുകയാണ് ഇതോടെ ബിജെപി നേതൃത്വം.

തന്റെ പേരും കുടുംബപ്പേരും വെച്ച് ബിജെപി മാർക്കറ്റിങ് നടത്തുകയാണെന്ന് ആരോപിച്ചാണ് തങ്ങൾ രാജി വെച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരമകനാണ് താഹ ബാഫഖി തങ്ങള്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപിയിൽ അംഗത്വം എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചുകൊണ്ടാണ് തങ്ങളുടെ രാജി. മുസ്ലിം സമുദായത്തെ ഒന്നാകെ ബിജെപി അവഹേളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് അയച്ച രാജി കത്തിൽ തങ്ങൾ രൂക്ഷ വിമർശനം നടത്തിയിട്ടുണ്ട്.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെയാണ് താൻ ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ ബാഫഖി തങ്ങളുടെ പേരക്കുട്ടിയെന്ന നിലയില്‍ എന്നെ വെച്ച് പരമാവധി മാര്‍ക്കറ്റ് ചെയ്യാനും മുസ്ലിം സമുദായക്കാരെ ബിജെപിയിലേക്ക് ആകർഷിക്കാനുമാണ് അവര്‍ ശ്രമിച്ചതെന്ന് തങ്ങൾ ആരോപിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബിജെപി അംഗത്വമെടുത്തതെന്നും ബിജെപിയില്‍ നിന്ന് തൗബ ചെയ്ത് (ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പ് അപേക്ഷിച്ച്) മടങ്ങുകയാണെന്നും തങ്ങൾ പറഞ്ഞു.

ബിജെപിയിലുള്ള 90 ശതമാനം മുസ്ലിംങ്ങളും പാര്‍ട്ടി വിടാന്‍ തീരുമാനത്തിലാണ്. അടുത്ത് തന്നെ അലി അക്ബര്‍ പ്രാഥമിക അംഗത്വമുള്‍പ്പടെ ഉപേക്ഷിച്ച് പാര്‍ട്ടി വിടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മകളുടെ വിവാഹം നടന്നതിനേക്കാള്‍ സന്തോഷമാണ് ബിജെപിയില്‍ നിന്ന് രാജിവെച്ചുള്ള ഇമെയില്‍ അയച്ചപ്പോള്‍ ലഭിച്ചതെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മതത്തെ വിറ്റ് തമ്മില്‍ കലാപമുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ മുസ്ലിം സംഘടനകളെല്ലാം ബിജെപിക്ക് ഒപ്പമാണെന്ന് പ്രചരിപ്പിച്ചാണ് ഇവര്‍ ഉത്തരേന്ത്യയില്‍ പാര്‍ട്ടി വികസിപ്പിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഒരു ജനതയും ബിജെപിയെ അംഗീകരിക്കുന്നില്ലെന്നതാണ് സത്യം. അതിന്റെ മികച്ച ഉദാഹരണമാണ് ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പ്. ജനങ്ങള്‍ക്കിടയില്‍ ബിജെപിയെന്നാല്‍ മതതീവ്രവാദ സ്വഭാവമുള്ള പാര്‍ട്ടിയാണ്. ബിജെപിയിലുള്ളവരെ പുച്ഛത്തോടെയാണ് എല്ലാവരും നോക്കുന്നത്. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാലും ഈ അവസ്ഥയുണ്ടാകില്ല.

ബിജെപി വിട്ട സാഹചര്യത്തില്‍ മറ്റൊരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തുന്നില്ലെന്നും ബാഫഖി തങ്ങള്‍ ട്രസ്റ്റിന്റെ ചെയര്‍മാനെന്ന നിലയില്‍ പ്രവര്‍ത്തനം തുടരാനാണ് തീരുമാനമെന്നും സയ്യിദ് താഹ ബാഫഖി തങ്ങള്‍ വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയുടെ എല്ലാ ചുമതലകളില്‍ നിന്നും ഒഴിയുന്നതായി ബിജെപി സംസ്ഥാന സമിതി അംഗവും ചലച്ചിത്ര സംവിധായകനുമായ അലി അക്ബര്‍ ഇന്നലെ അറിയിച്ചിരുന്നു. മുസ്ലിം സമുദായത്തില്‍ നിന്ന് പാര്‍ട്ടിയിലെത്തുന്നവര്‍ വലിയ അവഗണന നേരിടുന്നതായി അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ചുമതലകളില്‍ നിന്ന് മാറിയാലും ബിജെപി പ്രവർത്തകനായി തുടരുമെന്ന് അലി അക്ബർ പറഞ്ഞു.

പാര്‍ട്ടി പുനസംഘടനയെത്തുടര്‍ന്ന് ബിജെപിയില്‍ കടുത്ത അതൃപ്തി തുടരുന്നതിനിടെയാണ് പാര്‍ട്ടി സംസ്ഥാന നേൃത്വത്തിനെതിരെ അലി അക്ബറുടെ തുറന്നു പറച്ചില്‍. പലതരത്തിലുളള വേട്ടയാടലുകൾ നേരിട്ട് ബിജെപിക്കൊപ്പം നില്‍ക്കുന്ന മുസ്ലിം സമുദായത്തിൽപ്പെട്ടവർ അവഗണിക്കപ്പെടുന്നു എന്നതാണ് അലി അക്ബറിന്‍റെ പ്രധാന വിമര്‍ശനം. സംസ്ഥാന സെക്രട്ടറിയായിരുന്ന എ കെ നസീര്‍ ബിജെപി വിടാന്‍ ഇടിയായ സാഹചര്യവും പദവികള്‍ ഒഴിയാന്‍ കാരണമായതായി അലി അക്ബര്‍ പറഞ്ഞു.

പൗരത്വ വിഷയത്തിലുള്‍പ്പെടെ പാർട്ടിക്കൊപ്പം ഉറച്ച് നിന്ന പലരും ഇന്ന് അസംതൃപ്തരാണെന്നും അലി അക്ബറിന്‍റെ പോസ്റ്റിലുണ്ട്. ഇത്തരത്തില്‍ പാര്‍ട്ടിക്കാപ്പം നിന്നവരാണ് ഇന്ന് വേട്ടയാടപ്പെടുന്നത്. ഒരുവന് നൊന്താല്‍ അത് പറയുകയെന്നത് സാമാന്യ യുക്തിയാണ്. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയതിനാലാണ് ഈ നിലപാട് പറയുന്നതെന്നും അലി അക്ബർ ഫേസ്ബുക്കില്‍ വ്യക്തമാക്കി. അത്സമയം അലി അക്ബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകില്ലെന്നും വ്യക്തമാക്കി.

അലി അക്ബറിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്ക് മനസ്സിലായി എന്ന് വരില്ല, പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.. മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമ്മത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവന് നൊന്താൽ അത് പറയണം, പ്രതിഫലിപ്പിക്കണം അത് സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ല… അതിനെ അത്തരത്തിൽ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം, കാണുന്ന കാഴ്ചയും, കേൾക്കുന്ന കേഴ്‌വിയും ഒരു മനുഷ്യനിൽ ചലനം സൃഷ്ടിക്കും അതുകൊണ്ടാണല്ലോ ആർജ്ജുനൻ അധർമ്മികളായ ബന്ധു ജനങ്ങൾക്കിടയിൽ വില്ലുപേക്ഷിക്കാൻ തയ്യാറായപ്പോൾ ഭാഗവാന് ഉപദേശം നൽകേണ്ടിവന്നത്.. കൃഷ്ണൻ അർജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്..
മഹാഭാരത കഥ ഓർമ്മിപ്പിച്ചു എന്നേയുള്ളു…കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാൻ,
ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങൾ.. അത് കുറിക്കാൻ വിരൽ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധർമ്മവാദികളെ ഒന്നും ബാധിക്കയില്ല അത് ധർമ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും,
ചില ആനുകാലിക സംഭവങ്ങൾ ഹൃദയത്തെ വേട്ടയാടി അത് ഒന്ന് തീർക്കുന്നു.
എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചു…
എന്ത് കർത്തവ്യമാണോ ഭഗവാൻ എന്നിലർപ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാൻ ഭഗവാൻ സഹായിക്കട്ടെ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close