KERALANEWSTop News

വിമർശനങ്ങൾ തള്ളിക്കളഞ്ഞ് സ്കൂൾ തുറക്കുന്നത് ജനം ഏറ്റെടുത്തു; എല്ലാ സ്കൂളുകളും കുട്ടികളെ വരവേൽക്കാൻ തയ്യാറെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവ ചടങ്ങുകൾ ആരംഭമായി. വിമർശനങ്ങൾ തള്ളിക്കളഞ്ഞ് സ്കൂൾ തുറക്കുന്നത് ജനം ഏറ്റെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. എല്ലാ സ്കൂളുകളും കുട്ടികളെ വരവേൽക്കാൻ തയ്യാറെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. കുട്ടികളുടെ ആരോഗ്യമാണ് മുഖ്യം. വിദ്യാർത്ഥികൾക്ക് യാത്രാ ക്ലേശം ഉണ്ടാകില്ല. വൻ തയ്യാറെടുപ്പുകൾ നടത്തിയാണ് സ്കൂൾ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പ്രതീക്ഷകളുടെ പ്രവേശനോത്സവം ആണിത്. അതിജീവനത്തിന് പാഠങ്ങൾ പഠിപ്പിക്കുന്നതിന് വേണ്ടി സ്കൂളുകൾ ഒരുങ്ങിയിരിക്കുന്നത്. മിഠായികൾക്കൊപ്പം മാസ്കും സാനിറ്റൈസറും ഇക്കുറി കുട്ടികൾക്ക് നൽകുന്ന സമ്മാന പൊതികളിലെ വിഭവങ്ങൾ തന്നെയാണ്.15,452 സ്കൂളുകളിലായി 42 ലക്ഷം വിദ്യാർഥികളാണുള്ളത്. ഇതിൽ മൂന്നിലൊന്ന് പേർ മാത്രമാകും ഇന്ന് സ്കൂളുകളിൽ എത്തുക. കോവിഡ് ആശങ്കകളെ ജാഗ്രതയോടെ മറികടക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി സ്കൂളുകളിൽ സിക്ക് റൂമുകൾ ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ ആസ്വസ്ഥതകൾ അനുഭവപ്പെടുന്ന കുട്ടികളോ അധ്യാപകരോ ഉണ്ടായാൽ അവരെ സിക്ക് റൂമികളിലേക്ക് മാറ്റും.

വീടുകളിലുള്ള മൂന്നിൽ രണ്ടു വിഭാഗം കുട്ടികൾ ഓൺലൈൻ പഠനം തുടരും. തീരദേശ- ആദിവാസി മേഖലകളിൽ ഉച്ചഭക്ഷണം ഉറപ്പാക്കും. വാക്സീൻ സ്വീകരിക്കാത്ത അധ്യാപകർ ആദ്യ രണ്ടാഴ്ച സ്്കൂളിൽവരേണ്ടതില്ല. 2282 അധ്യാപകരും 327 അനധ്യാപകരും കുത്തിവയ്പെടുത്തിട്ടില്ല. അതേസമയം രോഗപ്പകർച്ചാഭീതിമൂലം വലിയൊരുവിഭാഗം രക്ഷിതാക്കളും കുട്ടികളെ സ്കൂളിലയക്കുന്നില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിലുളള ക്ളാസുകൾ കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്നതിനും വരുന്നതിനും ജോലിക്കാരായ മാതാപിതാക്കളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. മിക്ക സ്കൂളുകളും സ്കൂൾ ബസുകൾ ഒാടിക്കാത്തതും പ്രതിസന്ധിയാണ്. ആദ്യദിവസങ്ങളിൽ ഹാജർനിർബന്ധമില്ല. ക്രമീകരണങ്ങൾ മെച്ചപ്പെടുമ്പോൾ കൂടുതൽകുട്ടികൾ സ്കൂളുകളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിൻറെ പ്രതീക്ഷ. സംസ്ഥാനതല പ്രവേശനോത്സവം എട്ടരയ്ക്ക് കോട്ടൺഹിൽ സ്കൂളിൽ നടക്കും.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകൾ. ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് കുട്ടികൾ ഒരുമിച്ചെത്തുന്നത് ഒഴിവാക്കിയാകും ക്ലാസുകൾ നടത്തുക. ബാച്ചുകൾ സ്‌കൂളുകൾക്ക് തിരിക്കാം. ഒരോ ബാച്ചിനും തുടർച്ചയായ മൂന്ന് ദിവസം ക്ലാസ്. അടുത്ത ബാച്ചിന് അടുത്ത മൂന്ന് ദിവസം ക്ലാസ്. ഓരോ ഗ്രൂപ്പിനെയും ബയോബബിളായി കണക്കാക്കിയാകും പഠനം.

രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ തുടങ്ങണം. കുട്ടികളെ കൊണ്ട് വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കരുത്. ഉച്ചഭക്ഷണം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചായിരിക്കണം. ഇതൊക്കെയാണ് പൊതു നിർദ്ദേശങ്ങൾ. ആദ്യരണ്ടാഴ്ചക്ക് ശേഷം ക്ലാസിലെത്തേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് എന്നിവയിലടക്കമുള്ള മാറ്റമുണ്ടാകും. പ്രതീക്ഷയോടെ വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് പോകുമ്പോൾ കരുതലോടെ ആരോഗ്യ വകുപ്പും ഒപ്പമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കോ അധ്യാപകർക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പ് സജ്ജമാണ്. കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും അധ്യാപകരും രക്ഷിതാക്കളും ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയുമായോ ബന്ധപ്പെടാവുന്നതാണ്.

അധ്യാപകർ കോവിഡ് പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികളെ ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ഓർമ്മപ്പെടുത്തണം. വിദ്യാർത്ഥികളിലൂടെ അത്രയും കുടുംബത്തിലേക്ക് അവബോധം എത്തിക്കാനാകും. ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന എല്ലാ വിദ്യാർത്ഥികൾക്കും മന്ത്രി ആശംസ അറിയിച്ചു. ഒന്നാം ക്ലാസിലെ ചെറിയ കുട്ടികൾ മുതൽ ഉള്ളതിനാൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും മറ്റ് പല വകുപ്പുകളുമായി നിരന്തരം ചർച്ച ചെയ്താണ് മാർഗ രേഖ തയ്യാറാക്കിയത്. രക്ഷകർത്താക്കളുടേയും അധ്യാപകരുടേയും മികച്ച കൂട്ടായ്മയിലൂടെ സ്‌കൂളുകൾ നന്നായി കൊണ്ടുപോകാനാകും. മാർഗ നിർദേശമനുസരിച്ച് ഓരോ സ്‌കൂളും പ്രവർത്തിച്ചാൽ കോവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകും. മാത്രമല്ല മറ്റ് പല രോഗങ്ങളിൽ നിന്നു കുട്ടികളെ സംരക്ഷിക്കാനുമാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close