
തിരുവനന്തപുരം: വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങി നടന്ന പ്രതിയെ പിടികൂടി പോലീസ്. മരിച്ചുപോയെന്ന് വക്കീൽ കോടതിയിൽ വാദിച്ച പ്രതിയാണ് ജീവനോടെ പൊലീസിന് മുമ്പിൽ വന്നുപെട്ട് കുടുങ്ങിയത്. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
കൊലപാതക്കേസുമായി ബന്ധപ്പെട്ട് വിചാരണയ്ക്ക് ഇയാൾ ഹാജരാകാതെയിരിക്കുകയായിരുന്നു. പ്രതി മരിച്ചുപോയെന്നായിരുന്നു വക്കീൽ കോടതിയെ അറിയിച്ചത്. എന്നാൽ കോടതിയിൽ മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല. ഈ മരണസർട്ടിഫിക്കറ്റ് തേടിയിറങ്ങിയ പോലീസിന്റെ മുമ്പിൽ പ്രതി അറിയാതെ വന്നുപെടുകയായിരുന്നു.
2017-ലെ മീൻപിടിത്ത സീസണിലുണ്ടായ കൊലപാതകക്കേസിലെ പ്രതിയാണ് സീനു മുഹമ്മദ്. വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററിൽ പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിൽ രാത്രിയിൽഉറങ്ങാൻ കിടക്ക വിരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബർട്ടാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളായ ജോൺസൺ, മുഹമ്മദാലി, സീനു മുഹമ്മദ് എന്നിവരെ വിഴിഞ്ഞം പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതികളിൽ സീനു മുഹമ്മദ് തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.
സഹപ്രതികൾ അടക്കം ആരുമായും ബന്ധമില്ലാതിരുന്ന ഇയാൾ വിചാരണക്കും കോടതിയിൽ ഹാജരായിരുന്നില്ല. ഇതിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി മരിച്ചതായ വിവരം വക്കീൽ കോടതിയെ അറിയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ തെളിവിന്റെ അഭാവത്തിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സീനു മുഹമ്മദിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..