INDIANEWS

പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകുമ്പോൾ ഇനി ഫീസായി ഈടാക്കുക എട്ടിരട്ടി തുക; അടുത്തവര്‍ഷം മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

ന്യൂഡൽഹി: പഴക്കം ചെന്ന കാറുകളുടെ രജിസ്‌ട്രേഷൻ പുതുക്കി നൽകുമ്പോൾ ഫീസായി ഈടാക്കുക എട്ടിരട്ടി തുക. 15 വർഷത്തിനു മുകളിൽ പഴക്കം ചെന്ന കാറുകൾക്കാണ് ഫീസ് ഇരട്ടിക്കിരട്ടിയാക്കി മാറ്റിയിരിക്കുന്നത്. അടുത്ത വർഷം ഏപ്രിൽ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരിക. അടുത്ത വർഷം മുതൽ നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കൽ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.

വലിയ വാണിജ്യവാഹനങ്ങൾക്കും സമാനമായ നിലയിൽ കൂടുതൽ തുക ചെലവാകും. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കി നൽകുന്നതിന് എട്ടിരട്ടി തുക നൽകണം. വിജ്ഞാപനം അനുസരിച്ച് 15 വർഷം പഴക്കമുള്ള കാർ പുതുക്കുന്നതിന് 5000 രൂപ ഈടാക്കും. നിലവിൽ 600 രൂപയാണ് പുതുക്കുന്നതിനുള്ള ഫീസ്. ബൈക്കുകൾക്ക് ആയിരം രൂപ നൽകണം. നിലവിൽ 300 രൂപയാണ്. ബസിന് പതിനായിരത്തിന് മുകളിൽ വരും ചെലവ്. 12,500 രൂപയാണ് ഫീസായി ഈടാക്കുക. നിലവിൽ 1500 രൂപയാണ്. ട്രക്കിനും സമാനമായ നിരക്കാണ് ഈടാക്കുക എന്ന് വിജ്ഞാപനം പറയുന്നു.

രജിസ്‌ട്രേഷൻ പുതുക്കുന്നതിൽ കാലതാമസം വന്നാൽ സ്വകാര്യവാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. വാണിജ്യ വാഹനങ്ങൾക്ക് 500 രൂപ നൽകണം. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിൽ കാലതാമസം വന്നാൽ വാണിജ്യ വാഹനങ്ങൾക്ക് പ്രതിദിനം 50 രൂപ വീതം പിഴ നൽകേണ്ടി വരും. പഴഞ്ചൻ വാഹനങ്ങൾ കൈവശം വെയ്ക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ നിരക്ക് ഗണ്യമായി ഉയർത്തിയത്.

സ്വകാര്യ വാഹനങ്ങൾ 15 വർഷം കഴിയുമ്പോൾ പുതുക്കണം. അഞ്ചുവർഷത്തേയ്ക്കാണ് പുതുക്കി നൽകുക. പിന്നീട് ഓരോ അഞ്ചുവർഷം കഴിയുമ്പോഴും അടുത്ത അഞ്ചുവർഷത്തേയ്ക്ക് പുതുക്കണം. വാണിജ്യവാഹനങ്ങൾ എട്ടുവർഷം കഴിഞ്ഞാൽ ഓരോ വർഷവും ഫിറ്റ്‌നസ് പുതുക്കണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close