KERALANEWS

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളെ വലയിലാക്കുന്നത് പ്രണയം നടിച്ച്; സ്വകാര്യ ഫോട്ടോകളും വീഡിയോകളും കൈക്കലാക്കുന്നതോടെ മട്ടുമാറും; ശ്യാമിന്റെ തട്ടിപ്പിന് ഇരകളായത് നിരവധി പെൺകുട്ടികളെന്ന് പൊലീസ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ‌ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടുന്നതിന് അറസ്റ്റിലായ ശ്യാമിന്റെ വലയിൽ വീണത് നിരവധി പെൺകുട്ടികൾ. പെൺകുട്ടികളേയും യുവതികളേയും പാട്ടിലാക്കി ഫോട്ടോയും വീഡിയോയും കൈക്കലാക്കി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

ചെന്നൈ അമ്പത്തൂർ വിനായക പുരം ഡോക്ടർ രാജേന്ദ്ര പ്രസാദ് സ്ട്രീറ്റിൽ ശ്യാം (28) എന്ന ജെറിയെയാണ് കഴിഞ്ഞ ദിവസം കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്വർണവും പണവും കവർന്നതെന്ന് പൊലീസ് പറയുന്നു. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച ശേഷം പെൺകുട്ടികളുടെ ഫോട്ടോയും വീഡിയോയും വാങ്ങിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രധാനമായും ഇൻസ്റ്റാഗ്രാം, വാട്സാപ്പ് തുടങ്ങിയവയിലൂടെയാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയുരന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. പൊലീസ് ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവിൽ പ്രതി ജോലി ചെയ്യുന്ന ഐ ടി സ്ഥാപനത്തിലെത്തിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു സ്വർണവും പണവും നഷ്ടപ്പെട്ടതായി പരാതി ലഭിച്ചതിനെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണംനടത്തി വരവെയാണ് പ്രതി പിടിയിലായത് തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ് ബി,എസ് ഐ ദീപു, എ എസ് ഐ മാരായ ജയപ്രസാദ്,ശ്രീകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ജ്യോതിഷ്,എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച തമിഴ്നാട്ടിലും കർണാടകയിലും സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷിച്ചുവരവേ യാണ് പ്രതിയെ ബാംഗ്ലൂരിൽ നിന്ന് പിടികൂടിയത്.

മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ബാംഗ്ലൂരിലുള്ള ഒരു പ്രമുഖ ഐടി സ്ഥാപനത്തിൽ ആണ് ജോലി ചെയ്തിരുന്നത് എന്ന് മനസിലാക്കിയ അനേഷണ സംഘം അവിടെ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സ്വന്തം ഫോട്ടോ ഫിൽട്ടർ ചെയ്തു അതിസുന്ദരമാക്കി സമൂഹ മാധ്യമത്തിലൂടെ ഫ്രണ്ട്ഷിപ്പ് മെസ്സേജും അയച്ചു ബാംഗ്ലൂരിലും ചെന്നൈയിലും കേരളത്തിലെ വിവിധ ഐ ടി സ്ഥാപനങ്ങളിലെയും മേൽവിലാസത്തിൽ വ്യാജമായി ഉണ്ടാക്കിയാണ് പ്രതി പലർക്കും നൽകിയിരിക്കുന്നതെന്ന് പോലീസ് കണ്ടെത്തി. കേരള പോലീസ് സോഷ്യൽ മീഡിയയിലൂടെ വിവിധ തട്ടിപ്പുകളെ കുറിച്ച് അറിയിപ്പുകൾ നൽകിയിട്ടും സമൂഹം കരുതലോടെ കാണാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഉണ്ടാകുന്നതെന്നും പരിചയമില്ലാത്തവരുടെ ഫ്രണ്ട്ഷിപ്പ് മെസ്സേജുകൾ ഒരിക്കലും സ്വികരിക്കരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകി.

സ്വന്തം ഫോട്ടോ എഡിറ്റ് ചെയ്തു ആകർഷകമാക്കിയ ശേഷമാണ് ഇയാൾ പെൺകുട്ടികളെ കുടുക്കിയിരുന്നത്. ഇയാളുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കുന്ന പെൺകുട്ടികളുമായി വളരെ വേഗം ചങ്ങാത്തത്തിലാകുകയും, പ്രണയം നടിച്ച് സ്വകാര്യ ചിത്രങ്ങളും വീഡിയോയും വാങ്ങുകയുമാണ് ഇയാൾ ചെയ്തിരുന്നത്. പെൺകുട്ടികളുടെ ചിത്രങ്ങളും വീഡിയോയും കൈയിൽ കിട്ടിയിൽ, പിന്നെ ഭീഷണിപ്പെടുത്തും.

ചിത്രങ്ങൾ മോർഫ് ചെയ്തും മറ്റും പ്രചരിപ്പിക്കുമെന്നും, അങ്ങനെ ചെയ്യാതിരിക്കാൻ പണമോ സ്വർണമോ ഇയാൾ ആവശ്യപ്പെടും. മാനഹാനി ഭയന്ന് മിക്കവരും ഇയാൾ ആവശ്യപ്പെടുന്ന സ്വർണവും പണവും നൽകുകയാണ് ചെയ്കിരുന്നത്. ചെന്നൈ, ബംഗളുരു, കൊച്ചി എന്നിവിടങ്ങളിലെ ഐ ടി സ്ഥാപനങ്ങളെ മറയാക്കിയും ഇയാൾ തട്ടിപ്പ് നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close