INDIANEWSTrending

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം; ആദരസൂചകമായി 75ാം പിറന്നാള്‍ ആഘോഷം ഒഴിവാക്കി സോണിയ ഗാന്ധി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 75-ാം ജന്മദിനം. എന്നാല്‍, ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയായ ജനറൽ ബിപിന്‍ റാവത്ത് തമിഴ്നാട്ടിനെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനാൽ ഇന്ന് ജന്മദിനാഘോഷങ്ങള്‍‌ ഉണ്ടാകില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററില്‍ കുറിച്ചു. ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും അഭ്യര്‍ത്ഥിച്ചു.

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും ഭര്‍ത്താവുമായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1998-ലാണ് സോണിയാ ഗാന്ധി, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റാകുന്നത്. തുടര്‍ന്ന് തുടര്‍ച്ചയായ 22 വര്‍ഷം സോണിയാഗാന്ധി ആ പദവിയില്‍ തുടര്‍ന്നു. 2017 ല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുത്തു. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ രാഹുല്‍ ഗാന്ധി രാജിവച്ചതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി വീണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി.

1946 ല്‍ ഇറ്റലിയിലെ വിസെൻസക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ, റോമൻ കത്തോലിക്കാ കുടുംബത്തിലാണ് എഡ്‌വിജ് അന്‍റോണിയ അൽബിന മൈനോ ജനിച്ചത്. ബിബിസി റിപ്പോർട്ട് പറയുന്നത്, സോണിയാ ഗാന്ധിയുടെ യഥാര്‍ത്ഥ പേര് സോണിയ മൈനോ എന്നാണ്.

സോണിയയുടെ പിതാവ് ഇറ്റാലിയൻ സ്വേച്ഛാധിപതി ബെനിറ്റോ മുസ്സോളിനിയുടെ അടിയുറച്ച അനുഭാവിയായിരുന്നു. ഹിറ്റ്ലറുടെ സൈന്യത്തോടൊപ്പം സോവിയറ്റ് സൈന്യത്തിനെതിരെ അദ്ദേഹം പോരാടിയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തില്‍ സഖ്യശക്തിക്ക് മുന്നില്‍ പരാജയം ഏറ്റുവാങ്ങിയ ഇറ്റലി, കീഴടങ്ങി. എന്നാല്‍ രക്ഷപ്പെട്ട മുസോളനിയെ പിന്നീട് ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിസാന്‍സ് പിടികൂടുകയും വെടിവച്ച് കൊല്ലുകയും ചെയ്തു. മുസ്സോളിനി മരിച്ച് ഒരു വർഷത്തിന് ശേഷമാണ് സോണിയയുടെ ജനനം.

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ഒരു ഭാഷാ സ്കൂളിൽ ഇംഗ്ലീഷ് പഠിക്കുന്നതിനിടെയാണ് സോണിയ കേംബ്രിഡ്ജ് സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനുമായ രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്.

ഇരുവരും തമ്മിലുള്ള പ്രണയം പിന്നീട് വിവാഹത്തിലെത്തി. 1968-ൽ വിവാഹിതരായ ദമ്പതികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റി. ഈ സമയത്ത് രാജീവ് ഗാന്ധി ഒരു വാണിജ്യ എയർലൈൻ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു.

1980-ൽ രാജീവിന്‍റെ സഹോദരൻ സഞ്ജയ് ഗാന്ധി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊലപ്പെട്ടു. തുടർന്ന് രാജീവ് സജീവ രാഷ്ട്രീയ രംഗത്തേക്ക് കടന്നു. 1984 -ൽ അമ്മയും ഇന്ത്യയുടെ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോൾ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോണിയാ ഗാന്ധിയും ചര്‍ച്ചയായെങ്കിലും എന്നും അധികാരത്തിന് പുറത്തായിരുന്നു സോണിയ. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പലപ്പോഴും സോണിയയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും അവര്‍ ഒരു അധികാര സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല.

ഈ കാലമത്രയും ഇന്ത്യയുടെ കലാ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കുകയും അതിന്‍റെ സംരക്ഷണത്തിനായി ശ്രമിക്കുകയുമായിരുന്നു സോണിയാ ഗാന്ധി. 1991-ൽ ശ്രീപെരുംമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോൾ, സോണിയയെ പലരും ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കണ്ടു. പാർട്ടിയെ നയിക്കാൻ കോൺഗ്രസ് നേതാക്കൾ ഗാന്ധിയെ ക്ഷണിച്ചെങ്കിലും അവർ നിരസിച്ചു.

ഒടുവില്‍, നിരന്തര നിര്‍ബന്ധങ്ങള്‍ക്കൊടുവില്‍ 1997 ല്‍ സോണിയ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. എന്നാല്‍, ഒരിക്കല്‍ പോലും സോണിയ സര്‍ക്കാറിന്‍റെ ഭാഗമായില്ല. 1998 ല്‍ ജിതേന്ദ്ര പ്രസാദയ്ക്ക് പകരം സോണിയാ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷയായി. 2004 ലെ വിജയത്തെത്തുടർന്ന് സോണിയാ ഗന്ധിക്ക് പാര്‍ട്ടി, പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അവര്‍ നിരസിച്ചു പകരം, ഭരണ സഖ്യത്തെയും ദേശീയ ഉപദേശക സമിതിയെയും നയിക്കാന്‍ സോണിയാ ഗാന്ധി തീരുമാനിച്ചു.

2017 ല്‍ ആരോഗ്യ കാരണങ്ങള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയുകയും പകരം മകന്‍ രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിക്കുകയും ചെയ്തു. 2019 ല്‍ രാഹുലിനെതിരെ പാര്‍ട്ടിക്ക് ഉള്ളില്‍ നിന്ന് തന്നെ വിമര്‍ശനങ്ങളുയര്‍ന്നപ്പോള്‍ അധ്യക്ഷസ്ഥാനം ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറായി. തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയാ ഗാന്ധി വീണ്ടുമെത്തി.

2021ലെത്തി നില്‍ക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യയന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നില ഏറെ പരുങ്ങലിലാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് വയ്ക്കാനൊരുങ്ങുന്ന മമതാ ബാനാര്‍ജി മറ്റ് പ്രാദേശിക പാര്‍ട്ടികളെ ഒന്നിച്ച് വിശാല ദേശീയ ഐക്യത്തിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കും കുറിക്കുമ്പോള്‍ അതില്‍ കോണ്‍ഗ്രസില്ലെന്നുള്ളതും ഏറെ ശ്രദ്ധേയം.

ഇന്ന് 75 -ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും ഇന്ത്യൻ സർക്കാരിൽ ഒരു പൊതു പദവിയും വഹിച്ചിട്ടില്ലെങ്കിലും, രാജ്യത്തെ ഏറ്റവും ശക്തരായ രാഷ്ട്രീയക്കാരിൽ ഒരാളായാണ് ഗാന്ധിയെ പരക്കെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ അവര്‍ ഇടംനേടുകയും ചെയ്തിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close